ദാദ്രി: ലീഗ് പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിക്കും

Posted on: October 10, 2015 12:58 pm | Last updated: October 10, 2015 at 12:58 pm
SHARE

ഗൂഡല്ലൂര്‍: വീട്ടില്‍ ബീഫ് സൂക്ഷിച്ചുവെന്നാരോപിച്ച് ദാദ്രിയില്‍ സംഘപരിവാര്‍ തീവ്രവാദികള്‍ ഗ്രാമവാസിയെ മര്‍ദ്ദിച്ചു കൊന്നതിനെതിരെ പഞ്ചായത്ത്, പ്രൈമറി തലങ്ങളില്‍ പ്രതിഷേധയോഗങ്ങള്‍ സംഘടിപ്പിക്കാന്‍ നീലഗിരി ജില്ലാ മുസ്്‌ലിം ലീഗ് യോഗം തീരുമാനിച്ചു. മുഹമ്മദ് അഖ്‌ലാഖിന്റെ കൊലപാതകത്തില്‍ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
രാജ്യം ഭരിക്കുന്നവര്‍ വര്‍ഗിയത വളര്‍ത്തുകയും കലാപങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്നത് അനുവദിക്കാനാവില്ല. രാജ്യത്തെ കാവിവല്‍ക്കരിക്കുതയും നിയമസംവിധാനങ്ങളെ വെല്ലുവിളിക്കുകയുമാണ് കേന്ദ്രഭരണത്തിലിരിക്കുന്നവര്‍ ചെയ്യുന്നത്. മതേതരത്വം സംരക്ഷിക്കാന്‍ മുഴുവന്‍ ജനാധിപത്യവിശ്വാസികളും ഒന്നിച്ച് പോരാടണമെന്നും യോഗം ആവശ്യപ്പെട്ടു. ഗൂഡല്ലൂര്‍ ഖാഇദെ മില്ലത്ത് ലീഗ് ഹൗസില്‍ ചേര്‍ന്ന യോഗം സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം എം.എ സലാം ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് കെ. കുഞ്ഞാവ ഹാജി അധ്യക്ഷത വഹിച്ചു. പി.കെ മുഹമ്മദ് ഹാജി, ജി.ജി.ടി മുഹമ്മദ് അലി, സൈത് മുഹമ്മദ്, റഷീദ് ദേവര്‍ശോല, റഫീഖ് പിലാശ്ശേരി, എം.എ.ഷാനവാസ്, എം.എസ്.ഫൈസല്‍, എം.ആര്‍ ആഷിഖ്, വി.കെ ഉനൈസ്, ബഷീര്‍ എരുമാട് സംസാരിച്ചു. സി.എച്ച്.എം. ഹനീഫ സ്വാഗതവും ഷംസുദ്ദീന്‍ ബിദര്‍ക്കാട് നന്ദിയും പറഞ്ഞു.