സഊദിയിലേക്ക് വീട്ടുജോലിക്കാരെ വിടുന്നത് നിരോധിക്കാന്‍ ഇന്ത്യ ആലോചിക്കുന്നു

Posted on: October 11, 2015 9:43 am | Last updated: October 11, 2015 at 4:50 pm
SHARE

saudi-arabia-k=ma.-ന്യൂഡല്‍ഹി: സഊദി അറേബ്യയിലേക്ക് വീട്ടുജോലികള്‍ക്കായി ആളെ വിടുന്നത് നിര്‍ത്തലാക്കാന്‍ ഇന്ത്യ ആലോചിക്കുന്നു. കഴിഞ്ഞ ദിവസം ഇന്ത്യയില്‍ നിന്നുള്ള ഒരു വീട്ടുജോലിക്കാരിയുടെ കൈ തൊഴിലുടമ ഛേദിച്ചതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കര്‍ശന നടപടിക്ക് ആലോചിക്കുന്നത്.
ലൈംഗികാടിമത്വവും ആക്രമണവുമുള്‍പ്പെടെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതില്‍ രാജ്യത്തിന്റെ ആശങ്ക സഊദി സര്‍ക്കാറിനെ ഇന്ത്യ അറിയിച്ചിട്ടുണ്ട്. പീഡനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച വെല്ലൂര്‍ സ്വദേശിനി കസ്തൂരി മുനിരത്‌നം എന്ന സ്ത്രീയുടെ കൈയാണ് കഴിഞ്ഞ ദിവസം റിയാദില്‍ തൊഴിലുടമ വെട്ടിമാറ്റിയത്. ഇക്കാര്യത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, വീട്ടുജോലിക്കായി സഊദിയിലേക്ക് പൗരന്മാരെ അയക്കുന്നത് നിര്‍ത്തണമെന്ന വിഷയം കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പാര്‍ലിമെന്ററി കൂടിയാലോചനാ സമിതിയുമായി ചര്‍ച്ച ചെയ്തു. ഇന്ത്യയില്‍ നിന്ന് സഊദിയില്‍ വീട്ടുജോലിക്കായി ഏറ്റവും കൂടുതല്‍ ആളുകള്‍ പോകുന്നത് തമിഴ്‌നാട്ടിലെ വെല്ലൂര്‍ പ്രദേശത്തുനിന്നും ആന്ധ്രാപ്രദേശിലെ ഗോദാവരി ജില്ലയില്‍ നിന്നുമാണ്. ഇത് തടയുന്നതിനുള്ള കര്‍ശന മാര്‍ഗം സംബന്ധിച്ച് സുഷമാ സ്വരാജ് സംബന്ധിച്ച യോഗത്തില്‍ തങ്ങള്‍ ചര്‍ച്ച ചെയ്തതായി കൂടിയാലോചനാ സമിതി അംഗവും രാജ്യസഭാ എം പിയുമായ ഡി രാജ വ്യക്തമാക്കി. തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതില്‍ ഇന്ത്യയിലെ നിയമം അനുസരിക്കാന്‍ തയ്യാറല്ലെന്ന് സഊദി അറേബ്യ അറിയിച്ച കാര്യം സുഷമാ സ്വരാജ് യോഗത്തില്‍ വ്യക്കമാക്കി. തൊളിലാളികളെ അയക്കുന്നത് വിലക്കുന്ന നിയമം കൊണ്ടുവന്നാല്‍ അത് വ്യാജ റിക്രൂട്ടിംഗ് ഏജന്‍സികള്‍ ദുരുപയോഗം ചെയ്‌തേക്കുമോ എന്ന കാര്യവും സമിതി ചര്‍ച്ച ചെയ്തു.
റിയാദില്‍ സ്ത്രീകള്‍ മാത്രം താമസിക്കുന്ന ഒരു വീട്ടില്‍ ജോലിക്കായി കൊണ്ടുപോയ കസ്തൂരിയാണ് കഴിഞ്ഞ ദിവസം ക്രൂരമായ പീഡനത്തിനിരയായത്. മുറിയില്‍ പൂട്ടിയിട്ട് കൊടിയ മര്‍ദനമാണ് തൊഴിലുടമയില്‍ നിന്ന് കസ്തൂരിക്ക് ഏല്‍ക്കേണ്ടിവന്നത്. പൂട്ടിയിട്ട മുറിയുടെ ജനല്‍വഴി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പിടിയിലായ ഇവരുടെ വലതു കൈ തൊഴിലുടമ അറുത്തുമാറ്റുകയായിരുന്നു.