Connect with us

Gulf

യു എ ഇക്ക് ലഭിച്ചത് പതിനായിരം കോടി വിദേശ നിക്ഷേപം

Published

|

Last Updated

ദുബൈ: കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ യു എ ഇ 10,000 കോടി ഡോളര്‍ വിദേശ നിക്ഷേപം ആകര്‍ഷിച്ചതായി സാമ്പത്തിക മന്ത്രി സുല്‍ത്താന്‍ ബിന്‍ സഈദ് അല്‍ മന്‍സൂരി വെളിപ്പെടുത്തി.
500 രാജ്യാന്തര കമ്പനികളാണ് രാജ്യത്ത് നിക്ഷേപം ഇറക്കിയിരിക്കുന്നത്. റാസല്‍ ഖൈമയില്‍ നടന്ന യു എ ഇ ഇക്കണോമിക് പ്ലാനിംഗ് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. നിലവില്‍ രാജ്യത്തിന്റെ വരുമാനത്തിന്റെ 69 ശതമാനവും ലഭിക്കുന്നത് എണ്ണയില്‍ നിന്നാണ്. സമ്പദ്‌വ്യവസ്ഥ എണ്ണയെ കൂടുതല്‍ ആശ്രയിക്കുന്നതില്‍നിന്നു മോചിപ്പിക്കാനാണ് ശ്രമിക്കുന്നത്. അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ ഇതില്‍ 20 ശതമാനം കുറക്കാനാണ് ശ്രമം.
സുപ്രിം കൗണ്‍സില്‍ അംഗവും റാസല്‍ ഖൈമ ഭരാണാധികാരിയുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമി ഇക്കണോമിക് പ്ലാനിംഗ് ഫോറം ഉദ്ഘാടനം ചെയ്തു. ലോകത്തിലെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വെറും 44 വര്‍ഷത്തിനകം യു എ ഇ സാമ്പത്തികമായി അസൂയാവഹമായ പുരോഗതിയാണ് നേടിയിരിക്കുന്നതെന്ന് അല്‍ മന്‍സൂരി വ്യക്തമാക്കി. 1971ല്‍ 650 കോടി ദിര്‍ഹമായിരുന്നു രാജ്യത്തിന്റെ മൊത്തം വരുമാനമെങ്കില്‍ കഴിഞ്ഞ വര്‍ഷം അത് 1.47 ലക്ഷം കോടിയായി ഉയര്‍ന്നു. എണ്ണ വിലയില്‍ വന്‍ ഇടിവ് നേരിടുമ്പോഴും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ ക്രിയാത്മകമായ മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്. രാജ്യം പിന്തുടരുന്ന സാമ്പത്തിക നയമാണ് ഇത്തരം ഒരു നേട്ടത്തിന് ഇടയാക്കുന്നതെന്നും അല്‍ മന്‍സൂരി പറഞ്ഞു.

Latest