Connect with us

Kozhikode

കൊടുവള്ളിയില്‍ തീരുമാനമാകാതെ യു ഡി എഫ്; എല്‍ ഡി എഫില്‍ ധാരണയായി

Published

|

Last Updated

കൊടുവള്ളി: മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പിന് എല്‍ ഡി എഫ് സീറ്റ് ധാരണയിലെത്തി. അതേ സമയം യു ഡി എഫില്‍ സീറ്റ് വിഭജനം കീറാമുട്ടിയായി തുടരുന്നു.
സീറ്റ്‌വിഭജന ചര്‍ച്ച വഴിമുട്ടി നില്‍ക്കുകയാണ്. 36 വാര്‍ഡുകളില്‍ ഒമ്പത് സീറ്റാണ് മുസ്‌ലിം ലീഗ് കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ക്ക് നല്‍കാമെന്നേറ്റത്. എന്നാല്‍ 12 സീറ്റുകള്‍ വേണമെന്ന ശാഠ്യത്തിലാണ് കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍. നെഹ്‌റു വിചാര്‍വേദി മാത്രം ഒമ്പത് സീറ്റുകള്‍ ആവശ്യപ്പെടുന്നുണ്ട്.
പ്രസിഡന്റ് സ്ഥാനത്തിന്റെ പേരില്‍ ഭിന്നിച്ചു നില്‍ക്കുന്ന കോണ്‍ഗ്രസ് വിഭാഗങ്ങളെ തിരഞ്ഞെടുപ്പില്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ നിയോജക മണ്ഡലം മുസ്‌ലിം ലീഗ് ഭാരവാഹികളും സ്ഥലം എം എല്‍ എയും ഇരു ഗ്രൂപ്പുകളെയും പ്രത്യേകം ചര്‍ച്ചക്ക് വിളിക്കുകയായിരുന്നു. ഈ ചര്‍ച്ചക്കപ്പുറം യു ഡി എഫ് സംവിധാനത്തില്‍ കാര്യമായ ചര്‍ച്ചകളൊന്നും നടക്കുന്നില്ലെന്നാണ് അറിയുന്നത്.
അതേസമയം 36 ഡിവിഷനുകളുള്ള മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പിന് എല്‍ ഡി എഫ് നേതൃത്വത്തിലുള്ള അഴിമതി വിരുദ്ധ ജനപക്ഷ മുന്നണി സീറ്റ് ധാരണയിലെത്തി. സി പി എം 12, എന്‍ എസ് സി ഒമ്പത്, ഐ എന്‍ എല്‍ ആറ് സീറ്റുകളില്‍ മത്സരിക്കും. സി പി ഐ, എന്‍ സി പി, ജനതാദള്‍- എസ് എന്നിവര്‍ക്ക് ഓരോ സീറ്റുവീതം നല്‍കി. വെല്‍ഫെയര്‍ പാര്‍ട്ടി, എസ് ഡി പി ഐ തുടങ്ങി സഹകരണത്തിന് തയാറുള്ളവര്‍ക്കായി ആറ് സീറ്റുകള്‍ ഒഴിച്ചിട്ടിട്ടുണ്ട്. തിങ്കളാഴ്ച മുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു തുടങ്ങാനാണ് തീരുമാനം. നെഹ്‌റു വിചാര്‍വേദി സഹകരിക്കാന്‍ തയാറായാല്‍ അവര്‍ക്ക് കൂടി സ്വീകാര്യമായ രീതിയില്‍ സീറ്റുകളില്‍ ചില മാറ്റങ്ങളുണ്ടാകും.
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തില്‍ സീറ്റ് വിഭജനം എല്‍ ഡി എഫിലും യു ഡി എഫിലും പൂര്‍ത്തിയായിട്ടില്ല. സീറ്റുകളെ ചൊല്ലി ഘടകകക്ഷികള്‍ തമ്മിലുള്ള തര്‍ക്കത്തിലുടക്കിയാണ് ഇരു മുന്നണികളിലും സീറ്റ് വിഭജന ചര്‍ച്ച നീളുന്നത്. ആകെ 18 ഡിവിഷനുകളാണ് ബ്ലോക്ക് പഞ്ചായത്തില്‍. 2005ല്‍ മാത്രമാണ് ഇവിടെ എല്‍ ഡി എഫ് അധികാരത്തില്‍ വന്നത്.
കിഴക്കോത്ത് ഗ്രാമപഞ്ചായത്തില്‍ ഇന്നലെ ഒരു പത്രിക ലഭിച്ചു. 15 ാം വാര്‍ഡില്‍ മുഹമ്മദ് അശ്‌റഫാണ് പത്രിക നല്‍കിയത്. കിഴക്കോത്ത് ഗ്രാമപഞ്ചായത്തില്‍ യു ഡി എഫില്‍ സീറ്റ് വിഭജനം ഇനിയും പൂര്‍ത്തിയായിട്ടില്ല. എന്നാല്‍ കോണ്‍ഗ്രസും ലീഗും തമ്മില്‍ സീറ്റുകളുടെ എണ്ണം സംബന്ധിച്ച് ഏതാണ്ട് ധാരണയായിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ഏതാനും സീറ്റുകള്‍ വെച്ചുമാറുന്നത് സംബന്ധിച്ച തീരുമാനമാണ് നീളുന്നത്.

Latest