Connect with us

Ongoing News

കണക്ക് തീര്‍ക്കാന്‍ ബ്ലാസ്റ്റേഴ്‌സ്‌

Published

|

Last Updated

കൊച്ചി: ബ്ലാസ്റ്റേഴ്‌സിന്റെ തട്ടകത്തില്‍ ഇന്ന് രണ്ടാം അങ്കം. ഐ എസ് എല്ലില്‍ തുടര്‍ ജയം ലക്ഷ്യമിട്ടിറങ്ങുന്ന കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ എതിരാളി മഹാരാഷ്ട്ര ഡെര്‍ബിയില്‍ അടി തെറ്റിയ മുംബൈ സിറ്റി എഫ് സിയാണ്. ആദ്യ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ 3-1ന് തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലാണ് കേരള ടീം. നികോളാസ് അനെല്‍കയുടെ മുംബൈ നിരയാകട്ടെ പൂനെ സിറ്റിയോട് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെട്ടതിന്റെ ക്ഷീണത്തിലാണ്.
ആരാധകര്‍ തിങ്ങിനിറഞ്ഞ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ബ്ലാസ്റ്റേഴ്‌സിനെ നേരിടാനിറങ്ങുമ്പോള്‍ മികച്ച പോരാട്ടം നടത്തുക എന്നതാണ് അവരുടെ ലക്ഷ്യം. അതേസമയം കഴിഞ്ഞ വര്‍ഷം എവേ മത്സരത്തിലേറ്റ പരാജയത്തിന് ഇത്തവണ സ്വന്തം മണ്ണില്‍ പകരം വീട്ടുക എന്ന അജണ്ട ബ്ലാസ്‌റ്റേഴ്‌സിനുണ്ട്. കഴിഞ്ഞ വര്‍ഷം ഇരുടീമുകളും കൊച്ചിയില്‍ ഏറ്റുമുട്ടിയപ്പോള്‍ ഗോള്‍രഹിത സമനിലയായിരുന്നു. മുംബൈയില്‍ 1-0 നായിരുന്നു തോല്‍വി.
ഒത്തിണക്കത്തോടെ കളിക്കുന്ന ആദ്യ മത്സരത്തിലെ ടീമിനെ തന്നെ നിലനിര്‍ത്തിയാകും ബ്ലാസ്റ്റേഴ്‌സ് കളത്തിലിറങ്ങുക. കോച്ച് പീറ്റര്‍ ടെയ്‌ലറുടെ തന്ത്രങ്ങളാണ് ബ്ലാസ്‌റ്റേഴ്‌സിനെ വിജയത്തിലേക്ക് നയിച്ചത്. പ്രതിരോധ-മധ്യ-മുന്നേറ്റ നിരകള്‍ മികച്ച ഒത്തിണക്കം പ്രകടിപ്പിച്ചതും ബ്ലാസ്‌റ്റേഴ്‌സ് വിജയത്തില്‍ നിര്‍ണായകമായി. എങ്കിലും ഒട്ടേറെ അവസരങ്ങള്‍ ലഭിച്ചിട്ടും ആദ്യ പകുതിയില്‍ ഗോള്‍ നേടാന്‍ കഴിയാതിരുന്നത് കോച്ചിനെ ഇരുത്തി ചിന്തിപ്പിക്കുന്നതായിരുന്നു.
5-3-2 ശൈലിയിലായിരുന്നു പീറ്റര്‍ ടെയ്‌ലര്‍ നോര്‍ത്ത് ഈസ്റ്റിനെതിരെ ടീമിനെ വിന്യസിച്ചത്. പ്രതിരോധത്തില്‍ ബ്രസീല്‍താരം ബ്രൂണോ പെറോണ്‍ സെന്‍ട്രല്‍ ഡിഫന്ററായി നങ്കൂരമിട്ടു. ഇടത്തും വലത്തുമായി നായകന്‍ പീറ്റര്‍ റെമഗയും മര്‍ക്കസ് വില്യംസും കളിച്ചു. ലെഫ്റ്റ് വിങ്ബാക്കായി വിനീതും. റൈറ്റ് വിങ്ബാക്കായി രാഹുല്‍ ബെക്കയും ഇറങ്ങി. പ്ലേമേക്കറുടെ റോള്‍ ജൊസു പ്രിയേറ്റക്ക്. മധ്യനിരയില്‍ മെഹ്താബ് ഇടതും പീറ്റര്‍ കാര്‍വാലോ വലതും. കഴിഞ്ഞ വര്‍ഷം ബ്ലാസ്‌റ്റേഴ്‌സിനെ ഫൈനലിലെത്തിച്ച ഇയാന്‍ ഹ്യൂമിന് പകരക്കാരനായി കളംനിറഞ്ഞ കുളിക്കുന്ന ജൊസു തന്നെയാണ് താരം. കഴിഞ്ഞ കളിയില്‍ ക്രിസ് ഡഗ്‌നലിന് പകരക്കാരനായാണ് സാഞ്ചസ് വാട്ട് കളത്തിലിറങ്ങിയതെങ്കില്‍ ഇത്തവണ ആദ്യ പതിനൊന്നില്‍ കാണികളുടെ ജോസൂട്ടി ഇടംപിടിച്ചേക്കും. വിനീതും ബെക്കെയും വിംഗുകളിലൂടെയുള്ള മുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയും കൂടി ചെയ്തപ്പോള്‍ നോര്‍ത്ത് ഈസ്റ്റ് ശരിക്കും വിയര്‍ക്കുകയും ചെയ്തു. സ്‌ട്രൈക്കര്‍മാരായി ക്രിസ് ഡഗ്‌നലും മലയാളി താരം മുഹമ്മദ് റാഫിയും ഉണ്ടാവും.
മധ്യനിരയില്‍ വിങ്ങുകള്‍ വഴി പന്ത് മുന്നിലെത്തിക്കുന്നതിലും പന്തു നിയന്ത്രണത്തില്‍ വച്ചു കളിക്കുന്നതിലും ബ്ലാസ്റ്റേഴ്‌സ് പിശുക്കുകാട്ടുന്നത് പ്രശ്‌നമാണ്. പിന്നോട്ടിറങ്ങി പന്ത് പിടിച്ചെടുത്ത് മുന്നേറാന്‍ ക്രിസ് ഡഗ്നല്‍ ശ്രമിക്കാതിരുന്നതും കേരള മുന്നേറ്റത്തെ ബാധിച്ചു. എന്നാല്‍ രണ്ടാം പകുതിയില്‍ ഹൊസു എത്തിയതോടെ സ്ഥിതി മാറിയതും മുഹമ്മദ് റാഫി കളംനിറഞ്ഞു കളിക്കുന്നതും പ്രതീക്ഷ നല്‍കുന്നു. ഗോള്‍ കീപ്പറായി മിന്നുന്ന ഫോമിലുള്ള ഇംഗ്ലീഷ് താരം സ്റ്റീവന്‍ ബൈവാട്ടര്‍ തന്നെ ഇറങ്ങും. ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും ഇന്ന് മികച്ച പ്രകടനം നടത്താമെന്ന വിശ്വാസത്തിലാണ് അനല്‍ക്കയും കൂട്ടരും. അറുപതിനായിരത്തിലേറെ വരുന്ന കാണികളും ബ്ലാസ്റ്റേഴ്‌സിന്റെ ആക്രമണ ഫുട്‌ബോളുമാണ് അതിനു വിലങ്ങുതടി. പൂനെ സിറ്റിക്കെതിരായ ആദ്യ കൡയില്‍ ഗോളാടിക്കാതിരുന്നതല്ല, മറിച്ച് മൂന്ന് ഗോള്‍ വഴങ്ങേണ്ടിവന്നതാണ് മുംബൈ കോച്ചിനെ ഇരുത്തി ചിന്തിപ്പിക്കുന്നത്. പ്രതിരോധത്തില്‍ അണിനിരന്ന ചെക്ക് താരം പവേല്‍ കമോസിനും ഹെയ്തി താരം ഫ്രാന്‍സ് ബെര്‍ട്ടിനും പുറമെ ഇന്ത്യന്‍ താരങ്ങളായ അശുതോഷ് മെഹ്ത്തയും കീഗന്‍ പെരേരയും അവസരത്തിനൊത്തുയരാതിരുന്നത് ടീമിന് തിരിച്ചടിയായി. ആദ്യ മത്സരത്തില്‍ 4-2-3-1 എന്ന രീതിയില്‍ ഫ്രഞ്ച് താരം ഫ്രെഡറിക് പീക്വോണിനെ ഏക സ്‌ട്രൈക്കറാക്കിയാണ് കോച്ച് നിക്കോളാസ് അനല്‍ക്ക ടീമിനെ വിന്യസിച്ചത്. പന്തടക്കത്തിലും ഷോട്ടുകള്‍ ഉതിര്‍ക്കുന്നതിലും അവര്‍ മുന്നിട്ടുനിന്നെങ്കിലും സ്‌ട്രൈക്കര്‍മാര്‍ ഗോളടിക്കാന്‍ മറന്നതും അവര്‍ക്ക് വിനയായി. അഗ്വിലേറക്ക് പകരക്കാരനായി 75-ാം മിനിറ്റില്‍ അനല്‍ക്ക ഇറങ്ങിയിട്ടും ദയനീയ തോല്‍വിയില്‍ നിന്ന് ടീമിനെ രക്ഷിക്കാനായില്ല.
ടീമില്‍ ചില മാറ്റങ്ങള്‍ വരുത്തിയായിരിക്കും ഇന്ന് മുംബൈ സിറ്റി ഇറങ്ങുക. ബ്ലാസ്‌റ്റേഴ്‌സ് മുന്നേറ്റനിരയെ തടഞ്ഞുനിര്‍ത്തുക എന്നതായിരിക്കും കാമോസും മുംബൈയുടെ പ്രധാന ലക്ഷ്യം. അതിനായി പ്രതിരോധ നിരയില്‍ മാറ്റങ്ങളുണ്ടാവും. അതില്‍ വിജയിക്കാന്‍ കഴിഞ്ഞാലേ അവര്‍ക്ക് പ്രതീക്ഷക്ക് വകയുള്ളൂ.