തദ്ദേശ തിരഞ്ഞെടുപ്പ്: പ്രവാസികളിലും ചര്‍ച്ച സജീവം

Posted on: October 11, 2015 5:05 pm | Last updated: October 11, 2015 at 5:05 pm
SHARE

election fbഷാര്‍ജ: ആസന്നമായ തദ്ദേശ തിരഞ്ഞെടുപ്പ് ചര്‍ച്ച നാടിനൊപ്പം പ്രവാസലോകത്തും മുറുകി. പ്രവാസി മലയാളികള്‍ക്കിടയിലെ പ്രധാന ചര്‍ച്ചയിപ്പോള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പാണ്.
മലയാളികള്‍ ഒത്തുകൂടുന്നിടത്തെല്ലാം മുഖ്യചര്‍ച്ച തിരഞ്ഞെടുപ്പ് തന്നെ. തിരഞ്ഞെടുപ്പ് അടുക്കുന്തോറും പ്രവാസികളില്‍ ആവേശവും ഏറുന്നു. ഭക്ഷണശാലകള്‍, വ്യാപാര സ്ഥാപനങ്ങള്‍, പ്രവാസി സംഘടനാ ആസ്ഥാനങ്ങള്‍, മറ്റു തൊഴിലിടങ്ങളിലെല്ലാം ചര്‍ച്ചകള്‍ സജീവം. സ്ഥാനാര്‍ഥികള്‍, മുന്നണി ബന്ധങ്ങള്‍, പുതിയ മുന്നണികളുടെ രൂപവത്കരണങ്ങള്‍ എന്നിവയെല്ലാം ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. തങ്ങള്‍ താമസിക്കുന്ന വാര്‍ഡുകളിലെ സ്ഥാനാര്‍ഥികള്‍ ആരൊക്കെയാണെന്നറിയാനാണ് അധികപേര്‍ക്കും ജിജ്ഞാസ. ഇതറിയാനായി പലരും നാടുമായും നാട്ടിലെ രാഷ്ട്രീയ നേതൃത്വവുമായും നിരന്തരമായി ബന്ധപ്പെടുന്നു.
അടുത്ത മാസം രണ്ടിനും ഏഴിനുമായി രണ്ട് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി ഈ മാസം 14 ആണ്. ഇനി നാല് ദിനം മാത്രം അവശേഷിക്കുന്നു. സ്ഥാനാര്‍ഥി നിര്‍ണയം പോലും കേരളത്തില്‍ പലയിടത്തും പൂര്‍ത്തിയായിട്ടില്ല. വിവിധ പാര്‍ട്ടികളാവട്ടെ അവസാനവട്ട സ്ഥാനാര്‍ഥി ചര്‍ച്ചയിലുമാണ്.
ഈ സാഹചര്യത്തില്‍ സ്ഥാനാര്‍ഥികള്‍ ആരാണെന്നറിയാന്‍ സാധിക്കാത്ത സ്ഥിതിയാണ്. ഇതാകട്ടെ പലരിലും നിരാശ സൃഷ്ടിക്കുന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാട്ടിലെ ഓരോ വിവരങ്ങളും അറിയാന്‍ പ്രവാസികള്‍ അച്ചടി-ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളെയാണ് മുഖ്യമായും ആശ്രയിക്കുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയാത്തത് പല പ്രവാസികളെയും നിരാശരാക്കുന്നു. പുതുതായി രൂപം കൊള്ളാന്‍ പോവുന്ന മൂന്നാം മുന്നണിയേയും പ്രവാസികള്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നുണ്ട്. ഈ മുന്നണിക്ക് അനുകൂലമായും പ്രതികൂലമായും പ്രതികരണമുയരുന്നു.
നാട്ടിലുണ്ടായിരുന്നപ്പോള്‍ പലരും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു. അത്തരക്കാര്‍ക്കാണ് ഓരോ തിരഞ്ഞെടുപ്പും കൂടുതല്‍ ആവേശം പകരുന്നത്. അതേസമയം ഇതിലൊന്നും താത്പര്യമില്ലാതെ ജോലിയും മറ്റുമായി കഴിയുന്നവരും ഏറെയുണ്ട്. പലരും തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെടാന്‍ നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ്.
അതേ സമയം പ്രവാസികള്‍ക്കനുകൂലമായ വാഗ്ദാനങ്ങളൊന്നും ഇതിനകം പുറത്തുവന്ന പ്രകടനപത്രികകളിലില്ലാത്തത് നിരാശയിലാക്കിയിട്ടുണ്ട്. ജോലി നഷ്ടപെട്ടും മറ്റും നാട്ടിലേക്ക് തിരിച്ചുപോകുന്ന പ്രവാസികളെ പുനരധിവസിപ്പിക്കുന്നതടക്കമുള്ള നടപടികളെക്കുറിച്ച് പ്രകടന പത്രികകളില്‍ ഒന്നുമില്ല. പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് അതാത് സ്ഥലങ്ങളില്‍ താമസിക്കുന്ന പ്രവാസികളെ പുനരധിവസിപ്പിക്കാനുള്ള നടപടികള്‍ പ്രകടന പത്രികകളിലുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. അതിനിടെ സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് അഭ്യര്‍ഥിച്ചുകൊണ്ട് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ തിരഞ്ഞെടുപ്പിലെ പ്രധാന പ്രചരണ മാധ്യമങ്ങളിലൊന്ന് സാമൂഹികമാധ്യമങ്ങളായിരിക്കുമെന്നുറപ്പായിട്ടുണ്ട്.