Connect with us

Wayanad

പുലിഭീതി: കാട്ടിക്കുളം മജിസ്ട്രേറ്റ് കവലയില്‍ കൂട് സ്ഥാപിച്ചു

Published

|

Last Updated

മാനന്തവാടി: പുലി ഭീതി മൂലം മജിസ്‌ട്രേറ്റ് കവലയില്‍ വനം വകുപ്പ് കൂട് സ്ഥാപിച്ചു. ഒരുമാസത്തിനുള്ളില്‍ പ്രദേശത്തും സമീപ പ്രദേശങ്ങളിലുമായി നാല് ആടുകളെ ആക്രമിച്ചു കൊന്ന സാഹചര്യത്തിലാണ് മേലെ 54 ആനപ്പാഖ റോഡില്‍ പള്ളിക്ക് സമീപത്ത് കൂട് സ്ഥാപിച്ചത്. പയ്യമ്പള്ളി ചേറൂര്‍ സ്‌കറിയയുടെ ആടിനെയാണ് പുലി ആദ്യം ആക്രമിച്ച് കൊന്നത്.
പിന്നീട് കുറുക്കന്‍മൂല താണിക്കുന്നേല്‍ ബാബുവിന്റെയും കഴിഞ്ഞാഴ്ച മജിസ്‌ട്രേറ്റ് കവല ചെറുപറമ്പില്‍ എല്‍ദോയുടെയും ആടിനെ പുലി കടിച്ചു കൊന്നിരുന്നു.
വ്യാഴാഴ്ച പുലര്‍ച്ചെയോടെ വനം വകുപ്പ് ജീവനക്കാരന്‍ കൂടിയായ മജിസ്‌ട്രേറ്റ് കവല പുള്ളോല്‍ കുടിയില്‍ എല്‍ദോയുടെ 25 കിലോ തൂക്കമുള്ള ജമുനാപുരി ആടിനെ കൂടി കൊന്നതോടെയാണ് പ്രദേശവാസികള്‍ കൂട് സ്ഥാപിക്കണമെന്ന ആവശ്യവുമായി വനം വകുപ്പിനെ സമീപിച്ചത്. പ്രദേശത്ത് നിരവധി ആളുകള്‍ പുലിയെ കണ്ടതായി അഭ്യൂഹം പരന്നതോടെയാണ് ജനം ഭീതിയിലായത്. രാത്രി കാലങ്ങളില്‍ വീടിന് പുറത്തിറങ്ങാന്‍ പോലും കഴിയാത്ത സാഹചര്യമായിരുന്നു. കഴിഞ്ഞ ദിവസം പുലിയെ കണ്ട് ബൈക്ക് മറിഞ്ഞ് പിഞ്ചു കുഞ്ഞിന് പരുക്കേറ്റിരുന്നു. ഈ സാഹചര്യത്തിലാണ് പ്രദേശവാസികളുടെ ഭീതി അകറ്റുന്നതിനായി ബേഗൂര്‍ റേയ്ഞ്ച് ഓഫീസര്‍ നജ്മല്‍ അമീന്റെ നേതൃത്വത്തില്‍ നോര്‍ത്ത് വയനാട് വനം ഡിവിഷനില്‍ കൂട് സ്ഥാപിച്ചത്.

Latest