Connect with us

Articles

സ്വയം നിര്‍മിക്കുന്ന ഗുണങ്ങള്‍; വളര്‍ച്ചയുടെ പടവുകള്‍

Published

|

Last Updated

രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ചെറുപ്പത്തില്‍ ഗാന്ധിജിയുടെ അമ്മ ഗാന്ധിജിക്ക് ഹരിശ്ചന്ദ്രന്റെ കഥകള്‍ പറഞ്ഞുകൊടുക്കുമായിരുന്നു. ഗാന്ധിജി ബാല്യത്തില്‍ കേട്ട ഗുണപാഠ കഥകളില്‍ നിന്നാണ് സത്യം വദ:, ധര്‍മ്മം ചരഃ എന്ന രണ്ട് ഗുണം മഹാത്മജിക്ക് ലഭിച്ചത്. സത്യം പറയാനും സത്യത്തിനു വേണ്ടി നിലകൊള്ളാനും ധര്‍മത്തില്‍ ചരിക്കാനും ഈ മൂല്യങ്ങളിലൂടെ ഗാന്ധിജിക്ക് കഴിഞ്ഞു. പണ്ട് പാഠഭാഗങ്ങളുടെ അവസാനം ഗുണപാഠം ചേര്‍ക്കുമായിരുന്നു. ചെറുപ്പത്തില്‍ ലഭിക്കുന്ന ഗുണപാഠങ്ങളാണ് ജീവിതകലം മുഴുവന്‍ മനുഷ്യന്‍ തുടരുക. “ചൊട്ടയിലെ ശീലം ചുടലവരെ” എന്ന പഴഞ്ചൊല്ല്, ചെറുപ്പത്തിലെ നല്ല ശീലങ്ങള്‍ നല്‍കി മക്കളെ വളര്‍ത്തണം എന്നതിനെ സാധൂകരിക്കുന്നു. സ്വന്തം ഗുണഗണങ്ങളാണ് ഒരാളെ മികച്ച വ്യക്തിത്വത്തിന് ഉടമയാക്കുന്നത്. നല്ലഗുണങ്ങളുടെയും നല്ല സ്വഭാവങ്ങളുടെയും ആകെത്തുകയാണ് ഉത്തമവ്യക്തിത്വം. നല്ല ഗുണങ്ങളെയും നല്ല സ്വഭാവ-പെരുമാറ്റ ശൈലികളെയും േബാധപൂര്‍വം ആര്‍ജിച്ചെടുക്കുകയും പിന്തുടരുകയും ചെയ്യുമ്പോഴാണ് ഉന്നത വ്യക്തിത്വത്തിന് ഉടമയാകുക.
സ്വന്തം ഗുണവിശേഷങ്ങള്‍ സ്വയം സൃഷ്ടിച്ചെടുക്കുകയാണ് വേണ്ടത്. സ്വന്തം ഗുണവിശേഷങ്ങള്‍ എന്തൊക്കെയാണെന്ന് ചിന്തിച്ചു നോക്കുക. അവയ്ക്ക് മികവ് നല്‍കുക. അങ്ങനെ സ്വയം വളരുക. മറ്റുള്ളവരുടെ വിജയങ്ങളും മികവുകളും അവരുടെതാണ്. അവരില്‍ നിന്ന് നമുക്ക് മികവാര്‍ജിക്കുവാന്‍ സാധിക്കില്ല. ആശയങ്ങളും സ്രോതസുകളും അവസരങ്ങളുമെല്ലാം പ്രയോജനപ്പെടുത്തി സ്വയം വളരുവാന്‍ ശ്രമിക്കുകയാണ് വേണ്ടത്. കൈയടികളും പ്രശംസയും ആര്‍പ്പുവിളികളും കാത്തിരിക്കേണ്ടതില്ല. സ്വന്തം ജോലികള്‍, ഉത്തരവാദിത്വങ്ങള്‍ മികവോടെ ചെയ്യുക. സ്വന്തമായി രീതിയില്‍ നന്മ പ്രവര്‍ത്തിക്കുക. സ്വന്തം വ്യക്തിത്വത്തെ പണയപ്പെടുത്തി ഒത്തുതീര്‍പ്പുകള്‍ക്ക് പോകാതിരിക്കുക. സ്വന്തം അന്തസ്സും ചുമതലാ ബോധവും നിലനിര്‍ത്തി ഏതു പദവിയില്‍ ജീവിച്ചാലും നല്ലതാണ്. പണവും പ്രശസ്തിയുമുള്ള ആളാകുന്നതിനേക്കാള്‍ നല്ലത് നല്ല വ്യക്തിയാകുന്നതും സ്വന്തം ചുമതലകള്‍ പൂര്‍ത്തീകരിക്കുന്നതുമാണ്.
ഭീതി, ദുരാഗ്രഹം, മടി എന്നിവയുടെ ബന്ധനത്തില്‍ നിന്ന് വിമുക്തനാകുക. അന്തസ്സോടെ പെരുമാറുക, ലക്ഷ്യങ്ങളിലും ആശയങ്ങളിലും ഉറച്ചുനില്‍ക്കുക. വിലപ്പെട്ട അനുകരണീയ മാതൃകകള്‍ കണ്ടെത്തുകയും അവരുടെ നന്മകള്‍, സ്വഭാവവിശേഷതകള്‍ എന്നിവ അനുകരിക്കുകയും ചെയ്യാവുന്നതാണ്. ഇടിച്ചുകയറിയുള്ള സംസാരവും ആളുകളെ സുഖിപ്പിക്കാനുള്ള പറച്ചിലുകളും നാട്യപ്രധാനമായ വര്‍ത്തമാനവും ഒഴിവാക്കുക. സ്വയം പ്രാധാന്യം കല്‍പ്പിക്കുന്നതും പൊങ്ങച്ചം പറയുന്നതും ദാര്‍ശനികരുടെ വഴിയില്ല. സംഭാഷണത്തില്‍ വിവേചന ബുദ്ധി പുലര്‍ത്തണം. വരുംവരായ്കകളെപ്പറ്റി ഗാഢമായി ചിന്തിക്കുന്ന സ്വഭാവം വളര്‍ത്തിയെടുക്കണം. സ്വന്തം വിലയിരുത്തലനുസരിച്ച് ശരിയായ നടപടിയാണ് തന്റേതെന്ന് ഉറച്ചബോധ്യമുണ്ടെങ്കില്‍ യാതൊന്നിനെയും ഭയപ്പെടേണ്ടതില്ല. നിലപാടെടുത്ത് മുന്നേറുക.
കഴിവുകളും അഭിരുചികളും പരിപോഷിപ്പിച്ച് സമ്പൂര്‍ണത കൈവരുത്തണം. സദാസമയവും പുതിയ അറിവുകള്‍ തേടാനും പഠിക്കാനും അതുവഴി കൂടുതല്‍ മെച്ചപ്പെട്ടവനായി മാറാനും ശ്രമിക്കണം. നന്മ നിറഞ്ഞ ജീവിതം പ്രധാനമായും ആശ്രയിച്ചു നില്‍ക്കുന്നത് യുക്തി ചിന്തയെയാണ്. സ്വന്തം യുക്തി ചിന്ത സംരക്ഷിക്കാന്‍ കഴിഞ്ഞാല്‍ അതു നമ്മെ സംരക്ഷിച്ചുകൊള്ളും. വിവേകത്തോടുകൂടിയ ജീവിതം യുക്തിയോടെയുള്ള ജീവിതമാണ്. യുക്തിക്ക് നിരക്കുന്നത്, സത്യമായത് അതിനെ മാത്രം അംഗീകരിക്കുക. പറയുന്ന തത്വങ്ങളുമായി പൊരുത്തപ്പെടുന്ന ജീവിതം നയിക്കണം. പറയുന്ന തത്വങ്ങള്‍ ജീവിതത്തില്‍ പ്രയോഗിക്കണം. പറയുന്ന തത്വങ്ങളുടെ പ്രയോഗമാണ് വിവേകപൂര്‍വമായ ജീവിതം. സ്വന്തം ആദര്‍ശങ്ങള്‍ക്കനുസൃതമായി ജീവിക്കുമ്പോഴാണ് ജീവിതം സന്ദേശമായി മാറുന്നത്.
സ്പഷ്ടമായ ഉള്‍ക്കാഴ്ചയും ആന്തരികമായ മനഃസമാധാനവുമാണ് യഥാര്‍ഥ സന്തോഷം. സകലമാന പരിശ്രമങ്ങള്‍ക്കും ഉചിതമായ ഒരു ലക്ഷ്യമേയുള്ളൂ. അത് സമ്പൂഷ്ടമായ ജീവിതമാണ്. സമ്പുഷ്ട ജീവിതത്തിന്റെ അടിത്തറ നന്മ നിറഞ്ഞ ജീവിതലക്ഷ്യമാണ്. വിലപ്പെട്ട കര്‍മങ്ങള്‍ തുടര്‍ച്ചയായി, ഊര്‍ജസ്വലമായി ചെയ്തു തീര്‍ക്കുന്ന പ്രക്രിയയാണിത്. നമ്മുടെ ജീവിതം കൊണ്ട് നമുക്കും നാം സ്പര്‍ശിക്കുന്ന എല്ലാവര്‍ക്കും ഉപകാരമുണ്ടാകണം. ഏറ്റവും നല്ല വഴിയിലൂടെ നാം നടത്തുന്ന പ്രതിപ്രവര്‍ത്ത നത്തെ ആശ്രയിച്ചാണ് സമ്പുഷ്ട ജീവിതം നിലകൊള്ളുക. സ്വന്തം സ്വഭാവ സംസ്‌കരണത്തിലൂടെ നാം നമ്മുടെ ധാര്‍മിക നിലവാരം ഉയര്‍ത്തിയാണ് സമ്പുഷ്ടജീവിതം സാധ്യമാക്കേണ്ടത്. നന്മയാകണം ലക്ഷ്യവും ഉദ്ദേശ്യവും. നന്മയാണ് അനുഷ്ഠാനമെങ്കില്‍ അതുതന്നെയാണ് പ്രതിഫലവും.

---- facebook comment plugin here -----

Latest