Connect with us

National

മദര്‍ തെരേസെ സ്ഥാപിച്ച അനാഥാലയങ്ങളുടെ അംഗീകാരം റദ്ദാക്കുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: മദര്‍ തെരേസെ ഫൗണ്ടേഷന്‍ നടത്തുന്ന അനാഥാലയങ്ങളുടെ അംഗീകാരം റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. ഫൗണ്ടേഷന് അതിന്റേതായ അജന്‍ഡകളുണ്ടെന്നും മതേതര നിലപാടുകള്‍ സ്വീകരിക്കാന്‍ ഫൗണ്ടേഷന്‍ വിമൂഖത കാണിക്കുകയാണെന്നാരോപിച്ചാണ് കേന്ദ്രസര്‍ക്കാര്‍ നടപടിക്കൊരുങ്ങുന്നത്.
ദത്തെടുക്കല്‍ നിയമത്തിലെ വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ മിഷണറീസ് ഓഫ് ചാരിറ്റിയുടെ കീഴിലുള്ള അനാഥാലയങ്ങള്‍ വിസമ്മതിക്കുകയാണെന്ന് കേന്ദ്ര വനിതാ ശിശു ക്ഷേമ മന്ത്രി മനേകാ ഗാന്ധി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ദത്തെടുക്കല്‍ നിയമത്തിലെ വ്യവസ്ഥകള്‍ പാലിക്കുന്നതിനായി മന്ത്രാലയം മിഷനറി സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും നിയമം പാലിക്കാതിരുന്നാല്‍ അനാഥാലയങ്ങളുടെ അംഗീകാരം റദ്ദാക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്്. ഫൗണ്ടേഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 13 അനാഥാലയങ്ങളുടേയും അംഗീകാരം റദ്ദാക്കുകയും സ്ഥാപനങ്ങളിലെ കുട്ടികളെ മറ്റു സ്ഥാപനങ്ങളിലേക്ക് മാറ്റുമെന്നുമാണ് മനേകാ ഗാന്ധി പറഞ്ഞത്.
കഴിഞ്ഞ ജൂലൈയിലാണ് ദത്തെടുക്കല്‍ നിയമത്തിലെ വ്യവസ്ഥകള്‍ കേന്ദ്രം കൂടുതല്‍ കര്‍ക്കശമാക്കിയത്. വിവാഹ ബന്ധം വേര്‍പ്പെടുത്തിയവര്‍ക്കും തനിച്ച് ജീവിക്കുന്നവര്‍ക്കും കുട്ടികളെ ദത്തെടുക്കാമെന്നുള്ള വ്യവസ്ഥ അംഗീകരിക്കാന്‍ മദര്‍ തെരേസെ ഫൗണ്ടേഷന്‍ തയ്യാറായിട്ടില്ല. ഇവ തങ്ങളുടെ വിശ്വാസത്തിന് യോജിച്ചതല്ലെന്നാണ് മിഷനറി സ്ഥാപനങ്ങളുടെ നിലപാട്.
നിയമത്തിലെ വ്യവസ്ഥകള്‍ പാലിക്കാന്‍ സ്ഥാപനങ്ങളെ കേന്ദ്രം പരമാവധി പ്രേരിപ്പിക്കുമെന്നും തെരേസ ഫൗണ്ടേഷന്‍ നടത്തുന്ന അനാഥാലയങ്ങളും നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ പട്ടികയില്‍ ഉണ്ടെന്നും മനേകാ ഗാന്ധി പറഞ്ഞു.
നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്ഥാനങ്ങളെ കണ്ടെത്താന്‍ ദേശീയ ശിശു സംരക്ഷണ കമ്മീഷനും ചൈല്‍ഡ് ലൈനും സംഘടിപ്പിക്കുന്ന സര്‍വേ ഗുണകരമാകുമെന്നും അവര്‍ വ്യക്തമാക്കി.

 

Latest