കൂക്കിവിളി, മുട്ടയേറ്, ഒടുക്കം കണ്ണീര്‍ വാതകവും- കൊസോവന്‍ പാര്‍ലിമെന്റില്‍ പ്രതിപക്ഷത്തിന്റെ നാടകീയ പ്രതിഷേധം

Posted on: October 9, 2015 6:00 am | Last updated: October 9, 2015 at 12:38 am
SHARE
കൊസോവയിലെ പാര്‍ലിമെന്റിനുള്ളില്‍ പ്രതിപക്ഷം  കണ്ണീര്‍വാതക പ്രയോഗം നടത്തിയതിനെ തുടര്‍ന്ന് പുക ഉയരുന്നു
കൊസോവയിലെ പാര്‍ലിമെന്റിനുള്ളില്‍ പ്രതിപക്ഷം കണ്ണീര്‍വാതക പ്രയോഗം നടത്തിയതിനെ തുടര്‍ന്ന് പുക ഉയരുന്നു

പ്രിസ്റ്റിന: കൊസോവയിലെ പാര്‍ലിമെന്റില്‍ പ്രതിപക്ഷ എം പിമാര്‍ കണ്ണീര്‍വാതക ഷെല്ലുകള്‍ പ്രയോഗിച്ചു. ഇതേ തുടര്‍ന്ന് രണ്ട് എം പിമാര്‍ ബോധരഹിതരായി. പാര്‍ലിമെന്റിനുള്ളില്‍ പുക നിറഞ്ഞതോടെ ഉടന്‍ പാര്‍ലിമെന്റ് സെഷന്‍ പിരിച്ചുവിടുകയും ചെയ്തു. യൂറോപ്യന്‍ യൂനിയന്റെ മധ്യസ്ഥതയില്‍ സെര്‍ബിയയുമായി നടത്തിയ കരാറില്‍ പ്രതിഷേധിച്ചായിരുന്നു പ്രതിപക്ഷ എം പിമാര്‍ പാര്‍ലിമെന്റിനുള്ളില്‍ വിചിത്രമായ പ്രതിഷേധം നടത്തിയത്. പാര്‍ലിമെന്റിനുള്ളിലുണ്ടായിരുന്ന വനിതാ എം പിമാരെ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു. പാര്‍ലിമെന്റിന് പുറത്ത് വെച്ച് ചില എം പിമാര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കി. അസംബ്ലിയിലെ അധ്യക്ഷ സ്താനത്തിനടുത്ത് പ്രതിപക്ഷ എം പിമാര്‍ സ്ഥാപിച്ചിരുന്ന രണ്ട് പെട്ടികളില്‍ നിന്നാണ് കണ്ണീര്‍വാതക പുക ഉയര്‍ന്നതെന്ന് വ്യക്തമായിട്ടുണ്ട്. ജനാധിപത്യപരമായ എല്ലാ അതിര്‍വരമ്പുകളും ലംഘിക്കുന്ന വിധത്തിലാണ് പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനങ്ങളെന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. കണ്ണീര്‍വാതക പ്രയോഗിക്കുന്നതിന് മുമ്പ് പാര്‍ലിമെന്റ് സെഷന്‍ തടസ്സപ്പെടുത്താന്‍ പ്രതിപക്ഷം ശ്രമം നടത്തിയിരുന്നു. കൂക്കിവിളിച്ചും സര്‍ക്കാര്‍ എം പിമാര്‍ക്കെതിരെ മുട്ടയെറിഞ്ഞും പ്രതിപക്ഷം അക്രമാസക്തരായെന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.