Connect with us

National

പ്രതിഷേധവുമായി കൂടുതല്‍ എഴുത്തുകാര്‍; അക്കാദമിയില്‍ നിന്ന് മാല്‍ഗാട്ടി രാജിവെച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്ത് തുടരുന്ന ഫാസിസ്റ്റ് നയങ്ങളില്‍ പ്രതിഷേധിച്ച് കൂടുതല്‍ എഴുത്തുകാര്‍ രംഗത്ത്. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ അനന്തരവളും എഴുത്തുകാരിയുമായ നയന്‍താര സെഗാള്‍ തുടങ്ങിവെച്ച പ്രതിഷേധത്തിന്റെ ഒടുവില്‍ കന്നഡ സാഹിത്യകാരന്‍ അരവിന്ദ് മാല്‍ഗാട്ടി സാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സിലില്‍ നിന്ന് രാജിവെച്ചു. ഇതിന് പുറമെ പഞ്ചാബില്‍ നിന്നുള്ള മൂന്ന് പ്രമുഖ എഴുത്തുകാര്‍ സാഹിത്യ അക്കാദമി പുരസ്‌കാരം തിരിച്ചേല്‍പ്പിക്കാനും തീരുമാനിച്ചു.
കന്നഡ സാഹിത്യകാരന്‍ എം എം കല്‍ബുര്‍ഗിയുടെ കൊലപാതകത്തില്‍ സാഹിത്യ അക്കാദമി മൗനം പാലിക്കുന്നതിലും രാജ്യത്ത് നിലനില്‍ക്കുന്ന വര്‍ഗീയന്തരീക്ഷത്തിലും പ്രതിഷേധിച്ചാണ് അരവിന്ദ് മല്‍ഗാട്ടിയുടെ രാജിയും പഞ്ചാബില്‍ നിന്നുള്ള എഴുത്തുകാരായ ഗുര്‍ബച്ചന്‍ ഭുള്ളര്‍, അജ്മീര്‍ സിംഗ് ഔലഖ്, അതാംജിത് സിംഗ് എന്നിവര്‍ സാഹിത്യ അക്കാദമി പുരസ്‌കാരം തിരികെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചതും. നയന്‍താര സെഗാളിനു പുറമെ കവി കെ സച്ചിദാനന്ദന്‍, നോവലിസ്റ്റും കഥാകൃത്തുമായ സാറാ ജോസഫ്, കഥാകൃത്ത് പി കെ പാറക്കടവ് എന്നിവര്‍ മലയാള സാഹിത്യ ലോകത്ത് നിന്ന് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സച്ചിദാനന്ദനും പി കെ പാറക്കടവും കേന്ദ്ര സാഹിത്യ അക്കാദമി അംഗത്വം രാജിവെച്ചപ്പോള്‍ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം സാറാ ജോസഫ് തിരിച്ചു നല്‍കുകയായിരുന്നു.
കല്‍ബുര്‍ഗിയുടെ കൊലപാതകത്തില്‍ സാഹിത്യ അക്കാദമി മൗനം പാലിക്കുന്നതില്‍ പ്രതിഷേധിച്ച് നോവലിസ്റ്റ് ശശി ദേശ്പാണ്ഡെ സാഹിത്യ അക്കാദമി കൗണ്‍സിലില്‍ നിന്ന് രാജിവെക്കുകയും കവി അശോക് വാജ്പയി പുരസ്‌കാരം തിരിച്ചേല്‍പ്പിക്കുകയും ചെയ്തിരുന്നു.
കല്‍ബുര്‍ഗി, ഗോവിന്ദ് പന്‍സാരെ എന്നിവരെ പോലുള്ളവരെ വധിക്കുന്നതും ദാദ്രിയില്‍ പശുവിറച്ചി വീട്ടില്‍ സൂക്ഷിച്ചെന്ന് ആരോപിച്ച് അഖ്‌ലാഖിനെ തല്ലിക്കൊന്നതും ഭരണഘടന അനുവദിച്ച അവകാശങ്ങള്‍ക്കു നേരെയുള്ള ആക്രമണമാണെന്ന് മല്‍ഗാട്ടി പറഞ്ഞു.
എഴുത്തുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് വിശദീകരണവുമായി സാഹിത്യ അക്കാദമി ചെയര്‍പേഴ്‌സണ്‍ വിശ്വനാഥ് പ്രസാദ് തിവാരി രംഗത്തെത്തിയിട്ടുണ്ട്. എഴുത്തുകാര്‍ക്ക് നേരെയുള്ള ആക്രമണം അപലപനീയമാണെന്നും അക്കാദമി അഭിപ്രായ സ്വാതന്ത്ര്യത്തിനൊപ്പമാണെന്നും തിവാരി പ്രസ്താവനയില്‍ അറിയിച്ചു.

Latest