Connect with us

Kerala

സൂരജിന്റെ അനധികൃത സ്വത്ത്: അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറി

Published

|

Last Updated

കൊച്ചി: മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ് ഐ എ എസിന് 11.85 കോടി രൂപയുടെ അനധികൃത സ്വത്ത്. സൂരജിന്റെ അനധികൃത സ്വത്തിനെക്കുറിച്ച് അന്വേഷിക്കുന്ന വിജിലന്‍സ് കൊച്ചി യൂണിറ്റ് തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ട് ഇന്നലെ വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറി.
എറണാകുളം വെണ്ണലയില കെന്റ് നാലുകെട്ട് എന്ന ആഡംബര വില്ല, കലൂര്‍ സ്‌റ്റേഡിയത്തിന് പിന്നിലെ കെന്റിന്റെ ഫഌറ്റ്, തിരുവനന്തപുരത്തെ ഒരു കോടിയുടെ ഫഌറ്റ്, കര്‍ണാടകത്തിലെ മംഗലാപുരത്ത് മകന്റെ പേരിലുള്ള ഫഌറ്റ്്,പാലാരിവട്ടം ബൈപാസില്‍ മൂന്നു നില ഷോപ്പിംഗ് കോംപ്ലസ്, കലൂര്‍ കറുകപ്പിള്ളിയില്‍ 3.30 കോടിയുടെ കെട്ടിടം, ആലുവയിലെ 25,000 സ്‌ക്വയര്‍ഫീറ്റ് ഗോഡൗണ്‍, പാലാരിവട്ടം ബൈപാസ്, കലൂര്‍ കറുകപ്പിള്ളി, ആലുവ, ബിനാനിപുരം, കാക്കനാട്, ഇടക്കൊച്ചി കായല്‍തീരം, തൃശൂര്‍ കേച്ചേരി, വടക്കാഞ്ചേരി, ഇടുക്കി എന്നിവിടങ്ങളിലുള്ള ഭൂസ്വത്ത്, അഞ്ച് കാറുകള്‍ എന്നിവയുടെ വിലയും 30 ലക്ഷം രൂപയുടെ ബാങ്ക് എക്കൗണ്ട്, സൂരജിന്റെ വീട്ടില്‍ നി്ന്ന് പിടിച്ചെടുത്ത 23 ലക്ഷം രൂപ എന്നിവയും ചേര്‍ത്താണ് സൂരജിന്റെ കഴിഞ്ഞ പത്തുവര്‍ഷത്തെ സ്വത്ത് സമ്പാദ്യത്തിന്റെ മൂല്യം വിജിലന്‍സ് കണക്കാക്കിയത്. സൂരജ് വരുമാനത്തേക്കാള്‍ 311 ശതമാനം കൂടുതല്‍ സമ്പാദ്യം ഈ കാലയളവില്‍ ഉണ്ടാക്കിയതായാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. അദ്ദേഹത്തിനുള്ള സ്വത്തുവകകളുടെ മൂല്യത്തില്‍ നിന്ന് സൂരജിന്റെ വരുമാനവും മക്കളുടെ പഠനത്തിനടക്കം അദ്ദേഹം ചെലവിട്ട തുകയും കിഴിച്ചാണ് അനധികൃത സമ്പാദ്യം കണക്കാക്കിയിരിക്കുന്നത്.
മുദ്രപ്പത്രത്തില്‍ കാണിച്ചിട്ടുള്ള സ്ഥല വിലയുടെ അടിസ്ഥാനത്തിലാണ് സ്വത്തിന്റെ മൂല്യം വിജിലന്‍സ് കണക്കാക്കിയി്ട്ടുള്ളത്. യഥാര്‍ഥ വിലയിലും വളരെയധികം കുറച്ചു കാട്ടിയാണ് സൂരജ് പലയിടത്തായി വസ്തുക്കള്‍ വാങ്ങിക്കൂട്ടിയിരുന്നത്. ഉദാഹരണത്തിന് കാക്കനാട് സൂരജ് 2004ല്‍ വാങ്ങിയ 10 സെന്റ് സ്ഥലത്തിന് ആകെ രണ്ടു കോടിയില്‍ താഴെയാണ് രേഖകളില്‍ വിലയിട്ടിട്ടുള്ളത്.
യഥാര്‍ഥത്തില്‍ 2004ല്‍ കാക്കനാട് ഒരു സെന്റ് ഭൂമിക്ക് അഞ്ച് ലക്ഷത്തിലധികം വരെ വിലയുണ്ടായിരുന്നു. അങ്ങനെ കണക്കാക്കിയാല്‍ പത്തു സെന്റ് ഭൂമിക്ക് 50 ലക്ഷം വരെ വിലയുണ്ടാകും. ഈ സ്ഥാനത്താണ് രണ്ടു ലക്ഷത്തില്‍ താഴെ മാത്രം രേഖകളിലുള്ളത്. ഇത്തരത്തില്‍ വന്‍തോതിലുള്ള സ്്റ്റാമ്പ് ഡ്യൂട്ടി വെട്ടിപ്പ് സൂരജ് നടത്തിയതായി വിജിലന്‍സിന് ബോധ്യപ്പെട്ടിരുന്നു. അന്വേഷണത്തിന്റെ ഒരു ഘട്ടത്തില്‍ 16 കോടിയുടെ അനധികൃത സ്വത്തുള്ളതായാണ് വിജിലന്‍സ് കണക്കാക്കിയത്. എന്നാല്‍ കോടതിയില്‍ എത്തുമ്പോള്‍ കേസ് ദുര്‍ബലമാകാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്തിമ റിപ്പോര്‍ട്ടില്‍ മുദ്രപ്പത്രത്തില്‍ കാണിച്ചിട്ടുള്ള വിലയുടെ അടിസ്ഥാനത്തില്‍ മൂല്യനിര്‍ണയം നടത്തിയത്.
കഴിഞ്ഞ വര്‍ഷം നവംബര്‍ 17നാണ് അനധികൃത സ്വത്ത് സമ്പാദ്യത്തിന് സൂരജിനെതിരെ വിജിലന്‍സ് കേസെടുത്തത്. ഡി വൈ എസ് പി വേണുഗോപാലായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്‍.
തുടര്‍ന്ന് വിജിലന്‍സ് ഡയറക്ടറുടെ അനുമതിയോടെ എസ് പി കെ എം ടോമിയുടെയും ഡിവൈ എസ് പി വേണുഗോപാലിന്റെയും നേതൃത്വത്തില്‍ സൂരജിന്റെ വസതികളിലും ഓഫീസിലും നടത്തിയ റെയ്ഡില്‍ അനധികൃത സ്വത്തുമായി ബന്ധപ്പെട്ട 320 ഓളം രേഖകള്‍ പിടിച്ചെടുത്തു. കെട്ടിടങ്ങളുടെ മൂല്യ നിര്‍ണയം കേന്ദ്ര പി ഡബ്യൂ ഡി ഉദ്യോഗസ്ഥരാണ് നടത്തിയത്.

Latest