Connect with us

Editorial

വിദഗ്ധ സമിതി കണ്ടെത്തിയ ലിംഗ വിവേചനം!

Published

|

Last Updated

സംസ്ഥാനത്തെ ക്യാമ്പസുകളില്‍ ആണ്‍, പെണ്‍ വേര്‍തിരിവ് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ്, ക്യാമ്പസുകളിലെ ലിംഗനീതി സംബന്ധിച്ചു പഠിക്കാനായി ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ നിയോഗിച്ച വിദഗ്ദ സമിതിയുടെ പ്രധാന ശിപാര്‍ശ. ക്യാമ്പസുകളില്‍ പെണ്‍കുട്ടികള്‍ ലിംഗ വിവേചനത്തിനും ലൈംഗിക അതിക്രമങ്ങള്‍ക്കും വിധേയമാകുന്നുവെന്നാണ് പ്രൊഫ. മീനാക്ഷി ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള സമിതിയുടെ കണ്ടെത്തല്‍. പല കോളജുകളിലും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികക്കുമുള്ള പ്രവേശ മാര്‍ഗങ്ങള്‍ വെവ്വേറെയാണെന്നതും ക്ലാസുകളില്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും വേര്‍തിരിക്കാന്‍ കര്‍ട്ടനുകള്‍ ഉപയോഗിക്കുന്നതും പൊതുഇടങ്ങളില്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം കൂടിക്കലരാന്‍ വിദ്യാര്‍ഥിനികളെ അനുവദിക്കുന്നില്ലെന്നുമൊക്കെയാണ് ലിംഗവിവേചനത്തിന് തെളിവായി ചൂണ്ടിക്കാട്ടുന്നത്. ഈ നിയന്ത്രണങ്ങളെല്ലാം ഒഴിവാക്കിയെങ്കിലേ ലിംഗനീതി നടപ്പാകുകയുള്ളൂവെന്നാണ് സമിതിയുടെ വിലയിരുത്തല്‍.
എത്രത്തോളം വസ്തുതാപരമാണ് സമിതിയുടെ ഈ നിരീക്ഷണം? ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള പ്രവേശ മാര്‍ഗങ്ങള്‍ വെവ്വേറെയാക്കുന്നതും ഇരുവിഭാഗത്തെയും വേര്‍തിരിക്കാന്‍ കര്‍ട്ടനുകള്‍ ഉപയോഗിക്കുന്നതും ലിംഗവിവേചനമെന്ന് ആക്ഷേപിക്കാകുന്നതാണോ? കോളജുകളിലെ പ്രവേശ മാര്‍ഗം ഒന്നാക്കിയത് കൊണ്ടോ, ഇടയിലെ കര്‍ട്ടന്‍ വിലിച്ചു കീറിയത് കൊണ്ടോ സ്ഥാപിതമാകുമോ ലിംഗസമത്വം? ജനിതകപരമായും ശരീരശാസ്ത്രപരമായും സ്ത്രീകളും പുരുഷന്മാരും വ്യത്യസ്തരാണ്. തുടച്ചുനീക്കപ്പെടാനാകാത്ത ഒരു അവസ്ഥയാണ് ഈ വൈവിധ്യം. ഫെമിനിസ്റ്റുകള്‍ അവകാശപ്പെടുന്നത് പോലെയുള്ള സമ്പൂര്‍ണ സ്ത്രീപുരുഷ സമത്വം ഒരു മിഥ്യാ സങ്കല്‍പമാണ്. ലിംഗ സമത്വത്തിനും സ്ത്രീപുരുഷ സമത്വത്തിനുമുള്ള ശ്രമങ്ങള്‍ ലോകത്ത് ആരംഭിച്ചിട്ട് നൂറ്റാണ്ടുകളായി. തൊഴില്‍ രംഗങ്ങളിലും വിദ്യാഭ്യാസ രംഗത്തും സ്ത്രീകള്‍ക്ക് കുറേ അവസരങ്ങല്‍ ലഭിച്ചുവെന്നതിലപ്പുറം സ്ത്രീകള്‍ക്ക് നിര്‍ഭയവും സുരക്ഷിതവുമായ ഒരു ജീവിതം ഉറപ്പ് വരുത്താന്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്കായിട്ടുണ്ടോ? ഇല്ലെന്ന് മാത്രമല്ല, സ്ത്രീകളുടെ മാനവും അന്തസ്സും ചാരിത്ര്യവും പൂര്‍വോപരി അപകടാവസ്ഥയിലാണിന്ന്. വ്യാപകമായി അവര്‍ പീഡനത്തിന് വിധേയമായിക്കൊണ്ടിരിക്കയാണ്. ക്യാമ്പസുകളില്‍, തൊഴിലിടങ്ങളില്‍, വാഹനങ്ങളില്‍, നിയമനിര്‍മാണ സഭകളില്‍, നീതിന്യായ മേഖലകളില്‍ പോലും അവര്‍ വിവേചനത്തിനും പീഡനത്തിനും ഇരയാകുന്നു. സാഹചര്യമാണ് സ്ത്രീയെ അക്രമിക്കാനും പീഡിപ്പിക്കാനും പുരുഷന്മാര്‍ക്ക് പ്രേരണയും ധൈര്യവും നല്‍കുന്നത്. ഇരുവിഭാഗവും ഇടകലരുന്ന സാഹചര്യമില്ലെങ്കില്‍ പീഡനവും ലൈംഗിക അരാജകത്വവും ഗണ്യമായി കുറയുമെന്ന് സഊദി പോലെ സ്ത്രീകളുടെ പൊതു പ്രവേശം നിയന്ത്രിക്കപ്പെടുന്ന നാടുകള്‍ സാക്ഷ്യപ്പെടുത്തുന്നു. മറ്റിടങ്ങളെ അപേക്ഷിച്ചു ഇത്തരം നാടുകളില്‍ ലൈംഗിക കുറ്റകൃത്യങ്ങള്‍ തീരെ കുറവാണ്.
എല്ലാ രംഗങ്ങളിലും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെ പരിഗണന നല്‍കലല്ല സ്ത്രീപുരുഷ സമത്വം. ഇരുവിഭാഗത്തിന്റെയും പ്രത്യേകതകള്‍, കഴിവുകള്‍, ദൗര്‍ബല്യങ്ങള്‍ തുടങ്ങിയവ പരിഗണിച്ചുകൊണ്ടുള്ള സമീപനമാണ് വേണ്ടത്. ഓരോ വിഭാഗത്തിനും അവരവരുടെ ആവശ്യങ്ങള്‍ക്കും സാഹചര്യങ്ങള്‍ക്കുമനുസരിച്ചുള്ള സമത്വപരിഗണന മാത്രമേ പ്രായോഗികമാകുകയുള്ളൂ. മറിച്ചുള്ളത് കേവലം ഉപരിപ്ലവവും മുദ്രാവാക്യങ്ങളില്‍ മാത്രം ഒതുങ്ങുന്നതുമാണ്. ജൈവപരമായും ശാരീരികവുമായ വ്യത്യാസങ്ങളെ അവഗണിച്ചു സ്ത്രീകള്‍ എല്ലാ രംഗങ്ങളിലും കടന്നു ചെല്ലണമെന്നാഗ്രഹിക്കുന്നത് യുക്തിപരമല്ല. ഒളിംബിക്‌സ് പോലെയുള്ള കായിക മത്സര വേദികളില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം മത്സരങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ഇത് കൊണ്ടാണ്. പാതിരാ നേരത്ത് പുരുഷന്മാരെ പോലെ പുറത്തിറങ്ങി സഞ്ചരിക്കാന്‍ സ്ത്രീകള്‍ക്ക് അവകാശമുണ്ടെന്ന് സമത്വ വാദികള്‍ക്ക് അവകാശപ്പെടാം. സഞ്ചരിച്ചു നോക്കിയാലറിയാം അതിന്റെ ദുരന്തഫലം. ഡല്‍ഹിയിലും രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലും നാമത് കണ്ടു. ഇതുപോലെ എവിടെയും പുരുഷന്‍ കടന്നുപോകുന്ന വഴി മതി സ്ത്രീകള്‍ക്കുമെന്നാണെങ്കില്‍ അരുതാത്തതും, അനിഷ്ടകരവുമായ പലതും അവള്‍ അനുഭവിക്കേണ്ടി വരും. പട്ടാപ്പകല്‍ ബസ് യാത്രക്കിടയില്‍ പോലും സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുകയും തീവണ്ടികളില്‍ യാത്രക്കാരുടെ കണ്‍മുമ്പില്‍ വെച്ച് സൗമ്യമാര്‍ കൈയേറ്റത്തിന് വിധേയമാകുകയും ആക്രമിക്കപ്പെടുകയും ചെയ്യുന്ന സാമൂഹിക ചുറ്റുപാടില്‍, സമ്പൂര്‍ണ സമത്വത്തിന് വേണ്ടിയുള്ള അവകാശവാദം തീര്‍ത്തും വിവേകരഹിതമാണ്.
ചില കോളജുകളില്‍ വിദ്യാര്‍ഥി,വിദ്യാര്‍ഥിനികളുടെ സമ്പര്‍ക്കത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ മേധാവികള്‍ക്ക് നിര്‍ബന്ധിതമായത് ഉപരിപ്ലവമായ സമത്വചിന്തക്കപ്പുറം ഇന്നത്തെ സാമുഹിക ചുറ്റുപാടിനെക്കുറിച്ചു അവര്‍ക്ക് ശരിയായ കാഴ്ചപ്പാടുള്ളത് കൊണ്ടാണ്. ഇത് മാനേജ്‌മെന്റിന്റെ ഏകപക്ഷീയമായ നടപടിയുമല്ല. രക്ഷിതാക്കളുടെ കൂടി അഭിപ്രായം കണക്കിലെടുത്താണെന്ന് സ്ഥാപനാധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. പഠിതാക്കളുടെ സുരക്ഷ ഉറപ്പ് വരുത്തേണ്ടത് സ്ഥാപന നടത്തിപ്പുകാരുടെ ചുമതലയാണ്. ഈ ലക്ഷ്യത്തില്‍ ഏര്‍പ്പെടുത്തുന്ന നിര്‍ദോഷകരമയ നിയന്ത്രണങ്ങളെ ലിംഗവിവേചനമായി വ്യാഖ്യാനിക്കരുതായിരുന്നു.

---- facebook comment plugin here -----

Latest