Connect with us

International

തുര്‍ക്കിയില്‍ ആയിരങ്ങള്‍ അണിനിരന്ന പ്രതിഷേധ റാലി

Published

|

Last Updated

അങ്കാറ: തുര്‍ക്കി തലസ്ഥാനത്ത് 95 പേര്‍ കൊല്ലപ്പെട്ട ഇരട്ടസ്‌ഫോടനത്തില്‍ പ്രതിഷേധിച്ച് ആയിരക്കണക്കിന് പേര്‍ അണിനിരന്ന പ്രതിഷേധ റാലി. റാലിയോടനുബന്ധിച്ച് ഇവിടെ കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. മധ്യ അങ്കാറയില്‍ ശനിയാഴ്ച സ്‌ഫോടനം നടന്ന നഗരത്തിലെ ട്രെയിന്‍ സ്റ്റേഷനു പുറത്തുള്ള സ്ഥലത്തിന് അടുത്ത സിഹിയി ചത്വരം ഇന്നലെ പ്രതിഷേധക്കാരെക്കൊണ്ട് നിറഞ്ഞു. പ്രതിഷേധക്കാരില്‍ ചിലര്‍ സര്‍ക്കാറിനെതിരെ മുദ്രാവാക്യം മുഴക്കി.
തൊഴില്‍ സംഘടനകള്‍, ഇടതുപക്ഷ സംഘടനകള്‍, എന്‍ ജി ഒകള്‍, പീപ്പിള്‍സ് ഡമോക്രാറ്റിക് പാര്‍ട്ടി (എച്ച് ഡി പി) എന്നിവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. എച്ച് ഡി പി നടത്തിയ സമാധാന റാലിക്കിടെയാണ് സ്‌ഫോടനമുണ്ടായതും 95 ഓളം പേര്‍ കൊല്ലപ്പെട്ടതും. സ്‌ഫോടനത്തിന് പിന്നില്‍ ഇസില്‍ തീവ്രവാദി സംഘടനയാണെന്നാണ് പ്രാഥമിക സൂചനയെന്ന് രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. എന്നാല്‍ റാലിയില്‍ പങ്കെടുത്ത നിരവധി പ്രതിഷേധക്കാര്‍ സ്‌ഫോടനത്തിന് പിന്നില്‍ പ്രസിഡന്റ് ത്വയ്യിബ് ഉര്‍ദുഗാനാണെന്ന് കുറ്റപ്പെടുത്തി ഇദ്ദേഹത്തിനെതിരെ മുദ്രാവാക്യം വിളിച്ചു. എന്നാല്‍ ആരോപണത്തെ പരിഹാസത്തോടെ കണ്ട ഉര്‍ദുഗാന്‍ ഹീനമായ ആക്രമണം രാജ്യത്തിന്റെ ഐക്യവും സമാധാനവും തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന് പറഞ്ഞു.
അതേസമയം മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച പ്രധാനമന്ത്രി അഹ്മദ് ദവൂദോഗ്‌ലി ആക്രമണം നടത്തിയത് രണ്ട് ചാവേറുകളാണെന്നതിന് ശക്തമായ തെളിവുണ്ടെന്ന് പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും ഇസില്‍, പി കെ കെ, ഡി എച്ച് കെ പി-സി എന്നീ സംഘടനകളെ സംശയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍, അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ, റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍ എന്നിവര്‍ അനുശോചിച്ചു. സമാധാന റാലിയില്‍ പങ്കെടുത്തുകൊണ്ടിരുന്ന പ്രവര്‍ത്തകര്‍ കൈകോര്‍ത്ത് നൃത്തം ചെയ്യുന്നതിന്റെയും സ്‌ഫോടനത്തെത്തുടര്‍ന്ന് വീഴുന്നതിന്റെയും ദൃശ്യങ്ങള്‍ പ്രാദേശിക ടെലിവിഷന്‍ ചാനലായ എന്‍ ടി വി പുറത്ത് വിട്ടു.

Latest