ദാദ്രി: പോരടിക്കേണ്ടത് ദാരിദ്ര്യത്തോടെന്ന് മോദി

Posted on: October 9, 2015 12:15 am | Last updated: October 9, 2015 at 10:46 am
SHARE

pm-modi-in-biharനവാഡ (ബീഹാര്‍): പശുവിറച്ചി വീട്ടില്‍ സൂക്ഷിച്ചെന്നാരോപിച്ച് ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ കര്‍ഷകനെ തല്ലിക്കൊന്ന വിഷയത്തില്‍ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹിന്ദുക്കളും മുസ്‌ലിംകളും പൊതുശത്രുവായ ദാരിദ്ര്യത്തെ ഇല്ലാതാക്കാനും സാമുദായിക ഐക്യവും സാഹോദര്യവും ഊട്ടിയുറപ്പിക്കുന്നതിനുമാണ് പ്രവര്‍ത്തിക്കേണ്ടത്. ദാദ്രി സംഭവത്തെ തുടര്‍ന്ന് രാഷ്ട്രീയ നേതാക്കള്‍ നടത്തിയ നിരുത്തരവാദപരമായ പ്രസ്താവനകള്‍ അവഗണിക്കണമെന്നും മോദി പറഞ്ഞു. ദാദ്രി സംഭവത്തെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ശക്തമായിരുന്നു. രാജ്യത്തിന്റെ മതേതര പ്രതിച്ഛായക്ക് കളങ്കമുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ അനുവദിക്കരുതെന്നും മതസഹിഷ്ണുത സംരക്ഷിക്കാന്‍ നടപടി ആവശ്യമാണെന്നും രാഷ്ട്രപതി പ്രണാബ് മുഖര്‍ജി അഭിപ്രായപ്പെട്ടതിനു പിന്നാലെയാണ് വിഷയത്തില്‍ പ്രതികരിക്കാന്‍ മോദി തയ്യാറായത്.
‘രാഷ്ട്രീയ നേതാക്കള്‍ നടത്തിയ ‘നിരുത്തരവാദപരമായ’ പ്രസ്താവനകള്‍ ജനങ്ങള്‍ അവഗണിക്കണം. രാഷ്ട്രീയ താത്പര്യങ്ങള്‍ ലക്ഷ്യമിട്ടുള്ള പ്രസ്താവനകളാണവ. അത് അവസാനിക്കണം. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള ഇത്തരം പ്രസ്താവനകള്‍ക്ക് ജനങ്ങള്‍ ശ്രദ്ധ കൊടുക്കരുത്. ഇത്തരം പ്രസ്താവകള്‍ നടത്തുന്നത് മോദി തന്നെ ആയാല്‍ പോലും’- നരേന്ദ്ര മോദി പറഞ്ഞു.
രാഷ്ട്രപതി ഭവനില്‍ നടന്ന പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കവേ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുടെ അഭിപ്രായത്തെ മോദി പരാമര്‍ശിച്ചു. ‘ഇതിനേക്കാള്‍ മികച്ച മാര്‍ഗ നിര്‍ദേശമോ സന്ദേശമോ ഇല്ലെ’ന്ന് മോദി പറഞ്ഞു. നിങ്ങള്‍ കൂടുതല്‍ ജാഗ്രതയോടെ ഇരിക്കുന്നതിന് രാഷ്ട്രപതിയും നിര്‍ദേശങ്ങള്‍ കേള്‍ക്കണമെന്നും മോദി അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ അടിസ്ഥാന മൂല്യങ്ങള്‍ നഷ്ടപ്പെടുത്താന്‍ ആരെയും അനുവദിക്കരുതെന്ന് രാഷ്ട്രപതി പ്രണാബ് മുഖര്‍ജി അഭിപ്രായപ്പെട്ടിരുന്നു.
ആര്‍ക്കെതിരെയാണ് പോരാടേണ്ടതെന്ന് ഹിന്ദുക്കളും മുസ്‌ലിംകളും തീരുമാനിക്കണമെന്ന് മോദി പറഞ്ഞു. മുസ്‌ലിംകള്‍ക്കെതിരെയാണോ അല്ലെങ്കില്‍ ദാരിദ്ര്യത്തിനെതിരെയാണോ പോരാടേണ്ടതെന്ന് ഹിന്ദുക്കള്‍ തീരുമാനിക്കണം. ഹിന്ദുക്കള്‍ക്കെതിരെയാണോ പോരാടേണ്ടതെന്ന് മുസ്‌ലിംകളും ആലോചിക്കണം. ഇരുവിഭാഗവും ഒരുമിച്ച് നിന്ന് ദാരിദ്ര്യത്തെയാണ് നേരിടേണ്ടത്. രാജ്യം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും ബീഹാറില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് മോദി പറഞ്ഞു. സാമുദായിക ഐക്യവും സാഹോദര്യവും ഉയര്‍ത്തി ഒരുമിച്ച് നിന്നാല്‍ മാത്രമേ രാജ്യത്തെ മുന്നോട്ട് നയിക്കാനാകൂവെന്ന് മോദി പറഞ്ഞു.