അയിത്തം: രാജസ്ഥാനില്‍ ദളിത് കുട്ടികള്‍ സ്‌കൂളില്‍ പോകാന്‍ ഭയക്കുന്നു

Posted on: October 11, 2015 9:46 am | Last updated: October 11, 2015 at 9:46 am
SHARE

schooജോധ്പൂര്‍: ജാതീയത കൊടികുത്തിവാഴുന്ന രാജസ്ഥാനിലെ ചില പ്രദേശങ്ങളില്‍ ദളിത് കുട്ടികള്‍ സ്‌കൂളില്‍ പോകാന്‍ ഭയക്കുന്നതായി റിപ്പോര്‍ട്ട്. രാജസ്ഥാനിലെ ബെര്‍ഡോ കാബാസ് വില്ലേജിലെ ഒരു സര്‍ക്കാര്‍ സ്‌കൂളിലെ ഡസന്‍ കണക്കിന് ദളിത് വിദ്യാര്‍ഥികളാണ് ഇക്കാരണത്താല്‍ പഠിത്തം ഉപേക്ഷിച്ചത്.
ഒരു ദളിത് വിദ്യാര്‍ഥി സഹപാഠിയായ മറ്റൊരു ജാതിയില്‍പ്പെട്ട വിദ്യാര്‍ഥിയുടെ ഭക്ഷണപാത്രത്തില്‍ തൊട്ടതിന് അധ്യാപികയുടെ മര്‍ദനമേല്‍ക്കേണ്ടിവന്നതാണ് ഈയിടെയുണ്ടായ സംഭവം. പാത്രത്തില്‍ അറിയാതെ തൊട്ടുപോയതിന്റെ കുറ്റം ഏറ്റുപറഞ്ഞിട്ടും അധ്യാപിക വളരെ മോശമായി തന്നെ മര്‍ദിക്കുകയായിരുന്നുവെന്ന് ആ വിദ്യാര്‍ഥി പറഞ്ഞു.
മഗ്‌വാള്‍ സമുദായത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ പറയുന്നത് ഗ്രാമത്തിലെ ഉയര്‍ന്ന ജാതിയില്‍പ്പെട്ട അധ്യാപകരില്‍നിന്ന് തങ്ങള്‍ക്ക് ഭീഷണിയുണ്ടെന്നാണ്. സംഭവുമായി ബന്ധപ്പെട്ട് അധ്യാപകയെ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ദളിത് വിദ്യാര്‍ഥിക്ക് മര്‍ദനമേറ്റ സംഭവുമായി ബന്ധപ്പെട്ട ഉയര്‍ന്ന ക്ലാസുകളിലെ 50 ഓളം വരുന്ന വിദ്യാര്‍ഥികള്‍ ജോദ്പൂര്‍ കല്കട്രേറ്റിന് മുന്നില്‍ പ്രതിഷേധ സമരം നടത്തിയിരുന്നു.
ജാതിയ വിവേചനം വ്യാപകമായ ഇവിടെ ജാട്ട് വര്‍ഗത്തില്‍പ്പെട്ടകുട്ടികളാണ് കൂടുതലും. അതിനാല്‍ത്തന്നെ അവര്‍ വളരെ മോശവുമായ രീതിയില്‍ തങ്ങളെ ഭീഷണപ്പെടുത്തുകയും അപമാനിക്കുകയുംചെയ്യുന്നുവെന്നാണ് ദളിത് വിദ്യാര്‍ഥികള്‍ പറയുന്നത്. തങ്ങളെ എല്ലാ തരത്തിലും ജാട്ട് സഹപാഠികള്‍ ഒറ്റപ്പെടുത്തുകയാണെന്നും അവര്‍ പറയുന്നു. സഹപാഠികളുടെ ആക്രമണം ഭയന്ന് മകനെ താന്‍ തന്നെയാണ് ദിവസവും സ്‌കൂളില്‍ കൊണ്ടുവിടുന്നതെന്ന് ഒരു കുട്ടിയുടെ പിതാവ് പറയുന്നു. എന്നാല്‍, അധ്യാപകരുടെ മര്‍ദനം എങ്ങനെ തടയുമെന്നാണ് അദ്ദേഹം ചോദിക്കുന്നത്.
വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് റിപോര്‍ട്ട് തേടിയിട്ടുണ്ട്. കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ഒരു തരത്തിലുള്ള തരംതിരിവും അനുവദിക്കില്ലെന്നുമെന്നാണ് ജോദ്പൂര്‍ പോലസ് സൂപ്രണ്ട് പറയുന്നത്,