Connect with us

Articles

അവരുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുക

Published

|

Last Updated

ഇന്ന് ലോക മാനസികാരോഗ്യ ദിനം. “മാനസിക രോഗികളുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുക” എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. ഇപ്പോള്‍ ഓര്‍മ്മ വരുന്നത് ഒരു സംഭവമാണ്. കഴിഞ്ഞ വര്‍ഷം സുഹൃത്തിനെയും കൂട്ടി~ഒരാളുടെ വീട്ടില്‍ പോകാനിടയായി. മാനസിക അസ്വസ്ഥതയുള്ള ഒരു സ്ത്രീ അവിടെയുണ്ടായിരുന്നു. കൂടെവന്ന സുഹൃത്ത് ഭയചകിതനായി ചോദിച്ചു: എന്താ ഇവിടെ ഒരു ഭ്രാന്തിയോ! ഭ്രാന്തുള്ളവരെല്ലാം അങ്ങ് ആകാശത്തേക്ക് പോകണോ എന്ന് അലസമായി മറുപടി പറഞ്ഞു. ഇത് അയല്‍വീട്ടിലെ സ്ത്രീയാണെന്ന് വ്യക്തമാക്കിയപ്പോള്‍ അശ്വാസത്തിന്റെ നെടുവീര്‍പ്പ് ഉയരുന്നത് കേള്‍ക്കാമായിരുന്നു.
കേരളം പല കാര്യങ്ങളിലും ഇതര സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെങ്കിലും മാനസികാരോഗ്യ അവബോധത്തിന്റെ കാര്യത്തില്‍ ഏറെ പിറകിലാണ്. മാനസിക രോഗങ്ങളും അസ്വസ്ഥതകളും അയല്‍ നാട്ടിലോ വീട്ടിലോ സംഭവിക്കുന്ന വിപത്തായിട്ടാണ് ആദ്യകാലങ്ങളില്‍ എല്ലാവരും കരുതിയിരുന്നത്. ഇത്തരം പ്രശ്‌നങ്ങള്‍ ഇന്ന് സ്വന്തം വീടിന്റെ ഉമ്മറപ്പടി കയറി വരുന്നത് ഭീതിയോടെ നിസ്സഹായരായി നോക്കി നില്‍ക്കുകയാണ് പലരും. കേരളത്തില്‍ ഒരു ലക്ഷം ആളുകളില്‍ 25 പേര്‍ ഓരോ വര്‍ഷവും ആത്മഹത്യ ചെയ്യുന്നുണ്ട് എന്നാണ് കണക്ക്. കേരള ജനസംഖ്യയുടെ ഒരു ശതമാനം ആളുകള്‍ ഗുരുതര മാനസികരോഗം ബാധിച്ചവരും മുപ്പതു ശതമാനത്തോളം ഏതെങ്കിലും മാനസിക അസ്വസ്ഥതകള്‍ അനുഭവിക്കുന്നവരുമാണ്. എന്നിട്ടും, മാനസികാരോഗ്യ വിദ്യാഭ്യാസം പൊതുജന പങ്കാളിത്തത്തോടെ വ്യാപകമാക്കാന്‍ കാര്യമായ ശ്രമങ്ങളൊന്നും എവിടെയും നടക്കുന്നില്ല. മാനസിക രോഗത്തോടും രോഗികളോടുമുള്ള നിഷേധാത്മകമായ പൊതുകാഴ്ചപ്പാടിനെ തിരുത്താനാവശ്യമായ പരിപാടികള്‍ സര്‍ക്കാര്‍ നടത്തേണ്ടതാണെങ്കിലും സര്‍ക്കാറിനെ മാത്രം പഴിചാരി മാറി നില്‍ക്കാന്‍ പറ്റുന്ന പ്രശ്‌നമല്ല അത്. ജനങ്ങള്‍ അവബോധമുള്ളവരായാല്‍ മാത്രമേ മാനസിക പ്രശ്‌നങ്ങള്‍ക്കുള്ള ചികിത്സ വേണ്ടവിധം ഉപയോഗപ്പെടുത്തുകയുള്ളു.
ഒരു കാലത്ത് മാനസിക രോഗികളെ പൊതു സമൂഹത്തില്‍ നിന്ന് അകറ്റി ബന്ധിച്ചിടുകയാണ് ചെയ്തിരുന്നത്. മലയാളികള്‍ അല്‍പം പരിഹാസത്തോടെ പറയാറുള്ള ഊളമ്പാറ, കുതിരവട്ടം എന്നീ സ്ഥലങ്ങളിലുള്ള മാനസികാരോഗ്യ കേന്ദ്രങ്ങള്‍ പണ്ട് രാജവാഴ്ച കാലത്ത് മനോരോഗികളെ ചുറ്റുമതില്‍ കെട്ടി പാര്‍പ്പിച്ചിരുന്ന സ്ഥലമാണത്രെ. ചികിത്സയൊന്നും അന്ന് നല്‍കിയിരുന്നില്ല. വൈദ്യശാസ്ത്രം കുറെ പുരോഗമിച്ചപ്പോള്‍ മസ്തിഷ്‌കത്തിലെ തകരാറാണ് മനോരോഗങ്ങളുടെ കാരണമെന്ന് കണ്ടെത്തി. ചികിത്സാ സംവിധാനം കൂടുതല്‍ മുന്നേറിയെങ്കിലും ജനങ്ങളിലേക്ക് ആ സന്ദേശം വേണ്ട രൂപത്തില്‍ എത്തിയിട്ടില്ല. കേരളത്തിന്റെ ഭീഷണിയായി അടുത്ത കാലത്ത് വളര്‍ന്നുവന്ന ക്യാന്‍സര്‍, ഹൃദയ രോഗങ്ങള്‍, വൃക്കരോഗങ്ങള്‍ എന്നിവക്ക് മെച്ചപ്പെട്ട ചികിത്സ ഒരുക്കുന്നതില്‍ സര്‍ക്കാറും സന്നദ്ധ സംഘടനകളും മുന്‍പന്തിയിലുണ്ട്. ഈ രോഗങ്ങള്‍ക്കുള്ള ചികിത്സ ജനകീയ പങ്കാളിത്തത്തോടെ നടത്തുന്നതിന്റെ വര്‍ത്തമാനങ്ങള്‍ ദിനംപ്രതി വായിക്കുന്നുണ്ട്. എന്നാല്‍, മറ്റുള്ള രോഗികള്‍ക്ക് ലഭിക്കുന്ന പോലെ, മാനസിക രോഗികളെ പരിചരിക്കാന്‍ പാലിയേറ്റീവ് സംവിധാനം വളരെകുറച്ച് മാത്രമാണ് ഉപയോഗിക്കുന്നത്. ഇതിന്റെ കാരണം സാമ്പത്തികമല്ല. മികച്ച ജീവനക്കാരുടെ അഭാവവും മാനസിക രോഗികളോടുള്ള അവജ്ഞയുമാണ് വിലങ്ങുതടി സൃഷ്ടിക്കുന്നത്. മാനസിക രോഗികളെ കൈകാര്യം ചെയ്യുന്നത് പ്രശ്‌നം പിടിച്ച ഏര്‍പ്പാടാണ് എന്ന ചിന്തയാണ് മറ്റൊരു കാരണം. മെച്ചപ്പെട്ട തൊഴില്‍ സൗകര്യങ്ങള്‍ ലഭിക്കുന്നതിനാലും സമൂഹത്തിന്റെ പിന്തുണ ലഭിക്കാത്തതിനാലും ജീവനക്കാര്‍ ഇതര മേഖലകളിലേക്ക് ചേക്കേറുന്നതും അവജ്ഞ നിറഞ്ഞ കാഴ്ചപ്പാടിനെ തിരുത്താനുള്ള ശ്രമങ്ങള്‍ നടക്കാതിരിക്കുന്നതും ഗൗരവപൂര്‍വം കണേണ്ട വിഷയമാണ്. മാനസിക പ്രശ്‌നങ്ങള്‍ക്കുള്ള ചികിത്സ വ്യാപകമാകുന്നതിന്റെ കൂടെ അവ എങ്ങനെ ഉപയോഗപ്പെടുത്തണമെന്ന അറിവും പ്രചരിക്കപ്പെടേണ്ടതുണ്ട്.
മാനസിക പ്രശ്‌നം എന്ന് കേള്‍ക്കുമ്പോള്‍ മനോമുകുരത്തില്‍ തെളിയുന്നത് ജഢ കുത്തിയ താടിയും മുടിയുമായി തെരുവിലലയുന്നവരുടെ ചിത്രമാണ്. പലരും മാനസിക പ്രശ്‌നങ്ങള്‍ക്ക് ചികിത്സയെടുക്കാതെ വഴിമാറി നടക്കാനുള്ള കാരണം മറ്റുള്ളവര്‍ തന്നെയും ഭ്രാന്തനായി കാണുമോ എന്ന പേടിയാണ്. സൂക്ഷ്മ തലത്തില്‍ മാനസിക പ്രശ്‌നങ്ങളെ മനഃശാസ്ത്ര പ്രശ്‌നങ്ങള്‍, മനോരോഗ പ്രശ്‌നങ്ങള്‍ എന്നിങ്ങനെ വിഭജിച്ചിട്ടുണ്ട്. മനഃശാസ്ത്ര പ്രശ്‌നങ്ങള്‍ കൗണ്‍സിലിങ്ങിലൂടെയും തീവ്രമായ മനോരോഗങ്ങള്‍ എന്ന ഗണത്തില്‍പ്പെടുന്നവ മരുന്ന് കൊണ്ടും തീവ്രമല്ലാത്ത മനോരോഗങ്ങള്‍ എന്ന ഗണത്തില്‍പ്പെടുന്നവ മരുന്നും കൗണ്‍സിലിംഗും ചേര്‍ന്നും ചികിത്സിക്കാവുന്നതാണ്. ലോകത്തിന്റെ ഭീഷണിയായി മാറിയ വിഷാദം രോഗം തീവ്രമല്ലാത്ത മനോരോഗം എന്ന ഗണത്തില്‍ പെടുന്നതാണ്. കുറച്ചു മുമ്പ് ജര്‍മ്മന്‍ വിങ്ങ്‌സ് എന്ന വിമാനം ആല്‍പ്‌സ് പര്‍വതത്തില്‍ ഇടിച്ച് നിരവധി ആളുകള്‍ മരിച്ചല്ലോ. ആ സമയം വിമാനം പറത്തിയിരുന്ന സഹപൈലറ്റ് കടുത്ത വിഷാദ രോഗിയായിരുന്നുവെന്നും അപകടം അയാള്‍ കരുതിക്കൂട്ടി ചെയ്തതാണെന്നും തെളിയുകയുണ്ടായി. ഇത്തരം രോഗികള്‍ക്ക് ജീവിതത്തെപ്പറ്റി പ്രത്യാശയുണ്ടായിരിക്കില്ല. ആത്മഹത്യയിലേക്ക് നയിക്കുന്ന കാരണങ്ങളില്‍ മൂന്നാം സ്ഥാനത്താണ് വിഷാദം. പ്രാരംഭ ഘട്ടത്തില്‍ തന്നെ മതിയായ ചികിത്സ കിട്ടുകയാണെങ്കില്‍ ഒരു വര്‍ഷംകൊണ്ട് നിയന്ത്രിക്കാവുന്ന അസുഖമാണ് വിഷാദം. അമേരിക്കന്‍ സൈക്യാട്രിക്ക് അസോസിയേഷന്‍ തയ്യാറാക്കിയ മാനസിക രോഗ നിര്‍ണയ മാന്വല്‍ അനുസരിച്ച് മാനസിക രോഗങ്ങള്‍ ഏകദേശം 450 തരത്തിലുണ്ട്. ലോകാരോഗ്യ സംഘടന മാനസിക രോഗപ്പട്ടികയില്‍ ചില സ്വഭാവ വൈകല്യങ്ങള്‍വരെ എണ്ണിയിട്ടുണ്ട്. ഇതിലെല്ലാം പലതും വളരെ നിസ്സാര അസുഖങ്ങളാണ്. ചില കുട്ടികളുടെ അച്ചടക്കരാഹിത്യം ഒരു വൈകല്യമാണെന്ന് പറഞ്ഞാല്‍ രക്ഷിതാക്കള്‍ക്ക് രസിച്ചുകൊള്ളണമെന്നില്ല. അതായത് മാനസിക രോഗങ്ങള്‍ എല്ലാം “ഭ്രാന്തല്ല”. എല്ലാ മാനസിക പ്രശ്‌നങ്ങളും ചികിത്സിച്ച് മാറ്റാവുന്നതോ ദീര്‍ഘകാല ചികിത്സയിലൂടെ ആശ്വാസം ലഭിക്കുന്നതോ ആണ്.
ഓരോരുത്തരും ചെറിയ മനഃശാസ്ത്രജ്ഞരാകുന്ന കാലത്തെപ്പറ്റി ചിന്തിക്കാന്‍ തുടങ്ങേണ്ടതുണ്ട്. ആധുനിക ജീവിതം മനോപ്രശ്‌നങ്ങളുടെ തോത് ഉയര്‍ത്തിയിരിക്കുകയാണ്. തനിക്കോ പരിചയത്തിലുള്ളവര്‍ക്കോ മാനസിക പ്രശ്‌നങ്ങളുണ്ടായാല്‍ കൈകാര്യം ചെയ്യുന്ന രീതി അറിയാതെ വെപ്രാളപ്പെടുന്ന അവസ്ഥ ഉണ്ടാവരുത്. മാനസിക പ്രശ്‌നമുള്ളവരും അല്ലാത്തവരും തമ്മില്‍ ഒരു നൂലിഴ വ്യത്യാസം മാത്രം. ചിന്തയിലും സ്വഭാവത്തിലുമുള്ള പ്രശ്‌നങ്ങള്‍ മാത്രമാണ് മാനസിക രോഗങ്ങളുടെ കാരണം എന്ന തെറ്റിദ്ധാരണ നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട് മനോരോഗം തനിക്ക് സംഭവിക്കാനുള്ളതല്ല എന്ന് ഓരോരുത്തരും ചിന്തിക്കുന്നു. ശാരീരിക ഘടകങ്ങളും ചിലപ്പോള്‍ മാനസിക രോഗത്തിന് കാരണമായേക്കും. അപകടം മൂലം തലക്ക് ക്ഷതം സംഭവിച്ചവര്‍ക്കുണ്ടാവുന്ന മാനസിക രോഗങ്ങള്‍ ഇതിന് ഒരു ഉദോഹരണമാണ്. ഒരാളുടെ മസ്തിഷ്‌കത്തിന്റെ ഘടനയില്‍ മാറ്റം വരുന്നത് കൊണ്ടുള്ള പ്രശ്‌നത്തില്‍ അയാള്‍ എന്ത് പിഴച്ചു! രോഗപീഢക്കു പുറമെ രോഗിക്ക് നോട്ടം കൊണ്ടും വാക്കുകൊണ്ടും സമൂഹം നല്‍കുന്ന ശിക്ഷ പാടില്ലാത്തതാണ്. രോഗിയേക്കാള്‍ രോഗം ഭേദമായവരുടെ അവസ്ഥയാണ് ഏറെ പരിതാപകരം. അവന് ആ അസുഖം വന്നല്ലോ എന്ന ചിന്തയല്ല വേണ്ടത്. എനിക്കും ആ അസുഖം വന്നുകൂടെ എന്ന ചിന്തയാണ് വേണ്ടത്. ശാരീരിക രോഗങ്ങളുടെ കാര്യത്തില്‍ ചികിത്സയെ ആശ്രയിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്ന ഒരു ഘടകം പരിശോധന നടത്തുന്ന ഉപകരണങ്ങളോടുള്ള അമിതമായ വിശ്വസമാണ്. മനുഷ്യന് തെറ്റുപറ്റിയാലും ഉപകരണത്തിന് തെറ്റു സംഭവിക്കില്ല എന്ന വിശ്വാസം. മാനസിക രോഗ നിയന്ത്രണത്തില്‍ യന്ത്ര പരിശോധന കൂടുതലായി ഇല്ലാത്തതിനാല്‍ ഒരല്‍പം ആശങ്കയോടെയാണ് ചികിത്സകനെ സമീപിക്കുന്നത്. മാനസിക രോഗങ്ങളെ നിര്‍ണയിക്കുന്നത് രോഗി പ്രകടിപ്പിക്കുന്ന ലക്ഷണങ്ങളുടേയും ബന്ധുക്കളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളുടേയും അടിസ്ഥാനത്തിലാണ്. നിയതമായ മാര്‍ഗ രേഖകള്‍ അനുസരിച്ചാണ് മാനസിക രോഗത്തെ നിര്‍ണയിക്കുന്നത്.
പ്രതിരോധമാണ് ചികിത്സയെക്കാള്‍ പ്രധാനമെന്ന് പറയാറുണ്ട്. മാനസികാരോഗ്യത്തിന്റെ കാര്യത്തില്‍ ഇത് അതിപ്രധാനമാണ്. മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിന് നിശ്ചിത കാരണങ്ങള്‍ ഒരു പഠനത്തിലും പറയുന്നില്ല. കൂടുതല്‍ പഠനങ്ങളും പറയുന്നത് ജൈവികവും മാനസികവും സാമൂഹികവുമായ ഘടകങ്ങളാണ് കാരണം എന്നാണ്. ഇത്തരം ഘടകങ്ങളെ പറ്റിയുള്ള അറിവ് രോഗത്തിനെതിരെ മുന്‍കരുതലെടുക്കാന്‍ സഹായിക്കും. കുട്ടികളെ മികച്ച മാനസികാരോഗ്യമുള്ളവരാക്കാന്‍ രക്ഷിതാക്കള്‍ക്ക് അറിവ് നിര്‍ബന്ധമാണ്. ലോക ഭാഷകളും. സാങ്കേതികവിദ്യകളും പരമാവധി ഉപയോഗപ്പെടുത്താന്‍ എല്ലാവരും തത്പരരാണ്. ജീവിതത്തിന് ഏറ്റവും ആവശ്യമുള്ള മനഃശാസ്ത്രത്തെ നിത്യജീവിതവുമായി ബന്ധിപ്പിക്കാന്‍ സാധിക്കണം. സ്വന്തത്തെയും മറ്റുള്ളവരെയും മനഃശാസ്ത്ര വീക്ഷണത്തില്‍ നോക്കിക്കാണുന്നത് ജീവിതം കൂടുതല്‍ അനായാസകരവും ആനന്ദകരവുമാക്കിത്തീര്‍ക്കും. ജീവിതത്തില്‍ കണ്ടുമുട്ടുന്നവരെ മുഴുവന്‍ മനഃശാസ്ത്ര വീക്ഷണത്തില്‍ നോക്കിക്കാണണം എന്നു പറഞ്ഞാല്‍ ഒരു തെറ്റിദ്ധാരണ വരാനിടയുണ്ട്. മനഃശാസ്ത്രം ശാസ്ത്രമാണ്. ശാസ്ത്ര നിര്‍മിതമാണ്. ഒരു അടുത്ത സുഹൃത്തിനെ കാണുമ്പോള്‍ പോലും സ്വാഭാവികമായുണ്ടാകുന്ന വികാര പ്രകടനങ്ങള്‍ക്കു പകരം നിര്‍മ്മിതമായ മനഃശാസ്ത്രത്തിലധിഷ്ഠിതമായ ഇടപെടലാണോ വേണ്ടത്? ഒരിക്കലുമല്ല. മനഃശാസ്ത്രം മനുഷ്യ ജീവിതത്തെ ഒഴുക്കുള്ളതാക്കാന്‍ വേണ്ടിയുള്ളതാണ്. ആ ഒഴുക്ക് നടക്കുന്നുണ്ടെങ്കില്‍ പിന്നെ മനഃശാസ്ത്രം പ്രയോഗിക്കാതിരിക്കലാണ് മനഃശാസ്ത്രം. മനഃശാസ്ത്രം തോന്നിയ പോലെ തന്ത്രങ്ങള്‍ പ്രയോഗിക്കലല്ല. തന്ത്രങ്ങള്‍ പ്രയോഗിച്ചാല്‍ അത് മറ്റുള്ളവര്‍ക്ക് പിന്നീടെങ്കിലും മനസ്സിലാകും. നന്മയാണ് ഉദ്ദേശ്യമെങ്കിലും കളവ് പറഞ്ഞും പ്രലോഭിപ്പിച്ചും മനഃശാസ്ത്ര ഇടപെടല്‍ നടത്താന്‍ സാധിക്കില്ല. തൊഴില്‍, കുടുംബ ജീവിതം, സാമൂഹിക ബന്ധങ്ങള്‍, പഠനം, അധ്യാപനം, സേവനങ്ങള്‍ എന്നിവയിലുള്ള പുരോഗതിക്ക് മനഃശാസ്ത്ര അറിവുകള്‍ സഹായിക്കുന്നു. വ്യക്തിത്വ വികസന ശില്പശാലകളെല്ലാം തട്ടിപ്പാണ് എന്ന നിഗമനത്തിലേക്ക് ഒരാളെ നയിക്കുന്നത് മനഃശാസ്ത്രത്തെ കുറിച്ചുള്ള അമിതമായ പ്രതീക്ഷയാണ്. ഒരു ദിവസത്തെ ക്ലാസ് കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ താന്‍ വ്യക്തിത്വം പൂര്‍ണമായും പ്രഫുല്ലമായി നില്‍ക്കുന്ന വ്യക്തിയാകണമെന്നും ഞൊടിയിടയില്‍ ഫലം ലഭിക്കണമെന്നുമുള്ള അമിതമായ പ്രതീക്ഷ പാടില്ല. ക്രമേണ പടിപടിയായി ലഭിക്കുന്ന ഫലമാണ് മനഃശാസ്ത്രത്തിന്റെ ആസ്ഥി.

 

Latest