Connect with us

Gulf

ശൈഖ് സഊദ് രക്തസാക്ഷി കുടുംബങ്ങളെ സന്ദര്‍ശിച്ചു

Published

|

Last Updated

റാസല്‍ ഖൈമ: സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ ഖൈമ ഭരണാധികാരിയുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമി രാജ്യത്തിനായി രക്തസാക്ഷിത്വം വരിച്ചവരുടെ കുടുംബങ്ങളെ സന്ദര്‍ശിച്ചു.
അല്‍ ഐനിലെ രക്തസാക്ഷി അലി ഖമീസ് ബിന്‍ ഐദ് അല്‍ കത്ബിയുടെയും അബുദാബിയിലെ അല്‍ ശംഖയിലെ മുഹമ്മദ് ഖല്‍ഫാന്‍ അബ്ദുല്ല അല്‍ സിയാസിയുടെയും അബുദാബി അല്‍ മര്‍ഫ സിറ്റിയിലെ അഹ്മദ് ഖമീസ് മുല്ലാഹ് അല്‍ ഹമ്മാദിയുടെയും വീടുകളിലാണ് ശൈഖ് സഊദ് സന്ദര്‍ശനം നടത്തിയത്. രക്തസാക്ഷികളായ സൈനികരുടെ ആത്മശാന്തിക്കായി ശൈഖ് സഊദ് പ്രാര്‍ഥിക്കുകയും ചെയ്തു.
സുപ്രീം കൗണ്‍സില്‍ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ശര്‍ഖിയും രക്തസാക്ഷികളുടെ വീടുകള്‍ സന്ദര്‍ശിച്ചു. രാജ്യത്തിനായി യമനില്‍ രക്തസാക്ഷിത്വം വരിച്ച സൈനികന്‍ യൂസുഫ് സാലിം അല്‍ കഅബിയുടെ വീടാണ് ശൈഖ് ഹമദ് സന്ദര്‍ശിച്ചത്. ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ മുഹമ്മദ് അല്‍ ശര്‍ഖിയും ഒപ്പമുണ്ടായിരുന്നു. ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ലഫ്. ജനറല്‍ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ ഉപദേശകന്‍ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ ഖലീഫ അല്‍ നഹ്‌യാന്‍ തുടങ്ങിയവരും അല്‍ കഅബിയുടെ കുടുംബത്തെ സന്ദര്‍ശിച്ചു അനുശോചനം അറിയിച്ചു.
സഊദി അറേബ്യയുടെ നേതൃത്വത്തില്‍ ഹൂത്തി വിമതര്‍ക്കെതിരായി യമനില്‍ നടക്കുന്ന ഓപ്പറേഷന്‍ റെസ്റ്റോറിംഗ് ഹോപ്പിലാണ് യു എ ഇ സൈനികര്‍ കൊല്ലപ്പെട്ടത്.