Connect with us

International

ഖഡ്ഗ പ്രസാദ് ശര്‍മ ഒലി നേപ്പാള്‍ പ്രധാനമന്ത്രി

Published

|

Last Updated

കാഠ്മണ്ഡു: നേപ്പാളിന്റെ പുതിയ പ്രധാനമന്ത്രിയായി ഖഡ്ഗ പ്രസാദ് ശര്‍മ ഒലിയെ പാര്‍ലിമെന്റ് തിരഞ്ഞെടുത്തു. രാജ്യത്തെ രണ്ടാമത്തെ വലിയ പാര്‍ട്ടിയായ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാളിന്റെ അംഗമാണ് ഒലി. കഴിഞ്ഞ മാസം 20 ന് അംഗീകരിച്ച പുതിയ ഭരണഘടനക്കായി നിലവിലെ പ്രധാനമന്ത്രി സുശീല്‍ കൊയ്‌രാള സ്ഥാനം രാജിവെക്കുകയായിരുന്നു. അധികാരമേറ്റ ഒലിക്ക് മുന്നില്‍ നിരവധി വെല്ലുവിളികളാണുള്ളത്. ഭൂകമ്പം നാശം വിതച്ച മേഖലകള്‍ പുനര്‍നിര്‍മിക്കുക, ഇന്ത്യയുമായി സംഘര്‍ഷത്തിനിടയാക്കുന്ന തെരുവിലെ പ്രതിഷേധത്തിന് അറുതിവരുത്തുക എന്നിവ ഇതില്‍ ചിലതാണ്. പുതിയ ഭരണഘടനയുടെ പേരില്‍ തെക്കന്‍ നേപ്പാളില്‍ നടക്കുന്ന പ്രക്ഷോഭത്തിന് പരിഹാരമുണ്ടാക്കുകയെന്ന ഉദ്യമത്തിനായിരിക്കും പുതിയ പ്രധാനമന്ത്രി പ്രഥമ പരിഗണന കൊടുക്കുക.
രാഷ്ട്രീയ അസ്ഥിരതയും ആഭ്യന്തര യുദ്ധവും അവസാനിപ്പിച്ച് രാജ്യത്തെ ജനാധിപത്യ വഴിയിലേക്ക് കൊണ്ടുവരുന്നതിനാണ് പുതിയ ഭരണഘടനക്ക് രൂപം നല്‍കിയത്. 1970ല്‍ നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗത്വമെടുത്ത ഒലി കമ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ രാജ ഭരണകൂടം വേട്ടയാരംഭിച്ചതോടെ ഒളിവില്‍ പോകുകയായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ പേരില്‍ ഇദ്ദേഹം 14 വര്‍ഷക്കാലം ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. 1991, 1999, 2008, 2013 വര്‍ഷങ്ങളില്‍ പാര്‍ലമെന്റിലേക്ക് മത്സരിച്ച് ജയിച്ചിട്ടുണ്ട്.