കള്ളപ്പണത്തിനെതിരെ

Posted on: October 11, 2015 9:48 am | Last updated: October 11, 2015 at 9:48 am
SHARE

ഇന്ത്യക്കാരുടെതായി ഏതാണ്ട് 98 ലക്ഷം കോടിയുടെ കള്ളപ്പണം വിദേശത്തുണ്ടെന്നാണ് രാജ്യം ഭരിക്കുന്ന ബി ജെ പിയുടെ നിഗമനം. വിദേശ ബേങ്കുകളിലെ കള്ളപ്പണം തിരിച്ച് പിടിക്കുന്ന വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടേയും തട്ടിപ്പിന് താന്‍ ഇരയായെന്നും, രാജ്യസഭാംഗവും സുപ്രിംകോടതി അഭിഭാഷകനുമായ രാം ജത്മലാനി തുറന്നടിച്ചത് ഏതാനും ദിവസം മുമ്പാണ്. നികുതി വെട്ടിപ്പില്‍ കള്ളപ്പണക്കാരെ ഏറെ സഹായിക്കുന്നത് രാഷ്ട്രീയ കക്ഷിവ്യത്യാസമില്ലാതെ കേന്ദ്ര ധനവകുപ്പ് കൈയാളുന്നവരാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ്തന്നെ കള്ളപ്പണം മുഖ്യ ചര്‍ച്ചാവിഷയമാക്കി സുപ്രിംകോടതിയെ സമീപിച്ചത് രാം ജത്മലാനിയായിരുന്നു. തുടര്‍ന്നാണ് വിദേശ ബേങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്ന ഇന്ത്യക്കാരുടെ കള്ളപ്പണം തിരിച്ചുകൊണ്ടുവരാന്‍ സുപ്രിംകോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. കേന്ദ്രത്തില്‍ അധികാരത്തിലേറിയാല്‍ നൂറ് ദിവസംകൊണ്ട് ഇന്ത്യക്കാരുടെ വിദേശത്തുള്ള കള്ളപ്പണം തിരിച്ചുകൊണ്ടുവരുമെന്ന് വീമ്പു പറഞ്ഞ നേതാക്കളാണ് നരേന്ദ്ര മോദിയും ജെയ്റ്റ്‌ലിയും. ‘അത് അത്ര എളുപ്പം നടക്കുന്ന കാര്യമല്ലെ’ന്നാണ് ബി ജെ പി നേതൃത്വത്തിന്റെ ഇപ്പോഴത്തെ നിലപാട്. കുറേയേറെ കള്ളപ്പണക്കാരുടെ പേരു വിവരങ്ങള്‍ ചില വിദേശ രാജ്യങ്ങളില്‍ നിന്നും കേന്ദ്രത്തിന് ലഭിച്ചിട്ടുണ്ട്. ഇതില്‍ ചിലരുടെ പേരു വിവരം വെളിക്ക് വന്നിട്ടുമുണ്ട്. 1400 കള്ളപ്പണക്കാരുടെ പേരുവിവരങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്ന് ജര്‍മനി ഇന്ത്യയെ അറിയിച്ചിരുന്നു. അവ ലഭിക്കാന്‍ രേഖാമൂലം അപേക്ഷ സമര്‍പ്പിക്കാനും ജര്‍മനി നിര്‍ദേശിച്ചു. പക്ഷേ, രേഖാമൂലം അപേക്ഷ നല്‍കാന്‍ ആരും തയ്യാറായില്ല. ഇതിലേക്ക് ഒരു അപേക്ഷ തയ്യാറാക്കി ബന്ധപ്പെട്ടവര്‍ക്കെല്ലാം അയച്ചുകൊടുത്തെങ്കിലും ഒരു ബി ജെ പി നേതാവ് പോലും അതില്‍ ഒപ്പിട്ടില്ലെന്ന് ജത്മലാനി പരിതപിക്കുന്നു. കോണ്‍ഗ്രസ്സായാലും ബി ജെ പിയായാലും കള്ളപ്പണക്കാരിലെ കൊമ്പന്‍ സ്രാവുകളെ സംരക്ഷിക്കുകയാണെന്ന് ആര്‍ക്കും മനസ്സിലാക്കാം.
വിദേശ ബേങ്കുകളില്‍ നിക്ഷേപിച്ചതിലേറെ കള്ളപ്പണം ഇന്ത്യയില്‍ തന്നെ ഉണ്ടെന്ന് ധനമന്ത്രി ജയ്റ്റ്‌ലി പ്രഖ്യാപിച്ചത് സെപ്തംബര്‍ 30ന് ശേഷമാണ്. അന്നായിരുന്നുവല്ലോ കള്ളപ്പണം സ്വയം വെളിപ്പെടുത്താന്‍ ഒറ്റത്തവണ സമയം നല്‍കിയിരുന്നത്. ഈ കാലയളവില്‍ 638 ഡികഌറേഷനുകളിലൂടെ വിവിധ സ്ഥാപനങ്ങളും വ്യക്തികളും സ്വയം വെളിപ്പെടുത്തിയത് 4,147 കോടി രൂപയാണ്. കള്ളപ്പണം നിയമവിധേയമാക്കാന്‍ സര്‍ക്കാര്‍ ഒരുക്കിയ പരാതി പരിഹാര ജാലകം ശക്തമായ ഒരു മുന്നറിയിപ്പാണ്. അടുത്ത ഏപ്രില്‍ മുതല്‍ നികുതിവെട്ടിപ്പിനെതിരെ കര്‍ക്കശ നടപടി സ്വീകരിക്കാന്‍ പുതിയ നിയമം ആവിഷ്‌കരിക്കുകയാണ്. ഇനിയും വെളിപ്പെടുത്താത്ത വരുമാനവും നിക്ഷേപങ്ങളും ഉള്ളവരെ കര്‍ശനമായിതന്നെ നേരിടുമെന്നാണ് പ്രഖ്യാപനം. ഇത്തരക്കാര്‍ക്ക് 10 വര്‍ഷംവരെ ജയില്‍വാസവും കനത്ത പിഴയും നല്‍കേണ്ടിവരും. പക്ഷെ, കോടികളുടെ നികുതിവെട്ടിപ്പിലൂടെ കള്ളപ്പണംകൊണ്ട് സമാന്തര സമ്പദ്ഘടന തന്നെ കെട്ടിപ്പടുത്തിരിക്കുന്ന വമ്പന്‍ സ്രാവുകള്‍ ഈ വലയും ചാടിക്കടക്കാന്‍ ശക്തിയുള്ളവരാണ്. രാഷ്ട്രീയ സ്വാധീനവും സാമ്പത്തിക ശേഷിയും ഇവര്‍ക്ക് അത്രമാത്രമുണ്ട്.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ ഡി), സി ബി ഐ തുടങ്ങിയ കേന്ദ്രഏജന്‍സികള്‍ക്ക് പുറമെ സംസ്ഥാനങ്ങള്‍ക്കും വിവിധ സംവിധാനങ്ങളുണ്ട്. പോയ വാരത്തില്‍ കള്ളപ്പണ ഇടപാട് സംബന്ധിച്ച കേസുകളില്‍ ഇ ഡി അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. ഉത്തര്‍ പ്രദേശ് ചീഫ് എന്‍ജിനീയര്‍ യാദവ് സിംഗിനെ സസ്‌പെന്‍ഡ് ചെയ്തു. അവിഹിത സ്വത്ത് സമ്പാദനമടക്കം യാദവിനെതിരെ ഒട്ടേറെ അഴിമതിക്കേസുകള്‍ വേറെയുമുണ്ട്. ഇയാളുമായി ബന്ധമുള്ള അഞ്ച് കമ്പനികളിലും സി ബി ഐ റെയ്ഡ് നടത്തി. കേന്ദ്രത്തോടൊപ്പം സംസ്ഥാനങ്ങള്‍ക്കും നികുതി വെട്ടിപ്പുകാരേയും സാമ്പത്തിക കുറ്റവാളികളേയും ‘ഞെട്ടിക്കാന്‍’ സംവിധാനങ്ങളുണ്ടെന്ന കാര്യം വിസ്മരിച്ചുകൂടാ.
ലോക സമ്പന്നരില്‍ ഇന്ത്യക്കാര്‍ അത്ര പിന്നിലൊന്നുമല്ല. ഏഷ്യയിലെ അതിസമ്പന്നമായ 50 കുടുംബങ്ങളുടെ പട്ടികയില്‍ 14പേര്‍ ഇന്ത്യക്കാരാണ്. ഇവര്‍ വര്‍ഷാവര്‍ഷം നികുതി അടക്കുന്നവരാണെന്ന് നമുക്ക് അംഗീകരിച്ച്‌കൊടുത്തേക്കാം. ഇവരാരും സാമ്പത്തിക കുറ്റങ്ങള്‍ ചെയ്യുന്നില്ലെന്ന് നെഞ്ചില്‍തൊട്ട് പറയാന്‍ മന്ത്രി ജെയ്റ്റ്‌ലിക്ക് പോലും കഴിയില്ല. ചിദംബരം ധനമന്ത്രിയായിരുന്നപ്പോഴും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. കള്ളപ്പണം സ്വമേധയാ വെളിപ്പെടുത്താന്‍ ഇന്ത്യയില്‍ അവസരമൊരുക്കുന്നത് ഇതാദ്യമൊന്നുമല്ല. കുറേപേര്‍ കള്ളപ്പണം വെളുപ്പിച്ചെടുക്കുന്നു എന്നതൊഴിച്ചാല്‍ ഇതൊന്നും കള്ളപ്പണം നേരിടാന്‍ മതിയായ നടപടികളല്ല. കള്ളപ്പണം ഓരോ വര്‍ഷവും ശക്തിയാര്‍ജിക്കുകയാണ്. നികുതി ഘടനയില്‍ ആവശ്യമായ മാറ്റങ്ങളും പരിഷ്‌കരണങ്ങളും വേണം. അതിസമ്പന്നരില്‍ നിന്ന് ഉയര്‍ന്ന നിരക്കില്‍ നികുതി ഈടാക്കണം. ചെറുകിടക്കാര്‍ക്കും സാധാരണക്കാര്‍ക്കും നികുതി ഇളവ് നല്‍കുകയും വേണം. തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ എഴുതിവെച്ചതുകൊണ്ട് മാത്രം ഒരു കാര്യവുമില്ല.