Connect with us

Editorial

സുഗന്ധമില്ലാത്ത സമാധാന നൊബേല്‍

Published

|

Last Updated

സമാധാന നൊബേലുകള്‍ എക്കാലത്തും വിവാദപരമായിരുന്നു. കൃത്യമായ രാഷ്ട്രീയമുള്‍ക്കൊള്ളുന്ന പുരസ്‌കാര നിര്‍ണയങ്ങളാണ് മിക്കവാറും നടക്കാറുള്ളത്. ഒരു പുരസ്‌കാരത്തിന്റെ വലിപ്പവും പ്രാധാന്യവും സമ്മാനത്തുകയിലല്ല, അത് ആര്‍ക്കൊക്കെ ലഭിച്ചുവെന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്. ആര്‍ക്കൊക്കെ ലഭിച്ചില്ല എന്നതിനെയും. മഹാത്മാഗാന്ധിക്ക് ലഭിക്കാത്തതും മലാലക്ക് ലഭിച്ചതുമായ പുരസ്‌കാരമാണ് സമാധാന നൊബേല്‍. യാസര്‍ അറഫാത്തും ഇസ്‌റാഈല്‍ നേതാക്കളായ യിസ്താക്ക് റബീനും ശിമോണ്‍ പെരസും നൊബേല്‍ പങ്കിടുകയാണ് ചെയ്തത്. സമാധാന നൊബേല്‍ നല്‍കപ്പെടുമ്പോള്‍ ആ വ്യക്തി/ സംഘടന മാത്രമല്ല ചര്‍ച്ചകളുടെ കേന്ദ്ര സ്ഥാനത്ത് വരുന്നത്. അവരുള്‍പ്പെട്ട രാഷ്ട്രങ്ങള്‍, സമൂഹങ്ങള്‍, പ്രവര്‍ത്തന മണ്ഡലങ്ങള്‍ എല്ലാം സംവാദത്തിലേക്ക് കടന്നുവരും. മലാലക്ക് നൊബേല്‍ നല്‍കിയപ്പോള്‍ അത് പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന താലിബാന്‍ ക്രൂരതക്കെതിരായ ലോകത്തിന്റെ പ്രതികരണമായി ആഘോഷിക്കപ്പെട്ടു. എന്നാല്‍ അതോടൊപ്പം മലാലയുടെ വാസസ്ഥലമായ സ്വാത്തില്‍ അമേരിക്ക നടക്കുന്ന ഡ്രോണ്‍ ആക്രമണങ്ങളും ചര്‍ച്ചയിലേക്ക് വന്നു. ഈ ആക്രമണങ്ങള്‍ എന്തേ മലാലയെന്ന പെണ്‍കുട്ടി കാണാത്തതെന്നും ചോദ്യമുയര്‍ന്നു. ഇത്തവണത്തെ സമാധാന നൊബേലും ഇത്തരത്തിലുള്ള നിരവധി ചോദ്യങ്ങള്‍ മുന്നോട്ട് വെക്കുന്നു.
ഉത്തരാഫ്രിക്കന്‍ രാജ്യമായ ടുണീഷ്യയിലെ, മുല്ലപ്പൂ വിപ്ലവമെന്ന് വിശേഷിപ്പിക്കപ്പെട്ട ഭരണവിരുദ്ധ പ്രക്ഷോഭത്തിന് ശേഷം അവിടെ ജനാധിപത്യ പ്രക്രിയക്ക് നേതൃത്വം നല്‍കിയ നാഷനല്‍ ഡയലോഗ് ക്വാര്‍ട്ടറ്റ് എന്ന സംഘടനക്കാണ് നൊബേല്‍. ബഹുസ്വര ജനാധിപത്യം കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക സംഭാവന നല്‍കിയതിനാണ് പുരസ്‌കാരം. ഹ്യൂമന്‍ റൈറ്റ്‌സ് ലീഗ്, ജനറല്‍ ലേബര്‍ യൂനിയന്‍, ഓര്‍ഡര്‍ ഓഫ് ലോയേഴ്‌സ്, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്‍ഡസ്ട്രി ട്രേഡ് ആന്‍ഡ് ഹാന്‍ഡിക്രാഫ്റ്റ്‌സ് എന്നീ നാല് സംഘടനകളുടെ സഖ്യമാണ് 2013ല്‍ രൂപവത്കരിച്ച നാഷനല്‍ ഡയലോഗ് ക്വാര്‍ട്ടറ്റ്. സൈനുല്‍ ആബിദീന്‍ ബിന്‍ അലിയുടെ രണ്ട് പതിറ്റാണ്ട് പിന്നിട്ട ഭരണത്തിന് അറുതിവരുത്താന്‍ പ്രക്ഷോഭത്തിന് സാധിച്ചു. എന്നാല്‍ ബിന്‍ അലിയുടെ പതനം സൃഷ്ടിച്ച അധികാര ശൂന്യത നികത്താന്‍ വിപ്ലവഗ്രൂപ്പുകള്‍ക്ക് സാധിച്ചില്ല. ഇവ തെരുവില്‍ പോരടിച്ചു. ശുക്‌രി ബലൈദ് പോലുള്ള ജനാധിപത്യവാദികള്‍ കൊല്ലപ്പെട്ടു. ആഭ്യന്തര സംഘര്‍ഷത്തിലേക്ക് നീങ്ങുകയായിരുന്ന ടുണീഷ്യയെ വിശാല സഖ്യത്തിന് കീഴിലേക്ക് നയിക്കുന്നതില്‍ ക്വാര്‍ട്ടറ്റ് വഹിച്ച പങ്ക് നിര്‍ണായകം തന്നെയായിരുന്നു. വിരുദ്ധ ധ്രുവങ്ങളിലുള്ള സംഘടനകളെ ഒന്നിപ്പിച്ച് ഇടക്കാല സര്‍ക്കാര്‍ ഉണ്ടാക്കാന്‍ പൗരസമൂഹ സംഘത്തിന് സാധിച്ചു. ആ സര്‍ക്കാറിന്റെ നേതൃസ്ഥാനത്ത് അന്നഹ്ദയെന്ന ഇസ്‌ലാമിസ്റ്റ് സംഘടനയായിരുന്നു.
ആ സര്‍ക്കാര്‍ ജനങ്ങളുടെ പ്രതീക്ഷയെ ഒരു നിലക്കും ഉയര്‍ത്തിപ്പിടിച്ചില്ല. തൊഴിലില്ലായ്മ, സാമ്പത്തിക അസമത്വം, പാശ്ചാത്യവത്കരണം, നവഉദാര സാമ്പത്തിക നയം തുടങ്ങിയവക്കെതിരായിരുന്നു വിപ്ലവം. എന്നാല്‍ അന്നഹ്ദയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഈ പ്രശ്‌നങ്ങള്‍ക്കൊന്നിനും പരിഹാരം കണ്ടില്ല. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം നടന്ന തിരഞ്ഞെടുപ്പില്‍ അന്നഹ്ദയെ ജനം തോല്‍പ്പിച്ചു. നിദാ ടുണിസ് എന്ന പാര്‍ട്ടിയാണ് ജയിച്ചത്. ബിന്‍ അലിയുടെ വിശ്വസ്തനായ സെയ്ദ് അസ്സബ്‌സിയാണ് പ്രസിഡന്റ്. നയങ്ങള്‍ക്ക് ബിന്‍ അലിയില്‍ നിന്ന് ഒരു മാറ്റവുമില്ല. ടുണീഷ്യ ഇന്ന് കൂടുതല്‍ അശാന്തവും അരക്ഷിതവുമാണ്. എല്ലാ തീവ്രവാദ ഗ്രൂപ്പുകളും ശക്തിയാര്‍ജിക്കുന്നു. ക്വാര്‍ട്ടറ്റിന്റെ ജനാധിപത്യ ജാഗ്രത ഫലം കണ്ടില്ലെന്ന് ചുരുക്കം.
ഇനി മുല്ലപ്പൂ മണം പടര്‍ന്ന് അറബ് വസന്തം വന്നുവെന്ന് പറയുന്ന മറ്റിടങ്ങളിലെ സ്ഥിതിയോ? സിറിയ എന്ന രാജ്യമേ ഇന്നില്ല. സര്‍ക്കാറും വിമതരും ഇസിലും അമേരിക്കയും റഷ്യയും പങ്കിട്ടെടുത്തിരിക്കുന്നു ആ രാജ്യത്തെ. ലിബിയയില്‍ പരസ്പരം പോരടിക്കുന്ന രണ്ട് സര്‍ക്കാറാണ്. യമന്‍ ശിഥിലമാണ്. ഈജിപ്തില്‍ ഹുസ്‌നി മുബാറക്കിന്റെ ഭരണത്തിന് അറുതി വരുത്താന്‍ തഹ്‌രീര്‍ പ്രക്ഷോഭത്തിന് സാധിച്ചു. തുടര്‍ന്ന് അധികാരം സിദ്ധിച്ചത് ബ്രദര്‍ഹുഡിന്റെ രാഷ്ട്രീയ രൂപമായ ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടിക്കായിരുന്നു. മുഹമ്മദ് മുര്‍സി പ്രസിഡന്റായി. വിപ്ലവ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ശ്രമിക്കുന്നതിന് പകരം ഭരണകൂടത്തെ ഇഖ്‌വാന്‍വത്കരിക്കുന്നതിലായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ. ഒടുവില്‍ ജനം അദ്ദേഹത്തെ വലിച്ച് താഴെയിട്ടു. ഹുസ്‌നി മുബാറക്കിന്റെ കീഴില്‍ സൈനിക മേധാവിയായിരുന്ന അബ്ദുല്‍ ഫത്താഹ് അല്‍ സീസിയാണ് പ്രസിഡന്റ്. തഹ്‌രീര്‍ ആര്‍ത്തിരമ്പിയത് എന്തിനൊക്കെ എതിരെയായിരുന്നോ അതെല്ലാം ഇന്ന് ഈജിപ്തില്‍ തിരിച്ചുവന്നിരിക്കുന്നു. മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളെ അസ്ഥിരമാക്കിയ ജനാധിപത്യ പരീക്ഷണങ്ങളാണ് ക്വാര്‍ട്ടറ്റിനൊപ്പം അംഗീകൃതമാകുന്നത്. മുല്ലപ്പൂവിന് സുഗന്ധമില്ലായിരുന്നുവെന്ന് കൂടുതല്‍ കൂടുതല്‍ വ്യക്തമാകുമ്പോള്‍ തന്നെയാണല്ലോ അത് വേണ്ടത്!

Latest