ലോകകപ്പ് യോഗ്യത: ബ്രസീലിനും അര്‍ജന്റീനയ്ക്കും തോല്‍വി

Posted on: October 9, 2015 9:52 am | Last updated: October 11, 2015 at 4:50 pm
SHARE

qualifier
സാന്റിയാഗോ: 2018ലെ ലോകകപ്പിനുള്ള ലാറ്റിനമേരിക്കന്‍ യോഗ്യതയില്‍ വമ്പന്‍മാര്‍ക്ക് തോല്‍വിയോടെ തുടക്കം. ബ്രസീല്‍ കോപ്പ ചാമ്പ്യന്‍മാരായ ചിലിയോടും അര്‍ജന്റീന ഇക്വഡോറിനോടും പരാജയപ്പെട്ടു. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ഇരു ടീമുകളുടേയും തോല്‍വി.
വിലക്കിനെത്തുടര്‍ന്ന് സൂപ്പര്‍ താരം നെയ്മര്‍ ഇല്ലാതെയിറങ്ങിയ ബ്രസീലിന്റെ മുന്നേറ്റങ്ങള്‍ക്ക് മൂര്‍ച്ച കുറവായിരുന്നു. ആദ്യ പകുതി ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചപ്പോള്‍ രണ്ടാം പകുതിയിലായിരുന്നു ചിലി ബ്രസീലിനെ ഞെട്ടിച്ചത്. 71ാം മിനിറ്റില്‍ ഫെര്‍ണാണ്ടസ് എടുത്ത ഫ്രീക്കിക്ക് വര്‍ഗാസ് വലയിലെത്തിച്ചു. ഇതോടെ ബ്രസീല്‍ കൂടുതല്‍ സമ്മര്‍ദത്തിലായി. കളി അന്ത്യത്തോടടുക്കവെ ചിലി വിജയത്തിന്റെ മാറ്റുകൂട്ടി. 90ാം മിനിറ്റില്‍ സൂപ്പര്‍ താരം സാഞ്ചസ് മികച്ച ഒരു മുന്നേറ്റത്തിലൂടെ പന്ത് ബ്രസീലിന്റെ വലയിലെത്തിച്ചു. 2000ന് ശേഷം ഇതാദ്യമായാണ് ചിലി ബ്രസീലിനെ തോല്‍പ്പിക്കുന്നത്. ഏഴ് വര്‍ഷത്തിന് ശേഷമാണ് ബ്രസീല്‍ ലോകകപ്പ് യോഗ്യത കളിക്കുന്നത്.
പരിക്കിനെതുടര്‍ന്ന് സൂപ്പര്‍ താരം മെസ്സിയില്ലാതെയിറങ്ങിയ അര്‍ജന്റീനയ്ക്കും യോഗ്യതാ റൗണ്ടിന്റെ തുടക്കം ശുഭകരമല്ല. ഇക്വഡോറിനോടായിരുന്നു അര്‍ജന്റീനയുടെ തോല്‍വി. കളി അവസാനത്തോടടുക്കവേയായിരുന്നു ഇക്വഡോറിന്റെ രണ്ട് ഗോളും. 81ാം മിനിറ്റില്‍ എറാസോയും 82ാംമിനിറ്റില്‍ സെയ്കഡോയും ഇക്വഡോറിനായി ഗോളുകള്‍ നേടി. അര്‍ജന്റീനന്‍ പ്രതിരോധത്തിന്റെ മുഴുവന്‍ ദൗര്‍ബല്യവും തുറന്നു കാണിക്കുന്നതായിരുന്നു ഇക്വഡോറിന്റെ രണ്ടാം ഗോള്‍. 2018ല്‍ റഷ്യയിലാണ് ലോകകപ്പ്.

ire

യൂറോ 2016നുള്ള യോഗ്യതയിലും വന്‍ അട്ടിമറി നടന്നു. ലോകചാമ്പ്യന്‍മാരായ ജര്‍മ്മനിയെ അയര്‍ലന്റാണ് അട്ടിമിറിച്ചത്. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഐറിഷ് പടയുടെ വിജയം. 70ാം മിനിറ്റില്‍ ലോംഗാണ് അയര്‍ലന്റിന് വിലപ്പെട്ട വിജയഗോള്‍ സമ്മാനിച്ചത്. മറ്റു മത്സരങ്ങളില്‍ പോര്‍ച്ചുഗല്‍ ഡെന്‍മാര്‍ക്കിനേയും (1_0) സെര്‍ബിയ അല്‍ബേനിയയേയും (2_0) തോല്‍പ്പിച്ചു.