നാളികേരോത്പന്നങ്ങള്‍ക്ക് തിരിച്ചടി; റബ്ബര്‍ വിപണി തളര്‍ച്ചയില്‍

Posted on: October 11, 2015 10:41 pm | Last updated: October 11, 2015 at 10:41 pm
SHARE

marketകൊച്ചി: പുതിയ തെക്കന്‍ കുരുമുളക് അടുത്ത മാസം വില്‍പ്പനക്ക് സജ്ജമാക്കും. ആഭ്യന്തര- വിദേശ ഓര്‍ഡറുകള്‍ മുന്നില്‍ കണ്ട് ഇടപാടുകാര്‍ വാരാന്ത്യം കുരുമുളക് വില ഉയര്‍ത്തി. ടയര്‍ നിര്‍മാതാക്കള്‍ നിരക്ക് ഉയര്‍ത്തി ഷീറ്റ് സംഭരിച്ചു, രാജ്യാന്തര റബ്ബര്‍ വിപണി തളര്‍ച്ചയില്‍. ചുക്ക് വില വീണ്ടും കുറഞ്ഞു. നാളികേരോത്പന്നങ്ങള്‍ക്കും തിരിച്ചടി നേരിട്ടു. സംസ്ഥാനത്ത് സ്വര്‍ണ വില കയറി ഇറങ്ങി.
കാലാവസ്ഥ വ്യതിയാനങ്ങള്‍ വിലയിരുത്തിയാല്‍ നവംബര്‍- ഡിസംബര്‍ കാലയളവില്‍ തിരുവനന്തപുരം , കൊല്ലം, പത്തനംതിട്ട തുടങ്ങിയ ഭാഗങ്ങളില്‍ നിന്നുള്ള മൂപ്പ് കുറഞ്ഞ പുതിയ തെക്കന്‍ കുരുമുളക് വില്‍പ്പനക്ക് സജ്ജമാക്കും. ഓലിയോറസിന്‍ നിര്‍മാതാക്കളാണ് മൂുപ്പ് കുറഞ്ഞ കുരുമുളക് ശേഖരിക്കുക.
ആഭ്യന്തര വിദേശ ഓര്‍ഡറുകള്‍ മുന്‍ നിര്‍ത്തി കയറ്റുമതിക്കാര്‍ കുരുമുളക് സംഭരിച്ചു. അന്താരാഷ്ട്ര വിപണിയില്‍ ഇന്ത്യന്‍ കുരുമുളകിന് കാര്യമായ ഓര്‍ഡറുകളില്ല. ന്യൂയോര്‍ക്ക് കയറ്റുമതിക്ക് 10,900 ഡോളറാണ് ഇന്ത്യന്‍ വില. ഈ നിരക്കിനെക്കാള്‍ 400 ഡോളര്‍ വരെ ടണ്ണിന് താഴ്ത്തി ഇതര ഉത്പാദന രാജ്യങ്ങള്‍ ഓഫര്‍ ഇറക്കുന്നുണ്ട്. കൊച്ചിയില്‍ കുരുമുളക് ഗാര്‍ബിള്‍ഡ് 66,300 രൂപയിലാണ്. ഇടുക്കി, വയനാട് ജില്ലകളില്‍ നിന്നുള്ള ചരക്ക് വരവ് നാമമാത്രമാണ്. ടെര്‍മിനല്‍ മാര്‍ക്കറ്റില്‍ നിത്യേന വരവ് പത്ത് ടണ്ണില്‍ താഴെ മാത്രമാണ്. ഓഫ് സീസനായതിനാല്‍ നിരക്ക് ഉയരുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.
ആഗോള തലത്തില്‍ റബ്ബര്‍ ഉത്പാദനം ചുരുങ്ങിയ വിവരം റബ്ബര്‍ സംഭരിക്കാന്‍ വ്യവസായികളെ പ്രേരിപ്പിച്ചു. തായ്‌ലന്‍ഡിലും ഇന്ത്യയിലും ഉത്പാദനം കുറഞ്ഞതായാണ് വിലയിരുത്തല്‍. നിക്ഷേപകര്‍ ടോക്കോം എക്‌സ്‌ചേഞ്ചില്‍ താല്‍പര്യം കാണിച്ചാല്‍ രാജ്യാന്തര തലത്തില്‍ റബ്ബര്‍ വില വരും മാസങ്ങളില്‍ ഉയരാം. സംസ്ഥാനത്ത് റബ്ബര്‍ ടാപ്പിംഗ് സീസനാണ്. എന്നാല്‍ വില ഇടിവ് മൂലം സെപ്തംബറില്‍ കര്‍ഷകര്‍ ടാപ്പിംഗിന് താല്‍പര്യം കാണിച്ചില്ല. ആര്‍ എസ് എസ് നാലാം ഗ്രേഡ് 11,400 ലും അഞ്ചാം ഗ്രേഡ് 11,300 ലുമാണ്.
ചുക്കിന്റെ വില തകര്‍ച്ച തുടരുന്നു. ആഭ്യന്തര വിദേശ ആവശ്യം കുറഞ്ഞത് തിരിച്ചടിയായി. ഉത്പാദന മേഖലകളില്‍ നിന്നുള്ള ചുക്ക് വരവ് കുറവാണ്. ശൈത്യകാലത്തിന് തുടക്കം കുറിച്ചാല്‍ ഉത്തരേന്ത്യയില്‍ നിന്ന് ആവശ്യക്കാര്‍ എത്താം. വിവിധയിനം ചുക്ക് 18,500-20,000 രൂപയിലാണ്.
വെളിച്ചെണ്ണക്ക് പ്രദേശിക വിപണികളില്‍ മാസാരംഭ ഡിമാന്‍ഡ് പ്രതീക്ഷിച്ച തോതില്‍ ഉയര്‍ന്നില്ല. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് വന്‍തോതില്‍ എണ്ണ എത്തുന്നുണ്ട്. എണ്ണ വാരാന്ത്യം 10,800 ലാണ്. കൊപ്ര 3455 രൂപയില്‍ നിന്ന് 3290 രൂപയായി.
കേരളത്തില്‍ സ്വര്‍ണ വില പവന് 19,760 രൂപയില്‍ നിന്ന് 19,920 ലേക്ക് ഉയര്‍ന്ന ശേഷം ശനിയാഴ്ച്ച 19,840 ലാണ്. ലണ്ടനില്‍ സ്വര്‍ണം ഔണ്‍സിന് 1139 ഡോളറില്‍ നിന്ന് 1160 ഡോളറായി.