വെള്ളാപ്പള്ളിയുടെ സമസ്ത മുന്നേറ്റ യാത്ര സ്‌പോണ്‍സര്‍ ചെയ്യുന്നത് ആര്‍ എസ് എസ്‌

Posted on: October 9, 2015 12:42 am | Last updated: October 9, 2015 at 12:42 am
SHARE

g madhavan nair>>മാധവന്‍നായരുടെ ആര്‍ എസ് എസ് ബന്ധം പുറത്ത്‌

ആലപ്പുഴ: എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ തുടങ്ങുന്ന പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ രൂപവത്കരണവുമായി ബന്ധപ്പെട്ട് അടുത്ത മാസം 23ന് കാസര്‍കോട് മധൂരില്‍ നിന്നാരംഭിക്കുന്ന സമസ്ത മുന്നേറ്റയാത്ര സ്‌പോണ്‍സര്‍ ചെയ്യുന്നത് ആര്‍ എസ് എസ്.യാത്രയുടെ ഉദ്ഘാടന കേന്ദ്രമായി തിരഞ്ഞെടുത്ത മധൂര്‍ പ്രദേശം പൂര്‍ണമായും ബി ജെ പിയുടെ നിയന്ത്രണത്തിലാണ്. ഇവിടുത്തെ പ്രാദേശിക ഭരണത്തില്‍ മതേതര പാര്‍ട്ടികള്‍ക്കൊന്നും പങ്കില്ലെന്നതും വെള്ളാപ്പള്ളിയുടെ സംഘ്പരിവാര്‍ ബന്ധത്തിന്റെ വ്യക്തമായ തെളിവാണ്. ബി ജെ പിയുമായോ സംഘ്പരിവാറുമായോ തനിക്ക് ബന്ധമില്ലെന്ന് വെളിപ്പെടുത്തുന്ന വെള്ളാപ്പള്ളി, സമസ്ത യാത്രയുടെ രക്ഷാധികാരിയായി നിശ്ചയിച്ചിട്ടുള്ള ഐ എസ് ആര്‍ ഒ മുന്‍ ചെയര്‍മാന്‍ ജി മാധവന്‍ നായര്‍ കറതീര്‍ന്ന ആര്‍ എസ് എസുകാരനാണെന്ന് അടുത്തിടെ ആര്‍ എസ് എസ് വിട്ട് സി പി എമ്മില്‍ ചേര്‍ന്ന കണ്ണൂര്‍ സ്വദേശി സുധീഷ് മിന്നി വെളിപ്പെടുത്തി.
ആര്‍ എസ് എസിന്റെ സംസ്ഥാന കാര്യാലയമായ എറണാകുളത്തെ എളമക്കരയിലുള്ള മാധവ നിവാസിലെ ശാഖയില്‍ പലതവണ പൂര്‍ണ ഗണവേഷധാരി(കാക്കി നിക്കറും വെള്ളഷര്‍ട്ടും അണിഞ്ഞ്)യായി ഡോ ജി മാധവന്‍നായര്‍ പങ്കെടുത്തിട്ടുണ്ടെന്ന് സുധീഷ് മിന്നി വെളിപ്പെടുത്തി. ആര്‍ എസ് എസിന്റെ പരിവാര്‍ പ്രസ്ഥാനമായ സ്വദേശി സയന്‍സ് മൂവ്‌മെന്റും ഇതിന്റെ ഉത്തരേന്ത്യന്‍ ഘടകമായ വിജ്ഞാന്‍ഭാരതിയുടെയും ആഭിമുഖ്യത്തില്‍ നടത്തിയ എണ്ണമറ്റ പരിപാടികളില്‍ ഡോ. ജി മാധവന്‍നായര്‍ അധ്യക്ഷനായിരുന്നു. എറണാകുളത്ത് സ്വദേശി സയന്‍സ് മൂവ്‌മെന്റ് നടത്തിയ ‘പൃഥ്വി’ എന്ന പരിപാടിയുടെ ഓര്‍ഗനൈസിംഗ് കമ്മിറ്റിയില്‍ പ്രമുഖനായിരുന്നു മാധവന്‍നായര്‍. താന്‍ മുമ്പ് പങ്കെടുത്തിട്ടുള്ള ആര്‍ എസ് എസിന്റെ ഓഫീഷ്യല്‍ ട്രെയിനിംഗ് ക്യാമ്പില്‍(ഒ ടി സി) പൂര്‍ണ ഗണവേഷധാരിയായി ഈ ശാസ്ത്രജ്ഞന്‍ ക്ലാസെടുക്കാനെത്തിയിരുന്നതായും സുധീഷ് വെളിപ്പെടുത്തി.
മാധവന്‍ നായരെ തന്റെ യാത്രയുടെ മുഖ്യരക്ഷാധികാരിയായി നിശ്ചയിച്ചു നല്‍കിയത് ആര്‍ എസ് എസ് ആണെന്നും ഇത് മറച്ചുവെച്ച് നിഷ്പക്ഷമതിയായ ശാസ്ത്രജ്ഞനായി അദ്ദേഹത്തെ പരിചയപ്പെടുത്താനുള്ള വെള്ളാപ്പള്ളിയുടെ കാപട്യം കേരള സമൂഹം തിരിച്ചറിയുമെന്നും മുന്‍ ആര്‍ എസ് എസ് പ്രചാരക് പറഞ്ഞു. മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന് പഠിപ്പിച്ച ശ്രീനാരായണ ഗുരുവിന്റെ പാതാവാഹകനെന്ന് വിശേഷിപ്പിക്കുന്ന വെള്ളാപ്പള്ളി നിഷ്പക്ഷതയുടെ മുഖംമൂടി ധരിച്ച് സവര്‍ണ രാഷ്ട്ര വക്താക്കളായ ആര്‍ എസ് എസ് എന്ന ഫാസിസ്റ്റ് സംഘടനയുടെ വക്താവായി മാറയിരിക്കുകയാണെന്നും ഈ ബാന്ധവത്തിന്റെ സംശയാതീതമായ തെളിവാണ് സമസ്ത മുന്നേറ്റയാത്രയെന്നും അദ്ദേഹം പറഞ്ഞു. ആര്‍ എസ് എസിന്റെ വലയില്‍ കുടുങ്ങിയ വെള്ളാപ്പള്ളിയുടെ ആദ്യനാടകത്തിന്റെ അരങ്ങേറ്റമാണ് 23 ന് നടക്കാന്‍ പോകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.