പത്മനാഭസ്വാമി ക്ഷേത്രം: എക്‌സി. ഓഫീസര്‍ക്ക് കോടതിയുടെ ശാസന

Posted on: October 10, 2015 6:09 am | Last updated: October 10, 2015 at 1:10 am
SHARE

supreme-court-indiaന്യൂഡല്‍ഹി: പത്മനാഭസ്വാമി ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ എന്‍ സതീഷിനെ സുപ്രീം കോടതി പരസ്യമായി ശാസിച്ചു. എക്‌സിക്യൂട്ടീവ് ഓഫീസര്‍ വിപ്ലവകാരിയാകാന്‍ ശ്രമിക്കരുതെന്നും രാജകുടുംബത്തിന്റെ ക്ഷേത്രത്തിലുള്ള അവകാശങ്ങള്‍ ചോദ്യം ചെയ്യാന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് അധികാരമില്ലെന്നും ജസ്റ്റിസുമാരായ അനില്‍ ആര്‍ ദവെയും ടി എസ് താക്കൂറും അടങ്ങിയ ബഞ്ച് വ്യക്തമാക്കി. ക്ഷേത്ര ട്രസ്റ്റിന്റെ 2008 മുതല്‍ 2014 വരെയുള്ള സാമ്പത്തിക ഇടപാടുകള്‍ ഓഡിറ്റ് ചെയ്യാന്‍ മുന്‍ സി എ ജി വിനോദ് റായിക്ക് കോടതി അനുമതി നല്‍കി.
രാജകുടുംബത്തെ വിമര്‍ശിച്ചും ക്ഷേത്ര ഭരണസമിതി അധ്യക്ഷയുടെ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ ചോദ്യം ചെയ്തും ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ എന്‍ സതീഷ് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ട്രസ്റ്റികളായ രാജകുടുംബാംഗങ്ങള്‍ ക്ഷേത്ര ദര്‍ശനത്തിനെത്തുമ്പോള്‍ ഭക്തരെ മാറ്റിനിര്‍ത്തി വിവേചനം സൃഷ്ടിക്കുന്നതായും സമൂഹത്തില്‍ നിന്ന് തുടച്ചുനീക്കപ്പെട്ട തൊട്ടുകൂടായ്മയുടെ മടക്കിക്കൊണ്ടുവരലാണ് രാജകുടുംബത്തിന്റെ ലക്ഷ്യമെന്നും ഇതില്‍ ആരോപിച്ചിരുന്നു.
സത്യവാങ്മൂലം പരിശോധിച്ച കോടതി കെ എന്‍ സതീഷിനെ കോടതിക്ക് മുമ്പിലേക്ക് വിളിച്ചുവരുത്തി പരസ്യമായി ശാസിച്ചു. സത്യവാങ്മൂലം പിന്‍വലിക്കാനും പുതിയത് നല്‍കാനും കോടതി ഉത്തരവിട്ടു. പുതിയ ഭരണസമിതി ചുമതലയേറ്റ ശേഷം ഇതാദ്യമായാണ് സുപ്രീം കോടതിയില്‍ നിന്ന് രൂക്ഷമായ വിമര്‍ശം നേരിടുന്നത്. രാജകുടുംബത്തിന്റെ അഭിഭാഷകനായ കെ കെ വേണുഗോപാലിനോട് സത്യവാങ്മൂലത്തിലെ ആരോപണങ്ങളെ കുറിച്ച് കെ എന്‍ സതീഷിനെ വിസ്തരിക്കാനും കോടതി ആവശ്യപ്പെട്ടു. വിസ്താരത്തിനിടെയാണ് കെ എന്‍ സതീഷ് വിപ്ലവകാരിയാകാന്‍ ശ്രമിക്കേണ്ടെന്ന് കോടതി താക്കീത് നല്‍കിയത്.
എല്ലാദിവസവും രാവിലെ രാജകുടുംബത്തിന് മാത്രമായി ക്ഷേത്രത്തില്‍ പ്രവേശിച്ച് പ്രാര്‍ഥിക്കാനുള്ള അവസരം തടയുന്നതായി രാജകുടുംബത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ കെ വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. രാജകുടുംബത്തിന്റെ സാന്നിധ്യത്തില്‍ സതീഷിനെ വിസ്തരിച്ച കെ കെ വേണുഗോപാല്‍, ആരാണ് താങ്കളോട് പക്ഷപാതപരമായി പെരുമാറണമെന്ന് ഭീഷണിപ്പെടുത്തിയതെന്ന് ചോദിച്ചു. വ്യക്തിപരമായി ആരും ആവശ്യമുന്നയിച്ചിട്ടില്ലെന്നും ബന്ധുക്കളില്‍ ചിലര്‍ തന്നെ വിളിച്ചിരുന്നുവെന്നുമായിരുന്നു സതീഷിന്റെ മറുപടി.
ഭീഷണിപ്പെടുത്തുന്ന കാര്യം എന്തുകൊണ്ട് പോലീസിനെയോ ക്ഷേത്രം ഭരണസമിതിയെയോ അറിയിച്ചില്ലെന്ന് ജസ്റ്റിസ് താക്കൂര്‍ ചോദിച്ചു. ആധുനികയുഗവുമായി ബന്ധമില്ലാത്ത കാര്യങ്ങളും വിലകളയുന്ന പ്രസ്താവനകളുമാണ് നിങ്ങള്‍ നടത്തുന്നത്. തൊട്ടുകൂടായ്മ തിരികെ കൊണ്ടുവരാനുള്ള ശ്രമമാണ് ക്ഷേത്രത്തില്‍ നടക്കുന്നതെന്നും ഇതിനുള്ള ശിക്ഷ ആറ് മാസമാണെന്നുമുള്ള പ്രഭാഷണങ്ങള്‍ കോടതിയില്‍ ഏഴുന്നള്ളിക്കേണ്ട. ഇതൊക്കെ കോടതിക്ക് അറിയാം. സമൂഹത്തില്‍ മാറ്റങ്ങള്‍ ഒരുദിവസം കൊണ്ട് ഉണ്ടാകില്ല. പ്രിവി പേഴ്‌സ് സമ്പ്രദായം നിര്‍ത്തലാക്കിയിട്ടുണ്ടെങ്കിലും ചില പാരമ്പര്യങ്ങള്‍ തുടരുന്നുണ്ട്. സ്വന്തം രാഷ്ട്രീയവും തത്വശാസ്ത്രവും ക്ഷേത്രകാര്യത്തില്‍ കലര്‍ത്തേണ്ട. രാജകുടുംബത്തിന് ക്ഷേത്രത്തിലുള്ള അവകാശം ചോദ്യം ചെയ്യാന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് അധികാരമില്ലെന്നും കോടതി പറഞ്ഞു.
ക്ഷേത്ര ഭരണസമിതി പറയുന്ന കാര്യങ്ങള്‍ നടപ്പിലാക്കുക എന്നത് മാത്രമാണ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ ഉത്തരവാദിത്വം. പരിധിവിട്ടാല്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സ്ഥാനത്തു നിന്ന് പുറത്താക്കേണ്ടിവരുമെന്നും കെ എന്‍ സതീഷിന് കോടതി മുന്നറിയിപ്പ് നല്‍കി.
തുടര്‍ന്നാണ് രാജകുടുംബത്തിനെതിരെയുള്ള സത്യവാങ്മൂലം പിന്‍വലിക്കാന്‍ കോടതി ആവശ്യപ്പെട്ടത്. എന്നാല്‍, സതീഷ് സ്വന്തം ഇഷ്ടപ്രകാരമാണ് ക്ഷേത്രത്തില്‍ നിയമനങ്ങള്‍ നടത്തിയതെന്ന രാജകുടുംബത്തിന്റെ വാദം കോടതി തള്ളിക്കളഞ്ഞു. ക്ഷേത്രത്തില്‍ നടക്കുന്ന കാര്യങ്ങളിലെല്ലാം കുറ്റം കണ്ടെത്താനാണ് രാജകുടുംബത്തിന്റെ ശ്രമമെന്നും ക്ഷേത്ര ഭരണം താറുമാറാക്കാനാണോ ശ്രമമെന്നും കോടതി ചോദിച്ചു.
ക്ഷേത്രത്തില്‍ വെങ്കിടേശ്വര സുപ്രഭാതം ചെല്ലണോ വേണ്ടയോ എന്ന തര്‍ക്കത്തില്‍ അന്തിമ തീരുമാനം ക്ഷേത്രം തന്ത്രി എടുക്കട്ടേ എന്നും കോടതി നിര്‍ദേശിച്ചു. പുതിയ സംവിധാനം ഏര്‍പ്പെടുത്തിയതോടെ ക്ഷേത്രഭരണത്തില്‍ സുതാര്യത കൈവന്നിട്ടുണ്ടെന്നും ഇതിന്റെ ഫലം ലഭിച്ചുതുടങ്ങിയതായും അമിക്കസ്‌ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം ചൂണ്ടിക്കാട്ടി.