ഈ അനാസ്ഥ ക്രൂരം

Posted on: October 9, 2015 6:00 am | Last updated: October 9, 2015 at 12:32 am
SHARE

DOG ILLUSTRATIONകഴിഞ്ഞ ദിവസം തെരുവ് നായ ക്രൂരമായി കടിച്ചുകുടഞ്ഞ മൂന്ന് വയസ്സുകാരന്‍ ദേവാനന്ദിനെക്കുറിച്ച് കേരളീയ സമൂഹമാകെ ചര്‍ച്ചചെയ്തതാണ്. കോതമംഗലം അമ്പോലിതൃക്കാരുകുടിയില്‍ രവി- അമ്പിളി ദമ്പതികളുടെ മകന്‍ അമ്പാടി എന്നുവിളിക്കുന്ന ദേവാനന്ദിന്റെ കണ്ണിനും മുഖത്തുമുള്ള പരുക്ക് ഗുരുതരമായിരുന്നു. രണ്ടുകണ്ണുകളുടേയും കണ്‍പോളകള്‍ക്ക് സാരമായ പരുക്കേല്‍ക്കുകയും ഇടതു കണ്ണിന്റെ ഞരമ്പിന്ക്ഷതമേല്‍ക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. സംഭവത്തില്‍ കുട്ടിയുടെ ഇടതു കണ്ണിന്റെ മേല്‍പോളയും വലതുകണ്ണിന്റെ താഴത്തെപോളയുംനായയുടെ കടിയേറ്റ് അടര്‍ന്നുതൂങ്ങിയെന്നായിരിന്നു റിപ്പോര്‍ട്ടുകള്‍. വീടിനു മുന്‍ഭാഗത്തു വരാന്തയില്‍ കളിച്ചുകൊണ്ടിരുന്ന ദേവാനന്ദിന് നേരെ തെരുവുനായ ആക്രമണം നടത്തുകയായിരുന്നു. നായ വരാന്തയില്‍ നിന്നു കുട്ടിയെ കടിച്ചു വലിച്ചു മുറ്റത്തേക്കിട്ടു തുടരെ കടിക്കുകയായിരുന്നു. നായയുടെ കടിയേറ്റ കുട്ടിയുടെ നിലവിളി കേട്ട് അമ്മയും മുത്തശ്ശിയും ഓടിയെത്തിയപ്പോഴേക്കും കുട്ടിയുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കടിയേറ്റിരുന്നു.. ഒരു മാതാവിനും സഹിക്കാനാകില്ല കരലളിയിപ്പിക്കുന്ന ആ കാഴ്ച്ച. തെരുവുനായ്ക്കളുടെ ആക്രമണത്തിനുഇരയാകുന്നത് കൂടുതലും സ്ത്രീകളും കുട്ടികളും ആണെന്നതു നാം ഗൗരവത്തോടെ കാണേണ്ടതാണ്. സംസ്ഥാനത്ത് ആറ് മാസത്തിനിടെ നാല്‍പ്പത്തിയേഴായിരം പേര്‍ക്ക് നായകളുടെ കടിയേറ്റതായി ആരോഗ്യവകുപ്പ് പറയുന്നുണ്ട്. കടിയേറ്റവരില്‍ കൂടുതലും കുട്ടികളാണ്. പ്രായമായ സ്ത്രീകളെയും പിഞ്ചുകുട്ടികളേയും തെരുവുനായ്ക്കള്‍ ആക്രമിക്കാന്‍ തുടങ്ങിയിട്ടും സര്‍ക്കാര്‍ അലംഭാവം തുടരുന്നു. രാത്രിയില്‍ ബൈക്ക് യാത്രക്കാര്‍ ആക്രമിക്കപ്പെടുന്നു. വളര്‍ത്തുമൃഗങ്ങളെയും ഇവ കടിച്ചുകൊല്ലുന്നു. തെരുവുനായ്ക്കളുടെ പ്രശ്‌നം കേരളം ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയിട്ട് മാസങ്ങളായി.
ഒരു വര്‍ഷം ഒരു ലക്ഷം മുതല്‍ ഒന്നര ലക്ഷം വരെ ‘നായ കടി ‘ കേസുകള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ആശുപത്രികളില്‍ എത്താത്ത കേസുകള്‍ ഇതില്‍ കൂടുതലായിരിക്കും. ഇതിന്റെ സാമൂഹിക സാമ്പത്തിക ഫലങ്ങള്‍ ആരും കാണാതെ പോകുകയാണോ എന്ന് സംശയം തോന്നുന്നു. 2014-15 വര്‍ഷത്തില്‍ കേരളത്തില്‍ ആകെ നായ്ക്കളുടെ കടിയേറ്റവര്‍ 1,60,000. അതില്‍ തന്നെ കഴിഞ്ഞ എട്ട് മാസമായി നായ്ക്കളുടെ കടിയേറ്റവര്‍ 40,000 നുമുകളില്‍. 2015 ജനുവരി ഒന്ന് മുതല്‍ ജൂലൈ 12 വരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകള്‍ 1074. ഇത്രയും ഭീകരമായ സാഹചര്യം ഉണ്ടായിട്ടും നായ്ക്കളുടെ ശല്യം നിയന്ത്രിക്കുന്നതില്‍ കാര്യമായ നടപടികളൊന്നും ഇതുവരെ സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. തെരുവ്പട്ടികളെ കൂട്ടത്തോടെ കൊന്നൊടുക്കുന്ന രീതി മുമ്പ് പതിവുണ്ടായിരുന്നു. നഗര -ഗ്രാമ വ്യത്യാസമില്ലാതെ അലഞ്ഞു തിരിയുന്ന നായ്ക്കളെ നശിപ്പിക്കാന്‍ പദ്ധതികള്‍ ഉണ്ടാക്കിയിരുന്നു, ഇന്നതില്ല, എട്ട് ലക്ഷം പട്ടികള്‍ കേരളത്തിലെ തെരുവുകളില്‍ അലഞ്ഞുനടക്കുന്നുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ കണക്കു ശേഖരിച്ചിട്ടുണ്ട്. ശരാശരി ഒന്നര ലക്ഷത്തിലധികം നായ്ക്കള്‍ വര്‍ഷം തോറും ജനിക്കുന്നു.
തെരുവ് നായ്ക്കളെ എങ്ങനെ കൈകാര്യംചെയ്യണമെന്നറിയാതെ നോക്കുകുത്തിയായി ഇരിക്കെയാണ് സര്‍ക്കാര്‍. 1982ലെ ജന്തുദ്രോഹനിവാരണ നിയമം അനുസരിച്ച് നായ്ക്കളെ കൊല്ലുന്നത് ശിക്ഷാര്‍ഹമാണ്. പിന്നീട് തെരുവ്‌നായ്ക്കളുടെ ശല്യം അസഹ്യമായപ്പോള്‍ തദ്ദേശസ്ഥാപനങ്ങള്‍ ഇവയെ കൊല്ലുന്നതിനു പ്രത്യേകം പരിശീലനം നേടിയ ആളുകളെ നിയോഗിക്കുകയും ഒരെണ്ണത്തിന് 75 രൂപ നിരക്കില്‍ പ്രതിഫലം നല്‍കുകയും ചെയ്തിരുന്നു. പിന്നീട് സുപ്രീം കോടതി അത് വിലക്കി. 2013 ഡിസംബര്‍ നാലിന് സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും പട്ടികളെ കൊല്ലുന്നത് വിലക്കി . അതനുസരിച്ച് വന്ധ്യംകരണത്തിലൂടെ നായ്ക്കളുടെ പെരുപ്പം തടയുന്ന പദ്ധതിയാണ് ഇപ്പോള്‍ നടപ്പാക്കി വരുന്നത്. അത് പ്രകാരം തെരുവ് നായ ശല്യം രൂക്ഷമായപ്രദേശങ്ങളിലുള്ളവര്‍ തദ്ദേശസ്ഥാപനങ്ങളില്‍ അപേക്ഷ നല്‍കിയാല്‍ ബന്ധപ്പെട്ടവര്‍ വന്നു പട്ടികളെപിടിച്ചുകൊണ്ടു പോയി വന്ധ്യംകരിക്കുകയും മുറിവ് ഉണങ്ങിയ ശേഷം അവയെ വാസസ്ഥലത്ത് തിരിച്ചുവിടുകയും ചെയ്യണമെന്നാണ് ചട്ടം. ഈ പദ്ധതിവിജയകരമല്ലെന്നാണ് അനുഭവങ്ങള്‍ തെളിയിക്കുന്നത്.
വഴിയോരങ്ങളില്‍ വലിച്ചെറിയുന്ന മാലിന്യങ്ങളും കവലകളില്‍ കുമിഞ്ഞുകൂടുന്ന ചപ്പുചവറുകളും നായ്ക്കളുടെ പെരുപ്പത്തിന്പ്രധാനപ്പെട്ട കാരണമാണ്. മാലിന്യം ഫലപ്രദമായിനിര്‍മാര്‍ജനം ചെയ്താല്‍ ഒരു പരിധി വരെ നായപെരുപ്പം കുറക്കാം. തെരുവ് നായകളുടെ എണ്ണംനിയന്ത്രിക്കുന്നതിനും പ്രതിരോധ കുത്തിവെപ്പ് നല്‍കുന്നതും ലക്ഷ്യമിട്ടുള്ള എബിസി പദ്ധതിസംസ്ഥാനത്ത് പൂര്‍ണമായും നിലച്ചതും നായ്ക്കളുടെ പെരുപ്പത്തിന് കാരണമാണ്. അതേപോലെ ജനനനിയന്ത്രണ പദ്ധതികളും സംസ്ഥാനത്ത് ഏതാണ്ട് നിലച്ച മട്ടാണ്. തെരുവ്‌നായ് ശല്യം കുറയ്ക്കാന്‍ വന്ധ്യംകരണം കൊണ്ട് മാത്രം കഴിയുകയില്ല . വന്ധ്യംകരിച്ച ശേഷം നായ്ക്കളെ വീണ്ടും പുറത്തേക്ക് വിട്ടാല്‍ പ്രശ്‌നം പരിഹരിക്കപ്പെടുന്നില്ല.
തെരുവുനായ ശല്യം തടയുന്നതിനു നിരവധി തടസ്സങ്ങളുണ്ടെന്നു സംസ്ഥാന സര്‍ക്കാറുംതദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുംപറയുന്നുവെങ്കിലും തെരുവുനായ ശല്യം നിയന്ത്രിക്കുന്നതിനു ആവശ്യമായ ധാരാളം നിയമങ്ങളുണ്ടെന്നാണ് വസ്തുത. തെരുവുനായശല്യം കുറക്കുന്നതിനു കേരള പഞ്ചായത്ത് രാജ്(നായകള്‍ക്കും പന്നികള്‍ക്കും ലൈസെന്‍സ് നല്‍കല്‍) ചട്ടങ്ങള്‍,1998 പ്രകാരം തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് നടപടി എടുക്കാവുന്നതാണ്. കേരള മുനിസിപ്പാലിറ്റികളും കോര്‍പ്പറേഷനുകളും നിയമം,1994 വകുപ്പ് 438പ്രകാരം തെരുവുനായ്ക്കളെ പിടിക്കുന്നതിനു നടപടി എടുക്കാവുന്നതാണ്. മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമം,1960 വകുപ്പ് 11(3)(ബി) പ്രകാരം പേനായകളെയും ചികിത്സിച്ചു ഭേദമാകാത്തതോ മാരകമായ മുറിവേറ്റതോ ആയനായകളെയും കൊല്ലാവുന്നതാണ്. കൂടാതെ പ്രസ്തുത നിയമത്തിലെ അനിമല്‍ ബര്‍ത്ത് കണ്ട്രോള്‍ റൂള്‍സ് (എ ബി സി) അനുസരിച്ച് പരാതി ലഭിച്ചാല്‍ അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് നായയെ കൊണ്ടു പോയിവന്ധ്യം കരിക്കണമെന്നും വ്യവസ്ഥയുണ്ട്. ഇത്രയും നിയമങ്ങള്‍ ഉണ്ടായിട്ടും മനുഷ്യ ജീവന് ഭീതിഉയര്‍ത്തുന്ന ഈ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുംപുലര്‍ത്തുന്ന അനാസ്ഥ ഗുരുതരമാണ്.
അതോടൊപ്പം നാം കൂട്ടി വായിക്കേണ്ടത് പേവിഷബാധയ്‌ക്കെതിരെ നടത്തുന്ന ആന്റി റാബിസ് വാക്‌സിന്‍ പല പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമല്ലാത്തതും പ്രശ്‌നമാകുന്നു. മൃഗങ്ങളുടെ കടിയേറ്റാല്‍ പേ ബാധയുണ്ടാകാതിരിക്കാന്‍ ഉടന്‍ തന്നെ മുറിവില്‍ നല്‍കുന്ന ഇന്‍ജക്ഷന്‍ മരുന്നാന്ന് ആന്റി റാബിസ്. മുറിവിലുള്ള രോഗാണുക്കളെ പെട്ടെന്നു തന്നെ നശിപ്പിക്കുന്ന, മനുഷ്യശരീരത്തിലേക്ക് നിര്‍ജീവമായ രോഗാണുക്കളെ കടത്തിവിട്ട് രോഗാണുവിനെതിരെ ശരീരത്തിന് സ്വയം പ്രതിരോധശേഷിയുണ്ടാക്കുന്ന മരുന്നാണ് ആന്റി റാബിസ്. സ്വകാര്യ ആശുപത്രികള്‍ ഡോസ് ഒന്നിന് 400 രൂപ വീതം 1600 രൂപയും ഗുരുതരമായ മുറിവുകള്‍ക്ക് ഉപയോഗിക്കുന്ന സീറത്തിനു 4500 രൂപയുമാണ് ഈടാക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ സാധാരണ ഒരു കമ്പനിയുടെ മരുന്നാണ് ഉപയോഗിക്കുന്നത്. പേവിഷബാധയേല്‍ക്കുന്നവര്‍ക്ക് സൗജന്യമായി മരുന്നും ചികിത്സയും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ബാക്ടീരിയകൊണ്ടുള്ള അണുബാധക്കുള്ള പ്രധാന മരുന്നുകളും ആശുപത്രിയില്‍ ലഭ്യമല്ല. ബാക്ടീരിയകള്‍ക്കെതിരെ ഉപയോഗിക്കുന്ന സെപ്ട്രിയാക്‌സോണ്‍, സെപ്ട്രിയാക്‌സോണ്‍ സള്‍ ബാക്ടം, ലിനഫോളിഡ് എന്നീആന്റിബയോട്ടിക്കുകളും സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമല്ലാതെ വരുന്നതിനു പിന്നിലും ഗൂഢാലോചനയുണ്ടോയെന്നു സംശയിക്കേണ്ടിയിരിക്കുന്നു.