സ്വാമി ശാശ്വതീകാനന്ദയുടേത് കൊലപാതകമെന്ന് ശിവഗിരി മഠാധിപതി

Posted on: October 11, 2015 10:48 am | Last updated: October 12, 2015 at 11:39 am
SHARE

sivagiriതിരുവനന്തപുരം: ശിവഗിരിമഠം മുന്‍ മഠാധിപതി ശാശ്വതീകാനന്ദയുടെ മരണത്തെച്ചൊല്ലി വിവാദം പുകയുന്നു. സ്വാമിയുടേത് കൊലപാതകമാണെന്ന് ശിവഗിരി ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ അഭിപ്രായപ്പെട്ടു. മരണവുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളിയും തുഷാറും നുണപരിശോധനക്ക് വിധേയരാകണമെന്ന ആവശ്യവുമായി സ്വാമിയുടെ സഹോദരിയും രംഗത്തെത്തി.
നുണപരിശോധന വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്ന് സ്വാമിയുടെ സഹോദരി ശാന്തകുമാരി പറഞ്ഞു. ശാശ്വതീകാനന്ദയോട് വെള്ളാപ്പള്ളിക്ക് വിരോധമുണ്ടായിരുന്നു. വെള്ളാപ്പള്ളിയെ യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റാന്‍ സ്വാമി ആലോചിച്ചിരുന്നു. യോഗത്തിന്റെ സാമ്പത്തിക കണക്കുകള്‍ സ്വാമി അന്വേഷിക്കുകയും ചെയ്തിരുന്നുവെന്നും അവര്‍ പറഞ്ഞു.
നേരത്തെ നടന്ന അന്വേഷണത്തില്‍ സ്വാമിയുടെ സഹായിയായിരുന്ന സാബുവിനെ നുണപരിശോധനക്ക് വിധേയനാക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചിരുന്നു. എന്നാല്‍, സാബു സുപ്രീം കോടതിയില്‍ പോയി അത് തടഞ്ഞു. സ്വാമി എവിടെ പോയാലും ഒപ്പമുണ്ടായിരുന്ന ആളായിരുന്നു സാബു. സാബുവിനെ നുണപരിശോധനക്ക് വിധേയനാക്കിയാല്‍ മാത്രമേ ഈ കേസില്‍ എന്തെങ്കിലും തുമ്പുണ്ടാകൂ. കൊലപാതകിയെന്ന് പറയപ്പെടുന്ന പ്രിയന്‍, സ്വാമി മരിച്ച ദിവസം ആലുവ അദൈ്വതാശ്രമത്തില്‍ എത്തിയിരുന്നു. പ്രിയന്‍ എത്തിയത് പ്രവീണ്‍ എന്നയാളുടെ കാറിലായിരുന്നു. ഇക്കാര്യം തന്നോട് പറഞ്ഞത് പ്രവീണിന്റെ പിതാവാണ്. അന്വേഷണം വേണമെന്ന് വെള്ളാപ്പള്ളി പറയുന്നത് കേസ് അട്ടിമറിക്കാനാണെന്നും ശാന്തകുമാരി പറഞ്ഞു.
അതേസമയം, ശാശ്വതീകാനന്ദയുടെ മരണം കൊലപാതകം തന്നെയാണെന്ന് ശിവഗിരി ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ അഭിപ്രായപ്പെട്ടു. മൃതദേഹം കണ്ടപ്പോള്‍തന്നെ സ്വാഭാവിക മരണമല്ലെന്ന് മനസ്സിലായെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. അസ്വാഭാവിക മരണമെന്ന് തോന്നുന്നതിനാല്‍ മരണത്തെക്കുറിച്ചു പുനരന്വേഷണം ആവശ്യപ്പെടുന്നുണ്ടെന്ന് പ്രകാശാനന്ദ വ്യക്തമാക്കി. ശാശ്വതീകാനന്ദ മുങ്ങിമരിച്ച കടവിനോട് ചേര്‍ന്ന കല്‍ക്കെട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.