കുറഞ്ഞ ചെലവില്‍ തല ചായ്ക്കാനിടം

Posted on: October 9, 2015 6:54 pm | Last updated: October 9, 2015 at 6:54 pm
SHARE

kannadiവാടക വര്‍ധിച്ച് കുത്തുപാളയെടുക്കേണ്ടി വരുന്നവര്‍ക്ക് സന്തോഷവാര്‍ത്ത. വാടക ഇനി കുറയാനാണ് സാധ്യത. ദുബൈയില്‍ ഈ വര്‍ഷം പത്തു ശതമാനം വരെ കുറയുമെന്ന് ആഗോള റിയല്‍ എസ്റ്റേറ്റ് കള്‍സള്‍ട്ടന്റായ ജെ എല്‍ എല്‍. സി ഇ ഒ അലന്‍ റോബേര്‍ട്ടസണ്‍ ചൂണ്ടിക്കാട്ടുന്നു. നിരവധി പുതിയ കെട്ടിടങ്ങള്‍ ഉയര്‍ന്നുവന്നതാണ് കാരണം. അതുകൊണ്ടുതന്നെ വാടകക്കാരെ ആകര്‍ഷിക്കാന്‍ ഒന്നോ രണ്ടോ മാസം താമസകേന്ദ്രം സൗജന്യമാക്കാനും ഉടമകള്‍ തയ്യാറായേക്കും.
2008 മുതല്‍ 2010 വരെ ഇത്തരത്തില്‍ സൗജന്യം അനുവദിച്ചിരുന്നു. കെട്ടിട നടത്തിപ്പുകാരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. സൗജന്യ പാര്‍ക്കിംഗും ഏര്‍പെടുത്തിയിരുന്നു ഈ വര്‍ഷം 25,000 ഭവനങ്ങളാണ് ദുബൈയില്‍ പുതുതായി ആരംഭിച്ചത്. തുടക്കത്തില്‍ തന്നെ 4000 ഭവനങ്ങള്‍ തയ്യാറായി. 2016ല്‍ 22,000 ഭവനങ്ങള്‍ പൂര്‍ത്തിയാകും. 2018ല്‍ 90,000 വരെ പുതിയ ഭവനങ്ങള്‍ തയ്യാറാകും. വേള്‍ഡ് എക്‌സ്‌പോ 2020 കണക്കിലെടുത്താല്‍ പോലും ധാരാളം അപ്പാര്‍ട്ട്‌മെന്റുകള്‍ ഒഴിഞ്ഞുകിടക്കും.
അബുദാബിയിലും സമാനസ്ഥിതിയാണ്. വാടക വര്‍ധനവ് ദുര്‍ബലപ്പെടുകയാണ്. 2013ല്‍ ഒമ്പത് ശതമാനം വര്‍ധിച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷം അത് 2.7 ശതമാനമായി കുറഞ്ഞു. ചില പ്രദേശങ്ങളില്‍ ധാരാളം കെട്ടിടങ്ങള്‍ പുതുതായി ഉയര്‍ന്നുവന്നു. പലരും കുറഞ്ഞ വാടകയുള്ള പ്രദേശങ്ങളിലേക്ക് താമസം മാറ്റി. നഗരത്തിനു സമീപമുള്ള റീം ഐലന്റില്‍ പറയത്തക്ക വാടക വര്‍ധനവ് ആരംഭിച്ചിട്ടില്ല. പുതിയ കെട്ടിടത്തില്‍ രണ്ട് കിടപ്പുമുറികളുള്ള അപ്പാര്‍ട്ട്‌മെന്റ് 1.2 ലക്ഷം ദിര്‍ഹമിന് ലഭ്യമാണ്. ”ഹൈഡ്ര അവന്യൂ” മാത്രം 906 അപ്പാര്‍ട്ടുമെന്റുകള്‍ പണി പൂര്‍ത്തിയാക്കി. 2.10 ലക്ഷം ആളുകള്‍ക്ക് താമസിക്കാനുള്ള സൗകര്യം റീം ഐലന്റില്‍ ഒരുങ്ങുന്നുണ്ട്. കഴിഞ്ഞ വര്‍ഷം അബുദാബിയില്‍ വാടക കുത്തനെ ഉയര്‍ന്നു. 17 ശതമാനം വരെ വര്‍ധിച്ചു. നിരവധി വിദേശീ കുടുംബങ്ങള്‍ നാട്ടിലേക്ക് മടങ്ങി. വാടക പരിധി നിയമം ഉപേക്ഷിക്കപ്പെട്ടതിനാല്‍ കെട്ടിടമുടമകള്‍ തോന്നിയ പോലെ വാടക കൂട്ടി.
ഓഫീസ് വാടകയിലും കുറവു വരുമെന്നാണ് പ്രതീക്ഷ. പല എമിറേറ്റുകളിലും സ്വതന്ത്ര വ്യാപാര മേഖലകള്‍ വന്നതിനാല്‍ ഓഫീസ് എവിടെ ആയാലും കുഴപ്പമില്ല, എന്ന അവസ്ഥയാണ്. യു എ ഇയുടെ വടക്കന്‍ എമിറേറ്റുകളില്‍ കുറഞ്ഞ നിരക്കിന് ഓഫീസുകള്‍ ലഭ്യം. അവിടെ ലൈസന്‍സ് ഉറപ്പിച്ച് യു എ ഇയുടെ വിവിധ എമിറേറ്റുകളില്‍ പ്രവര്‍ത്തിക്കാവുന്നതാണ്.
എണ്ണ വിലിയിടിവ് കമ്പോളത്തെ ബാധിച്ചിട്ടുണ്ട്. അത് സ്വാഭാവികമായും റിയല്‍എസ്റ്റേറ്റ് മേഖലയിലും പ്രതിഫലിക്കും. കെട്ടിടങ്ങളുടെ വിലയിടിവും ആനുപാതികമായി വാടക കുറയും. ഇത് ഗുണകരമാകുന്നത് സാധാരണക്കാരായ വിദേശികള്‍ക്കാണ്. ബാച്ചിലര്‍ കിടക്കയിടത്തിന് കഴിഞ്ഞ വര്‍ഷം 10 മുതല്‍ 20 വരെ ശതമാനം വര്‍ധിച്ചിരുന്നു. അത് ഈ വര്‍ഷം സന്തുലിതമാവുകയോ കുറയുകയോ ചെയ്യും.
ഇടനിലക്കാരുടെ ബലം പിടുത്തവും ഒഴിഞ്ഞുപോകും. അടുത്ത വര്‍ഷം കുറഞ്ഞ ചെലവില്‍ തല ചായ്ക്കാനിടം കിട്ടുമെന്ന് ഉറപ്പിക്കാം.