സര്‍ക്കാര്‍ ടാറ്റക്ക് കുടപിടിക്കരുത്

Posted on: October 12, 2015 5:05 am | Last updated: October 11, 2015 at 9:07 pm
SHARE

moonnarകൊട്ടത്തൊപ്പി നാങ്കള്‍ക്ക്
കോട്ടും സൂട്ടും ഉങ്കള്‍ക്ക്
കാടിക്കഞ്ഞി നാങ്കള്‍ക്ക്
ചിക്കന്‍ ദോശ ഉങ്കള്‍ക്ക്
പൊട്ടാലയങ്ങള് നാങ്കള്‍ക്ക്
ഏ സി ബംഗ്ലാ ഉങ്കള്‍ക്ക്
കൊളുന്തു നുള്ളത് നാങ്കെ
കാശടിക്കത് നീങ്കെ . .
വര്‍ഷങ്ങള്‍ക്ക് മുമ്പ് നമ്മുടെ വയലേലകളില്‍ നിന്നുയര്‍ന്ന തിരിച്ചറിവിന്റെ ശബ്ദങ്ങളാണ് ഇന്ന് മൂന്നാറിലെ തേയിലത്തോട്ടങ്ങളില്‍ നിന്നും ഉയര്‍ന്നു കേള്‍ക്കുന്നത്. പട്ടിണിപ്പാവങ്ങളായ തൊഴിലാളി സ്ത്രീകള്‍ കൊളുന്തു നുള്ളുമ്പോള്‍ അതിന്റെ ‘കാശടിച്ചു’ വന്ന വിദേശിയെയും നാടനെയുമൊക്കെ ഇപ്പോള്‍ അവര്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. മഞ്ഞിലും മഴയിലും കൊടും തണുപ്പിലും പുലര്‍ച്ചെ മുതല്‍ കാലാവസ്ഥയോടും മൃഗങ്ങളോടും പാമ്പുകളോടും മല്ലടിച്ച്, അട്ടകടിയും വിഷകീടനശിനിയുടെ സ്‌പ്രേയും ശ്വസിച്ച് കൊളുന്തു നുള്ളി താഴെയെത്തുമ്പോള്‍ തയ്യാറായി നില്‍ക്കുന്നതോ കോട്ടും സൂട്ടുമിട്ട മുതലാളിയുടെ പിണിയാളുകള്‍. ഒരു ദിവസം മിനിമം 21 കിലോ കൊളുന്ത് നുള്ളണം. 232 രൂപ കൂലി. കൂടുതല്‍ നുള്ളുന്ന ഓരോ കിലോക്കുമോ 60 പൈസ മുതല്‍ രണ്ട് രൂപ വരെയും. 100 കിലോ നുള്ളിയാല്‍ കിട്ടുന്നത് 308 രൂപ. കൊളുന്തിന്റെ അളവ് കുറയ്ക്കാന്‍ സമര്‍ഥരായ സൂപ്പര്‍ വൈസര്‍മാരെയും കമ്പനി വച്ചിട്ടുണ്ട്. 75 കിലോ വരെ തൂക്കമുളള തേയിലക്കൂടകളും തോളിലിട്ട് കുത്തനെയുളള മലഞ്ചെരിവുകളിലൂടെ ഏന്തിവലിഞ്ഞ് നടക്കുന്നതിനിടയില്‍ താഴെവീണ് ജീവന്‍ നഷ്ടപ്പെടുന്നവരും ധാരാളം. അപകടവും ദുരിതവും നിറഞ്ഞ തൊഴില്‍ നല്‍കുന്ന രോഗങ്ങള്‍ വേറെ. ഭാരം തൂക്കി നടക്കുന്നതുമൂലമുണ്ടാകുന്ന നടുവേദനയും കഴുത്തുവേദനയും കൊണ്ടു കഷ്ടപ്പെടുന്നവര്‍, കീടനാശിനി സമ്പര്‍ക്കം മൂലം കാന്‍സര്‍ രോഗികളായവര്‍, ഗര്‍ഭപാത്ര രോഗങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്നവര്‍- ഇവര്‍ക്കൊന്നും ആവശ്യമായ ചികില്‍സാ സഹായങ്ങള്‍ കമ്പനി നല്‍കുന്നില്ല.
ടാറ്റ കമ്പനിയുടെ ആനുകൂല്യങ്ങളുടെ കണക്കുകളും വലിയ തമാശയാണ്. ചികില്‍സ, വിദ്യാഭ്യാസം, അരി, തേയില, വിറക്, വൈദ്യുതി ഒക്കെ സൗജന്യമാണെന്നു പ്രചരിപ്പിക്കുന്ന കമ്പനി പക്ഷേ, ഇതിന്റെയെല്ലാം കാശ് പിടിച്ചിട്ടേ കൊടുക്കൂ. മാസാമാസം കൈയില്‍ കിട്ടുന്നത് കഷ്ടിച്ച് 2000 രൂപ. ടൂറിസം വളര്‍ന്നു വികസിച്ച മൂന്നാറില്‍ സാധനങ്ങള്‍ക്ക് വിലയാണെങ്കില്‍ മൂന്നിരട്ടിയും. ഇവരെങ്ങനെ കുടുംബം മുന്നോട്ടു കൊണ്ടുപോകും? എങ്ങനെ ആഹാരം കഴിക്കും? എങ്ങനെ ചികില്‍സിക്കും? എങ്ങനെ കുട്ടികളെ പഠിപ്പിക്കും? കമ്പനിയുടെ ‘മാനേജ്‌മെന്റില്‍’ നടത്തുന്ന 40 തമിഴ് മീഡിയം എയ്ഡഡ് സ്‌കൂളുകളുണ്ട് മൂന്നാറില്‍. നാലാം ക്ലാസു വരെ മാത്രം തൊഴിലാളികളുടെ മക്കള്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ സൗജന്യ വിദ്യാഭ്യാസം! മികച്ച രീതിയില്‍ നടത്തുന്ന ടാറ്റയുടെ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ മാനേജര്‍മാരുടെയും ഓഫീസര്‍മാരുടെയും മക്കള്‍ക്കാണ് പ്രവേശം. ഈ സ്‌കൂളിന്റെ വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാന്‍ രത്തന്‍ ടാറ്റ വരുന്നതാകട്ടെ ഹെലികോപ്റ്ററില്‍. ‘തമിഴ് മീഡിയം നാങ്കള്‍ക്ക്, ഇംഗ്ലീഷ് മീഡിയം ഉങ്കള്‍ക്ക്’!! ഇത്തരം ഒരുപാടു വഞ്ചനയും കള്ളത്തരവും ചൂഷണവും മടുത്താണ് സ്ത്രീകള്‍ സമരരംഗത്തേക്ക് വന്നിരിക്കുന്നത്. ഇവര്‍ കൂലി കൂട്ടിച്ചോദിക്കുന്നത് പ്രായോഗികമല്ലെന്നു പറയുന്ന ഉമ്മന്‍ചാണ്ടിയും ഷിബു ബേബിജോണും ഒന്നു മനസ്സിലാക്കണം. തേയിലക്കാടുകളില്‍ ഈ സഹോദരിമാരുടെയും ഇവരുടെ മക്കളുടെയും ജീവിതവും ഇത്തരത്തില്‍ ‘പ്രായോഗികമല്ല’. അവര്‍ക്ക് അന്തസ്സായി ജോലി ചെയ്യാനും അന്തസ്സായി ജീവിക്കാനും അവരുടെ കുഞ്ഞുങ്ങള്‍ക്ക് മിടുക്കരായി പഠിച്ചു വളരാനും കഴിയണം.
തൊഴിലാളികള്‍ എങ്ങനെ ‘തൊഴിലാളിക്കമ്പനി’ക്കെതിരായി സമരരംഗത്തേക്ക് വന്നുവെന്നറിയുമ്പോഴേ ചൂഷണത്തിനു പുറമെ ‘തൊഴിലാളിക്കമ്പനി’ എന്ന പേരില്‍ ടാറ്റായും ശിങ്കിടികളും ചേര്‍ന്ന് നടത്തിയ വലിയൊരു കള്ളക്കളി വെളിച്ചത്തു വരികയുള്ളൂ. തൊഴിലാളികള്‍ക്ക് 60 ശതമാനം ഓഹരിയുണ്ടെന്ന് പറഞ്ഞ് 2005 ലാണ് ‘തൊഴിലാളിക്കമ്പനി’ നിലവില്‍ വന്നത്. ഇതില്‍ 40 ശതമാനം ഓഹരിയും ടാറ്റായുടെ ശിങ്കിടികളായ ഏതാനും മാനേജ്‌മെന്റ് ഉദ്യോഗസ്ഥരുടെ കൈയിലാണ്. അതും തൊഴിലാളി പരിവേഷത്തില്‍ കൊളുന്തു നുള്ളുന്നവരും ഫാക്ടറി തൊഴിലാളികളുമായ 95 ശതമാനം വരുന്ന തൊഴിലാളികളുടെ ഓഹരി കഷ്ടിച്ച് 20 ശതമാനം. ബാക്കി യഥാര്‍ഥ ടാറ്റയുടെ കൈയിലും. നുള്ളുന്ന കൊളുന്ത് ടാറ്റ നിശ്ചയിക്കുന്ന വിലക്ക് ടാറ്റക്ക.് കണ്ണന്‍ ദേവന്‍ ടീ എന്ന ബ്രാന്റും ടാറ്റാക്ക്. ‘കൊളുന്തു നുള്ളത് നാങ്കെ, കാശടിക്കത് നീങ്കെ’ എന്ന് ആ പട്ടിണിപ്പാവങ്ങള്‍ മുദ്രാവാക്യം വിളിക്കുന്നതിന്റെ അര്‍ഥം ടാറ്റായും ശിങ്കിടികളും മനസ്സിലാക്കണം. ഉമ്മന്‍ചാണ്ടിയും ഷിബുബേബിജോണും മനസ്സിലാക്കണം. കോട്ടും സൂട്ടുമിട്ട ബുദ്ധിയല്ല അത്. അധ്വാനിച്ച് കുടുംബം പോറ്റുന്ന പെണ്ണുങ്ങളുടെ കളങ്കമേശാത്ത മനസ്സിന്റെ തെളിഞ്ഞ ബുദ്ധിയാണത്. ടാറ്റായുടെ കുതന്ത്രങ്ങളോട് ഒട്ടിനിന്ന് ചൂഷണങ്ങള്‍ക്ക് കുടപിടിക്കാന്‍ തുനിഞ്ഞാല്‍ സര്‍ക്കാരിന് ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടിവരും.
വര്‍ഷങ്ങളായി ടാറ്റ മൂന്നാറില്‍ നടത്തിക്കൊണ്ടിരിക്കുന്ന ഭൂമി കൈയേറ്റവും അഴിമതിയും പ്രകൃതിയോടും മനുഷ്യരോടും കാട്ടിക്കൊണ്ടിരിക്കുന്ന ക്രൂരതയും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മാത്രമല്ല, പൊതുസമൂഹവും ജുഡീഷ്യറിയും തിരിച്ചറിയേണ്ട ഘട്ടം കൂടിയാണിത്. രാജ്യം കണ്ട ഏറ്റവും വലിയ ഭൂമി കുംഭകോണങ്ങളിലൊന്നാണ് ടാറ്റാ മൂന്നാറില്‍ നടത്തിയിരിക്കുന്നത്. ഉടമസ്ഥാവകാശം പോയിട്ട്, വെറും പാട്ടാവകാശം പോലുമില്ലാതെയാണ് ഒരുലക്ഷത്തോളം ഏക്കര്‍ സര്‍ക്കാര്‍ ഭൂമി ടാറ്റാ കൈവശം വെച്ചുകൊണ്ടിരിക്കുന്നതും കോടികള്‍ ലാഭമായി കടത്തിക്കൊണ്ടു പോകുന്നതും. ഇന്ത്യന്‍ ഭരണഘടന, ഫെറാ നിയമങ്ങള്‍, ഇന്ത്യന്‍ കമ്പനി നിയമം, സ്റ്റാമ്പ് ആക്ട്, ഭൂസംരക്ഷണ നിയമം, ഭൂപരിഷ്‌കരണ നിയമം, കെ ഡി എച്ച് നിയമം, വന സംരക്ഷണ നിയമം ഇവയെല്ലാം കാറ്റില്‍ പറത്തിയാണ് 1976 മുതല്‍ ടാറ്റാ മൂന്നാര്‍ ഭരിക്കുന്നത് എന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തന്നെ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടും ടാറ്റാ സര്‍ക്കാര്‍ ഭൂമിയില്‍ നിന്ന് ഇക്കാലമത്രയും കടത്തിക്കൊണ്ടുപോയ കോടികള്‍ തിരിച്ചു പിടിക്കുന്ന കാര്യത്തില്‍ ടാറ്റയോടുളള ‘ഭയ-ഭക്തി ബഹുമാനം’ മാറ്റിവെക്കാന്‍ ഉമ്മന്‍ ചാണ്ടിക്കെന്താണ് കഴിയാത്തത്?
എസ്റ്റേറ്റുകളിലെ ബംഗ്ലാവുകള്‍ വിനോദ സഞ്ചാര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ടാറ്റയുടെ തൊഴിലാളി കമ്പനി 2012ല്‍ ഹൈക്കോടതിയെ സമീപിച്ചു. ഈ ഹര്‍ജിയോടൊപ്പം ഉടമസ്ഥാവകാശമോ പാട്ടാവകാശമോ തെളിയിക്കുന്ന ആധാരം സമര്‍പ്പിക്കാന്‍ കൂട്ടാക്കിയില്ല. 2014ല്‍ ഭൂമിയിലുള്ള തങ്ങളുടെ കൈവശത്തിന് ഭംഗം വരുത്തരുതെന്നാവശ്യപ്പെട്ട് മറ്റൊരു കേസും ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തു. ഈ കേസിലും കമ്പനി ആധാരം സമര്‍പ്പിച്ചിട്ടില്ല.
കമ്പനിക്ക് ഭൂമിയിലുള്ള ഉടമസ്ഥാവകാശമോ പാട്ടാവകാശമോ തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ ഹാജരാക്കാന്‍ മൂന്നാറിലെയും ദേവികുളത്തെയും സബ്ഇന്‍സ്‌പെക്ടര്‍മാര്‍ കമ്പനിക്ക് അയച്ച നോട്ടീസിനെ ചോദ്യം ചെയ്താണ് ഇപ്പോള്‍ കോടതിയില്‍ പോയിരിക്കുന്നത്. ഭൂസംരക്ഷണ നിയമത്തിലെ ഏഴാം വകുപ്പ് പ്രകാരം വ്യാജ രേഖകളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഭൂമി കൈവശം വെക്കുന്നത് ശിക്ഷാര്‍ഹമായ ക്രിമിനല്‍ കുറ്റമാണ്. ഈ നിയമം തന്നെ ചോദ്യം ചെയ്തുകൊണ്ടാണ് ടാറ്റായുടെ ബിനാമി തൊഴിലാളി കമ്പനി കോടതിയില്‍ എത്തിയിരിക്കുന്നത്. പുറത്തു കാണിക്കത്തക്ക നിയമസാധുതയുള്ള ഒരു തുണ്ടു കടലാസ്സു പോലും കമ്പനിയുടെ കൈയിലില്ല എന്ന ഞെട്ടിക്കുന്ന സത്യമാണ് ഇതിലൂടെ പുറത്തു വരുന്നത്. ഇവരെ കഴുത്തിനു പിടിച്ച് ജയിലിലടക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് ധൈര്യമുണ്ടോ? 40 വര്‍ഷമായി ടാറ്റ ഇവിടെ നിന്നു മോഷ്ടിച്ച കോടികള്‍ എങ്ങോട്ടു കൊണ്ടുപോയി എന്ന് സി ബി ഐയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ സര്‍ക്കാരിന് കഴിയുമോ?
ടാറ്റായെ സംബന്ധിച്ച ഈവക യാഥാര്‍ഥ്യങ്ങള്‍ മറന്നു കൊണ്ടാണ് സര്‍ക്കാര്‍ തോട്ടം തെഴിലാളികളുടെ സമരത്തില്‍ ഇടപെടുന്നത്. കണ്ണന്‍ ദേവന്‍ കമ്പനി തൊഴിലാളികളായ സ്ത്രീകള്‍ ബോണസിനു വേണ്ടിയാണ് ആദ്യം സമരം ആരംഭിച്ചത്. മുഖ്യമന്ത്രിയും തൊഴില്‍ മന്ത്രിയും തൊഴിലാളി നേതാക്കളുമായി നടത്തിയ ചര്‍ച്ചകളില്‍ 20 ശതമാനം ബോണസ് പുനഃസ്ഥാപിക്കാമെന്ന് ധാരണയായെങ്കിലും മിനിമം ശമ്പളത്തിന്റെ കാര്യത്തില്‍ തൊഴിലാളികള്‍ക്കൊപ്പം നില്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ചര്‍ച്ചക്ക് മുമ്പു തന്നെ തൊഴിലാളികളുടെ ആവശ്യം അപ്രായോഗികമാണെന്ന നിലപാടാണ് മുഖ്യമന്ത്രിയും തൊഴില്‍മന്ത്രിയും പരസ്യമായി പ്രകടിപ്പിച്ചത്. ആയിരക്കണക്കിന് സ്ത്രീകളുടെ അധ്വാനത്തെ കോടികളാക്കി മാറ്റുന്ന കെ ഡി എച്ച് പി കമ്പനിക്കും അവരുടെ പിന്നിലുള്ള സാക്ഷാല്‍ ടാറ്റക്കും തൊഴിലാളികള്‍ ആവശ്യപ്പെടുന്ന 500 രൂപയോ അതില്‍ കൂടുതലോ കൊടുക്കാനുള്ള സാമ്പത്തിക ശേഷിയുണ്ട്.
സമാനമായ സാഹചര്യമാണ് ഹരിസണ്‍ കമ്പനിയിലും. ഇന്നിപ്പോള്‍ തോട്ടം മേഖലയിലെ മൂന്ന് ലക്ഷത്തോളം തൊഴിലാളികള്‍ 500 രൂപ മിനിമം വേതനം ആവശ്യപ്പെട്ട് സമരത്തിലാണ്. അവരുടെ ആവശ്യം ന്യായമാണ്. തോട്ടം മുതലാളിമാരുടെ ‘സങ്കടം’ തിരിച്ചറിഞ്ഞ സര്‍ക്കാര്‍ തോട്ടഭൂമിയുടെ 10 ശതമാനം ടൂറിസത്തിന് വിട്ടുകൊടുത്ത് അവരെ സഹായിച്ചു. സര്‍വകക്ഷിയോഗം എടുത്ത ചില തീരുമാനങ്ങളെപ്പോലും അട്ടിമറിച്ചാണ് സര്‍ക്കാര്‍ ഇത് ചെയ്തത്. ആ മനസ്സലിവ് എന്തുകൊണ്ടാണ് തൊഴിലാളികളുടെ കാര്യത്തില്‍ ഇല്ലാതെ പോയത്? സമരം ചെയ്യുന്ന തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍ നല്‍കണമെന്നും വിഷയം ചര്‍ച്ച ചെയ്യാന്‍ ഉടന്‍ നിയമസഭ വിളിച്ചുകൂട്ടണമെന്നും ഞാന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. റേഷന്‍ നല്‍കി തുടങ്ങിയെങ്കിലും നിയമസഭ വിളിച്ചുകൂട്ടുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഒളിച്ചു കളിക്കുകയാണ്. അത് അവസാനിപ്പിച്ച് എത്രയുംവേഗം സഭയില്‍ ഈ വിഷയം ചര്‍ച്ച ചെയ്യാനും തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കാനും സര്‍ക്കാര്‍ തയ്യാറാകണം.