ശ്രീ നാരായണ ഗുരുവിന്റെ ചിത്രം പതിച്ച എസ് എന്‍ ഡി പി സ്ഥാനാര്‍ഥിയുടെ പോസ്റ്റര്‍ കള്ളുഷാപ്പില്‍

Posted on: October 10, 2015 6:00 am | Last updated: October 10, 2015 at 12:00 pm
SHARE

Kallu Shap Cherthalaചേര്‍ത്തല: ചേര്‍ത്തലയില്‍ ബി ജെ പി-എസ് എന്‍ ഡി പി സ്ഥാനാര്‍ഥിയുടെ പ്രചാരണത്തിന് വിവാദത്തോടെ തുടക്കം. മദ്യം കുടിക്കരുതെന്നും അത് വിഷമാണെന്നും ഉദ്‌ഘോഷിച്ച ശ്രീനാരായണഗുരുവിന്റെ പോസ്റ്റര്‍ കള്ളുഷാപ്പില്‍ പതിച്ചതാണ് വിവാദമായത്.
സ്ഥാനാര്‍ഥിയുടെ പ്രചാരണത്തിന്റെ ഭാഗമായുള്ള പോസ്റ്ററില്‍ ശ്രീനാരായണ ഗുരുനൊപ്പം പ്രധാനമന്ത്രി മോദിയുടെയും സ്ഥാനാര്‍ഥിയുടെയും ചിത്രവും ബി ജെ പിയുടെ ചിഹ്നമായ താമരയും പതിപ്പിച്ചിട്ടുണ്ട്. ചേര്‍ത്തല നഗരസഭ 20-ാം വാര്‍ഡിലെ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ട് ബി ജെ പി-എസ് എന്‍ ഡി പി സഖ്യ സ്ഥാനാര്‍ഥിയുടെ പേരിലുള്ള പോസ്റ്ററാണ് സമീപമുള്ള കള്ളുഷാപ്പിലെ മതിലില്‍ ഇടം നേടിയത്.
ഷാപ്പ് എന്ന് എഴുതിയ ബോര്‍ഡിനുകീഴിലാണ് ഗുരുവിന്റെ ചിത്രം അടങ്ങിയ നിരവധി പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. ബി ജെ പി-എസ് എന്‍ ഡി പി സഖ്യത്തിന്റേതായി പറയുന്ന ചേര്‍ത്തല മണ്ഡലത്തില്‍ പ്രത്യക്ഷപ്പെട്ട ആദ്യപോസ്റ്റര്‍ ആണ് ഇത്. ബഹുവര്‍ണത്തില്‍ തയ്യാറാക്കിയ പോസ്റ്റര്‍ വെള്ളിയാഴ്ച രാവിലെയാണ് വാര്‍ഡില്‍ പ്രത്യക്ഷപ്പെട്ടത്. ഇതിനിടയില്‍ പോസ്റ്ററില്‍ എസ്എന്‍ഡിപി എന്ന് ചേര്‍ത്തത് തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.