എണ്ണ പ്രതിസന്ധി: നേപ്പാള്‍ ആകാശ മാര്‍ഗം ബദല്‍വഴി ആലോചിക്കുന്നു

Posted on: October 9, 2015 5:39 am | Last updated: October 9, 2015 at 12:39 am
SHARE

കാഠ്മണ്ഡു: എണ്ണ പ്രതിസന്ധി പരിഹരിക്കുന്നതിന് നേപ്പാള്‍ ബംഗ്ലാദേശില്‍ നിന്നോ മലേഷ്യയില്‍നിന്നോ ആകാശ മാര്‍ഗം എണ്ണയെത്തിക്കുന്ന കാര്യം പരിഗണിക്കുന്നു. റോഡ് മാര്‍ഗമുള്ള എണ്ണ വിതരണം തടസ്സപ്പെട്ടതു വന്‍ പ്രതിസന്ധിയായ സാഹചര്യത്തിലാണിത്. ചൈന അതിര്‍ത്തിയില്‍ ഒരു പെട്രോളിയം സംഭരണ കേന്ദ്രം തുടങ്ങാനും പദ്ധതിയുണ്ട്. എണ്ണ വരവ് നിലച്ച സാഹചര്യത്തില്‍ നേപ്പാള്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഇറക്കുമതിക്കായി മറ്റ് മാര്‍ഗങ്ങള്‍ തേടുകയാണെന്ന് കാഠ്മണ്ഡു പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ഇറക്കുമതിക്കായി ഹ്രസ്വകാല – ദീര്‍ഘകാല പദ്ധതികളാണ് കോര്‍പറേഷന്‍ ആവിഷ്‌കരിക്കുന്നത്. ഹ്രസ്വകാല പരിഹാരമെന്ന നിലയിലാണ് ബംഗ്ലാദേശില്‍നിന്നൊ മലേഷ്യയില്‍നിന്നൊ ഇറക്കുമതിക്ക് പദ്ധതിയിടുന്നത്. ദീര്‍ഘകാല പദ്ധതിയുടെ ഭാഗമായി ചൈനയില്‍നിന്നും എണ്ണയെത്തിക്കുന്നതിനുള്ള സാധ്യതാ പഠനത്തിനായി സാങ്കേതിക സംഘത്തെ അങ്ങോട്ടേക്കയക്കും. കഴിഞ്ഞ ദിവസം നടന്ന എന്‍ ഒ സി യോഗത്തില്‍ നേപ്പാള്‍-ചൈന അതിര്‍ത്തിയില്‍ പെട്രോളിയം സംഭരണ കേന്ദ്രം നിര്‍മിക്കാനുള്ള നിര്‍ദേശം കോര്‍പറേഷന്‍ സര്‍ക്കാറിന് മുന്നില്‍ വെച്ചിട്ടുണ്ട്. ലേല നടപടികളില്ലാതെ എണ്ണ ഇറക്കുമതി ചെയ്യാനുള്ള സര്‍ക്കാറിന്റെ അനുവാദത്തിനാണ് എന്‍ ഒ സി ശ്രമിക്കുന്നത്.