പിറന്നു; കേരള മുസ്‌ലിം ജമാഅത്ത്

Posted on: October 11, 2015 9:24 am | Last updated: October 11, 2015 at 9:24 am
SHARE

MUSLIM JAM-A-THമലപ്പുറം: ആദര്‍ശ പ്രസ്ഥാനം ഉയിര്‍കൊണ്ട ഭൂമികയില്‍ പതിനായിരങ്ങളെ സാക്ഷിയാക്കി മറ്റൊരു ചരിത്രം കൂടി പിറവിയെടുത്തു. പൊതുസമൂഹം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബഹുജന സംഘടനയായ കേരള മുസ്‌ലിം ജമാഅത്തിന്റെ പ്രഖ്യാപനം വാരിയന്‍കുന്നന്റെ സ്മരണകളുറങ്ങുന്ന കോട്ടക്കുന്നിന്റെ താഴ്‌വാരത്ത് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വഹിച്ചു. സാമൂഹിക സേവന പ്രവര്‍ത്തനങ്ങളില്‍ ധീരമായ ഇടപെടലുകളും ചാലക ശക്തിയുമായി കേരള മുസ്‌ലിം ജമാഅത്ത് ജനങ്ങള്‍ക്കിടയില്‍ ഇന്ന് മുതലുണ്ടാകും. വിമര്‍ശകരുടെയും മാധ്യമങ്ങളുടെയും മുന്‍ധാരണകളെയും അഭിപ്രായ പ്രകടനങ്ങളെയും തിരുത്തിയാണ് പുതിയ പ്രസ്ഥാനത്തിന്റെ നയപരിപാടികള്‍ നിറഞ്ഞ സദസ്സില്‍ കാന്തപുരം വിശദീകരിച്ചത്.
രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കുന്നുവെന്ന പ്രചാരണങ്ങളെയെല്ലാം അസ്ഥാനത്താക്കി സാമൂഹിക പുരോഗതിക്കും ജനനന്മക്കുമായിരിക്കും മുസ്‌ലിം ജമാഅത്ത് പ്രധാന പരിഗണന നല്‍കുകയെന്ന പ്രഖ്യാപനം ആദര്‍ശപ്പോരാളികള്‍ ഹൃദയത്തില്‍ സ്വീകരിച്ചാണ് മടങ്ങിയത്. സംഘടന കക്ഷി രാഷ്ട്രീയത്തിന്റെ ഭാഗമാകില്ല. എന്നാല്‍, ഇടപെടേണ്ടിടത്ത് ധീരമായി ഇടപെടുകയും ചെയ്യും. രാജ്യതാത്പര്യം സംരക്ഷിക്കുന്നതിനും രാഷ്ട്രീയ മൂല്യബോധം വളര്‍ത്തുന്നതിനും സംഘടനക്ക് പദ്ധതികളുണ്ട്. അതിലൂടെ മാത്രമാണ് രാജ്യത്തിന് വളര്‍ച്ചയും സമാധാനവും കൈവരിക്കാന്‍ കഴിയുകയെന്നാണ് മുസ്‌ലിം ജമാഅത്ത് നിരീക്ഷിക്കുന്നത്.
പണ്ഡിതന്മാര്‍ക്കൊപ്പം പൗരപ്രമുഖരും വിവിധ മേഖലകളിലെ പ്രഗത്ഭരും ബഹുജനങ്ങളുമെല്ലാം മുസ്‌ലിം ജമാഅത്തിന്റെ ഭാഗമായി മാറുന്നതോടെ പ്രകടമായ മുന്നേറ്റങ്ങള്‍ സാമൂഹിക സേവന മേഖലകളില്‍ നടത്താനാകും. പണ്ഡിത സംഘടനയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തി കാലോചിതമായ പദ്ധതികളും പ്രവര്‍ത്തനങ്ങളും കേരള മുസ്‌ലിം ജമാഅത്ത് ഏറ്റെടുത്ത് നടപ്പാക്കും. മുസ്‌ലിം മഹല്ലുകളെ ക്രിയാത്മകമായി വളര്‍ത്തിയെടുത്ത് അവരുടെ മത, ഭൗതിക പുരോഗതിക്കാവശ്യമായ വിദ്യാഭ്യാസ സ്ഥാപനങ്ങളും തൊഴില്‍ സംരംഭങ്ങളും കാര്‍ഷിക, സാമ്പത്തിക, റിലീഫ് പദ്ധതികളും നടപ്പില്‍ വരുത്താനും മുസ്‌ലിം ജമാഅത്ത് മുന്നിലുണ്ടാകും.
കഴിഞ്ഞ മാര്‍ച്ചില്‍ കോട്ടക്കലില്‍ നടന്ന എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനത്തിലാണ് മുസ്‌ലിം ജമാഅത്ത് എന്ന ആശയത്തിന് രൂപം നല്‍കിയത്. സമ്മേളനം കഴിഞ്ഞ് എട്ട് മാസമാകുമ്പോഴാണ് പുതിയ സംഘടനയുടെ പ്രഖ്യാപനം നടക്കുന്നത്. ഇതിന്റെ യൂനിറ്റ് മുതല്‍ സംസ്ഥാനതലം വരെയുള്ള ഘടകങ്ങളുടെ രൂപവത്കരണത്തിന് സംസ്ഥാന, ജില്ലാ അഡ്‌ഹോക്ക് കമ്മിറ്റികളായിരിക്കും നേതൃത്വം നല്‍കുക. മലപ്പുറം ടൗണ്‍ഹാളില്‍ നടന്ന പ്രഖ്യാപന സമ്മേളനം സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു.
എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, സി മുഹമ്മദ് ഫൈസി, എന്‍ അലി അബ്ദുല്ല, എന്‍ വി അബ്ദുര്‍റസാഖ് സഖാഫി സംസാരിച്ചു.