മനസ് വലത്തോട്ട്; അടിയൊഴുക്കുകള്‍ വിധി നിര്‍ണയിക്കും

Posted on: October 10, 2015 6:00 am | Last updated: October 10, 2015 at 1:20 am
SHARE

EMBLOM-1 THADDESHAM GENERAL copyഎല്ലാ തിരഞ്ഞെടുപ്പുകളിലും വലതുപക്ഷത്തോട് ആഭിമുഖ്യമുള്ള മനസ്സാണ് കോട്ടയം ജില്ലയിലെ വോട്ടര്‍മാരുടേത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കേരള കോണ്‍ഗ്രസ് നേതാവ് കെ എം മാണിയും എല്‍ ഡി എഫ് കണ്‍വീനര്‍ വൈക്കം വിശ്വനുമടക്കം സംസ്ഥാന രാഷ്ട്രീയത്തിലെ പ്രമുഖരുടെ തട്ടകം എന്ന പ്രത്യേകതയും കോട്ടയം ജില്ലക്ക് അവകാശപ്പെടാനുണ്ട്.
കേരള കോണ്‍ഗ്രസുകളുടെ ശക്തികേന്ദ്രമായ കോട്ടയത്ത് തിരഞ്ഞെടുപ്പ് കാലമെത്തിക്കഴിഞ്ഞാല്‍ മുന്നണിയില്‍ സൗഹൃദമത്സരങ്ങളും അടിയൊഴുക്കുകളും പതിവ് കാഴ്ച. എല്‍ ഡി എഫിന് ജില്ലയിലെമ്പാടും ശക്തമായ അടിത്തറയുണ്ടെങ്കിലും തിരഞ്ഞെടുപ്പുകളില്‍ ക്രിസ്ത്യന്‍ – നായര്‍ ഭൂരിപക്ഷ മേഖലകളിലെ വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള അടവുകള്‍ പലപ്പോഴും ഫലം കാണാറില്ല. ഇത് പലപ്പോഴും യു ഡി എഫ് സ്ഥാനാര്‍ഥികള്‍ക്ക് വിജയം അനായാസമാക്കുന്നു. മുന്‍കാലങ്ങളില്‍ വോട്ടുകച്ചവടം എന്ന ദുഷ്‌പേരിലാണ് ബി ജെ പി പഴികേട്ടിരുന്നത്. എന്നാല്‍ പുതിയ രാഷ്ട്രീയ കാലാവസ്ഥയില്‍ എസ് എന്‍ ഡി പിയുടെ സ്വാധീന മേഖകളില്‍ ബി ജെ പിക്ക് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞാല്‍ കോട്ടയം ജില്ലയിലെ ചില പഞ്ചായത്തുകളിലെങ്കിലും ഭരണം പിടിക്കാന്‍ ബി ജെ പിക്കു അരങ്ങൊരുങ്ങും.
കോട്ടയം ജില്ലയില്‍ നിലവില്‍ ജില്ലാ പഞ്ചായത്തും 10 ബ്ലോക്ക് പഞ്ചായത്തുകളും 60 പഞ്ചായത്തുകളും ഭരിക്കുന്നത് യു ഡി എഫാണ്. വൈക്കം ബ്ലോക്ക് പഞ്ചായത്തും 13 പഞ്ചായത്തുകളുമാണ് എല്‍ ഡി എഫിന്റെ സമ്പാദ്യം. ബി ജെ പി ചില പഞ്ചായത്തുകളില്‍ നിര്‍ണായക ശക്തിയായി മാറിയെങ്കിലും ഒരിടത്തു പോലും ഭരണത്തിലില്ല. നിലവിലുള്ള നഗരസഭകള്‍ നാലെണ്ണവും തുടക്കത്തില്‍ യു ഡി എഫാണു ഭരിച്ചിരുന്നതെങ്കിലും ചങ്ങനാശേരിയില്‍ അവസാന സമയം ഭരണം നടത്തിയത് എല്‍ ഡി എഫാണ്.
കഴിഞ്ഞ തവണ ജില്ലാ പഞ്ചായത്ത് വന്‍ ഭൂരിപക്ഷത്തോടെയാണു യു ഡി എഫ് ഭരണം നിലനിര്‍ത്തിയത്. ഇത്തവണയും വിജയം ആവര്‍ത്തിക്കാനുള്ള ശ്രമത്തിലാണു യു ഡി എഫ്. ജില്ലാ പഞ്ചായത്തില്‍ ആകെയുള്ള 23 ഡിവിഷനുകളില്‍ 19ലും യു ഡി എഫാണ് ജയിച്ചത്. എല്‍ ഡി എഫിന് നാലെണ്ണമേ കിട്ടിയുള്ളൂ. പതിനൊന്ന് ബ്ലോക്ക് പഞ്ചായത്തുകളില്‍ പത്തെണ്ണവും പിടിച്ച് യു ഡി എഫ് കരുത്തുകാട്ടി. ഒരു എല്‍ ഡി എഫ് അംഗം പോലുമില്ലാത്ത ബ്ലോക്കുകളുമുണ്ടായിരുന്നു.
ജില്ലയുടെ പൊതുചരിത്രത്തിനൊപ്പമാണു നഗരസഭകളുടെ ഭരണ ചരിത്രവും. വൈക്കം ഒഴികെയുള്ള മൂന്നു നഗരസഭകളും കൂടുതല്‍ തവണയും യു ഡി എഫിനൊപ്പം നിന്ന ചരിത്രമാണുള്ളത്. നാലു നഗരസഭകളാണ് കഴിഞ്ഞതവണ ഉണ്ടായിരുന്നത്. മൂന്നിടത്ത് യു ഡി എഫും ഒരിടത്ത് എല്‍ ഡിഎഫും ഭരണത്തിലേറി. ഈരാറ്റുപേട്ട, ഏറ്റുമാനൂര്‍ നഗരസഭകള്‍ കൂടി പുതുതായി രൂപം കൊണ്ടതോടെ നഗരഭരണം കൈപ്പിടിയിലൊതുക്കാനുള്ള ശ്രമത്തിലാണു മുന്നണികള്‍. കോട്ടയത്ത് കഴിഞ്ഞ ടേമില്‍ യു ഡി എഫിനായിരുന്നു ഭരണം. കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് സമവാക്യങ്ങളുടെ പേരില്‍ ചെയര്‍മാന്‍ സ്ഥാനം മൂന്നു തവണ മാറിമറിഞ്ഞു. രാഷ്ട്രീയ നാടകങ്ങള്‍ ഏറെ നടന്ന നഗരസഭകളിലൊന്നായിരുന്നു ചങ്ങനാശേരി. എല്‍ ഡി എഫില്‍നിന്നു പിടിച്ചെടുത്ത നഗരസഭയില്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പം വന്നതോടെ, സ്വതന്ത്രര്‍ നിര്‍ണായകമായി. വൈക്കത്ത് ഇടവേളക്കുശേഷം യു ഡി എഫ് ഭരണം പിടിച്ചെടുത്തതു കഴിഞ്ഞ തവണയാണ്. നഗരസഭകളായി മാറിയ ഈരാറ്റുപേട്ട, പഞ്ചായത്തായിരുന്നപ്പോള്‍ യു ഡി എഫാണ് ഭരിച്ചിരുന്നത്. മുസ്‌ലിം ലീഗിന് ജില്ലയില്‍ ഏറ്റവും നിര്‍ണായക സ്വാധീനമുള്ള പ്രദേശമാണ് ഈരാറ്റുപേട്ട. മറ്റൊരു പുതിയ നഗരസഭയായ ഏറ്റുമാനൂര്‍, പഞ്ചായത്തായിരുന്നപ്പോള്‍ ഭരിച്ചിരുന്നത് യു ഡി എഫാണ്.
പഞ്ചായത്തുകളിലും യു ഡി എഫ്. ആധിപത്യം പ്രകടമായിരുന്നു. 73 പഞ്ചായത്തുകളുണ്ടായിരുന്നതില്‍ 58 ലും യു ഡി എഫ് അധികാരത്തിലേറി. 13 പഞ്ചായത്തുകളില്‍ എല്‍ ഡി എഫ് ഭരണം വന്നു. രണ്ടിടത്ത് മറ്റുള്ളവരുടെ ഭരണമായിരുന്നെങ്കിലും മുന്നണിയെട പിന്തുണയുണ്ടായിരുന്നു. യു ഡി എഫിന് ഭരണം ലഭിച്ച പഞ്ചായത്തുകള്‍ മുളക്കുളം, വെള്ളൂര്‍, മാഞ്ഞൂര്‍, മറവന്തുരുത്ത്, ടിവി പുരം,കടുത്തുരുത്തി, കല്ലറ, ഞീഴൂര്‍, ഏറ്റുമാനൂര്‍, അയ്മനം, അതിരമ്പുഴ, നീണ്ടൂര്‍, കടപ്ലാമറ്റം, മരങ്ങാട്ടുപിള്ളി, കാണക്കാരി, വെളിയന്നൂര്‍, കിടങ്ങൂര്‍, ഉഴവൂര്‍, രാമപുരം, ഭരണങ്ങാനം, കരൂര്‍, കടനാട്, കൊഴുവനാല്‍, മൂത്തോലി, മീനച്ചില്‍, മൂന്നിലവ്, മേലുകാവ്, പൂഞ്ഞാര്‍, ഈരാറ്റുപേട്ട, പൂഞ്ഞാര്‍ തെക്കേക്കര, തലപ്പലം, തീക്കോയി, തലനാട്, തിടനാട്, അകലക്കുന്നം, എലിക്കുളം, കൂരോപ്പട, പാമ്പാടി, പള്ളിക്കത്തോട്, മീനടം, അയര്‍ക്കുന്നം, തിരുവാര്‍പ്പ്, പുതുപ്പള്ളി, വിജയപുരം, മണര്‍കാട്, മാടപ്പള്ളി, വാകത്താനം, പനച്ചിക്കാട്, വാഴപ്പള്ളി, കങ്ങഴ, നെടുംങ്കുന്നം, വെള്ളാവൂര്‍, എരുമേലി, കാഞ്ഞിരപ്പള്ളി, കൂട്ടിക്കല്‍, മണിമല, പാറത്തോട്, മുണ്ടക്കയം.
എല്‍ ഡി എഫ് ഭരിച്ച പഞ്ചായത്തുകള്‍ വെച്ചൂര്‍, തലയോലപ്പറമ്പ്, ചെമ്പ്, തലയാഴം, ഉദയനാപുരം, കുമരകം, ആര്‍പ്പൂക്കര, കറുകച്ചാല്‍, കുറിച്ചി, പായിപ്പാട്, തൃക്കൊടിത്താനം, കുറവിലങ്ങാട്, ചിറക്കടവ്.
ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ ഇരുമുന്നണികളോടും മല്‍സരിച്ച് 21 ബി ജെ പി അംഗങ്ങളും കഴിഞ്ഞ തവണ തിരഞ്ഞെടുക്കപ്പെട്ടു. ബി ജെ പി പിന്തുണയുള്ള സ്വതന്ത്രരായി 22 പേരും പഞ്ചായത്ത് ഭരണസമിതികളിലെത്തി. ജില്ലയില്‍ പള്ളിക്കത്തോട്, ചിറക്കടവ്, പനച്ചിക്കാട് പഞ്ചായത്തുകളില്‍ ബി ജെ പിക്ക് ശക്തമായ വേരോട്ടമുണ്ടാക്കാനായി. കഴിഞ്ഞതവണ ചിറക്കടവില്‍ നാലംഗങ്ങളെ ലഭിച്ചു. പനച്ചിക്കാട്,പള്ളിക്കത്തോട് പഞ്ചായത്തുകളില്‍ മൂന്നുപേരെവീതം ജയിപ്പിക്കാനായി. വാഴൂരില്‍ രണ്ട് അംഗങ്ങളുണ്ട്.
കുറിച്ചി, ചിറക്കടവ്, മുത്തോലി, പൂഞ്ഞാര്‍ എന്നിവിടങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ബി ജെ പി ജയിച്ചു. കോട്ടയം നഗരസഭയില്‍ പാര്‍ട്ടിക്ക് നാല് അംഗങ്ങളുണ്ട്. രണ്ടുപേര്‍ ചിഹ്നത്തിലും രണ്ടുപേര്‍ പാര്‍ട്ടി പിന്തുണയുള്ള സ്വതന്ത്രരായും ജയിച്ചു. പാലാ നഗരസഭയിലേക്ക് സ്വതന്ത്രരായി ജയിച്ച രണ്ടംഗങ്ങള്‍ അടുത്തിടെ ബി ജെ പിയില്‍ ചേര്‍ന്നു. യു ഡി എഫ് പിന്തുണയോടെ കോരുത്തോട് പഞ്ചായത്തില്‍ ബി എസ് പി അംഗമായിരുന്നു പ്രസിഡന്റ്. വാഴൂരില്‍ സ്വതന്ത്രാംഗമാണ് പ്രസിഡന്റായത്. യു ഡി എഫ് പിന്തുണച്ചു. കുറവിലങ്ങാട്,ആര്‍പ്പൂക്കര പഞ്ചായത്തുകളില്‍ കക്ഷിനില തുല്യമായി വന്നതിനെത്തുടര്‍ന്ന് നറുക്കെടുപ്പിലൂടെ എല്‍ ഡി എഫിന് പ്രസിഡന്റ്സ്ഥാനവും യു ഡി എഫിന് വൈസ് പ്രസിഡന്റ്സ്ഥാനവും കിട്ടി.
റബ്ബര്‍വിലയിടിവ് തിരഞ്ഞെടുപ്പില്‍ യു ഡി എഫിന് തിരിച്ചടിയാകുമോയെന്ന ആശങ്ക യു ഡി എഫ് കേന്ദ്രങ്ങള്‍ പങ്കുവെക്കുന്നു. നാണ്യവിളകളുടെ വിലയിടിവും ബാര്‍ കോഴ, സോളാര്‍, കണ്‍സ്യൂമര്‍ ഫെഡ് അടക്കമുള്ള അഴിമതിക്കഥകളും യു ഡി എഫിനെതിരെ പ്രചാരണ ആയുധമാക്കാനാണ് ഇടതുമുന്നണി ആലോചിക്കുന്നത്. സര്‍ക്കാര്‍ കോട്ടയം ജില്ലയില്‍ നടപ്പാക്കിയ വികസന നേട്ടങ്ങളും റബ്ബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങളില്‍ റബ്ബര്‍ സബ്‌സിഡി അടക്കമുള്ള വിവിധ ഇടപെടലുളും യു ഡി എഫ് പ്രചരണായുധമാക്കും.
ഒപ്പം മതന്യൂനപക്ഷങ്ങള്‍ക്ക് നേരെ ബി ജെ പിയുടെ നേതൃത്വത്തില്‍ നടക്കുന്ന അതിക്രമങ്ങളും ഭീഷണികളും യു ഡി എഫ് തിരഞ്ഞെടുപ്പില്‍ മുഖ്യവിഷയമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ബി ജെ പിയാകട്ടെ മോദി പ്രഭാവത്തില്‍ ഇന്ത്യ വളരുന്നു എന്ന മുദ്രാവാക്യവും സംസ്ഥാനത്തെ വികസന മുരടിപ്പും ചൂണ്ടിക്കാട്ടിയാണ് വോട്ടര്‍മാരെ സമീപിക്കാന്‍ ഒരുങ്ങുന്നത്. പി സി ജോര്‍ജിന്റെ കേരള കോണ്‍ഗ്രസ് സെക്യുലര്‍ വിഭാഗം ഈ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിനൊപ്പമാണ്. പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി മേഖലകളില്‍ കേരള കോണ്‍ഗ്രസ് സെക്യുലറിന്റെ സ്വാധീന മേഖലകളാണ്. കേരള കോണ്‍ഗ്രസ് പി സി തോമസ് വിഭാഗം എന്‍ ഡി എ മുന്നണിയില്‍ ബി ജെ പിക്കൊപ്പമുണ്ട്. കോട്ടയം ജില്ലയില്‍ ബി ജെ പിക്ക് മതേതര മുഖം പ്രകടമാക്കാന്‍ പി സി തോമസിന്റെ കേരള കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ നല്‍കും. ക്രിസ്ത്യന്‍ വോട്ടര്‍മാരെ സ്വാധീനിക്കുക എന്ന ലക്ഷ്യവും തോമസിനെ ഒപ്പം ചേര്‍ക്കുന്നതിലൂടെ ബി ജെ പി ലക്ഷ്യമിടുന്നു. കുമരകം, അയ്മനം, വൈക്കം, മീനച്ചില്‍ പഞ്ചായത്തുകളില്‍ എസ് എന്‍ ഡി പിക്ക് ശക്തമായ അടിത്തറയുണ്ട്. മുന്‍ തിരഞ്ഞെടുപ്പുകളില്‍ ഇവിടങ്ങളില്‍ ഇടതുമുന്നണിക്ക് ലഭിച്ചിരുന്ന മേല്‍ക്കൈ പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ തങ്ങള്‍ക്ക് അനുകൂലമാക്കാമെന്ന വിലയിരുത്തലിലാണ് ബി ജെ പി ജില്ലാ നേതൃത്വം. രണ്ടുദിവസങ്ങള്‍ക്കുള്ളില്‍ സീറ്റുചര്‍ച്ചകള്‍ പൂര്‍ത്തിയാകുന്നതോടെ വാശിയേറിയ പോരാട്ടത്തിനാണ് കോട്ടയം ജില്ല വേദിയാകുക.