ചീട്ട് കൊട്ടാരമല്ല കേരള രാഷ്ട്രീയം: ടി എ അഹമ്മദ് കബീര്‍

Posted on: October 8, 2015 8:51 pm | Last updated: October 8, 2015 at 8:51 pm
SHARE

ta ahammed kabeerഅബുദാബി: ശക്തമായ രാഷ്ട്രീയ ധ്രുവീകരണമുള്ള സംസ്ഥാനമാണ് കേരളമെന്നും അതുകൊണ്ട് മൂന്നാം മുന്നണിയെന്ന ആശങ്കക്ക് ഒരു അടിസ്ഥാനമില്ലെന്നും മുസ്‌ലിംലീഗ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി എ അഹമ്മദ് കബീര്‍ എം എല്‍ എ വ്യക്തമാക്കി. അബുദാബിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ സംവിധാനത്തില്‍ പ്രതിപക്ഷവും ഭരണപക്ഷവും അത്യാവശ്യമാണ്. ഭരണഘടന ലക്ഷ്യം വെക്കുന്നതും അതാണ്. നിലവിലെ മുന്നണി സംവിധാനം ഒരിക്കലും ഏതെങ്കിലും രാഷ്ട്രീയസാഹചര്യത്തില്‍ ശിഥിലമാകില്ല. പതിറ്റാണ്ടുകളായുള്ള രാഷ്ട്രീയ ധ്രുവീകരണമാണത്. നിലവിലെ രാഷ്ട്രീയത്തില്‍ ഐക്യമുന്നണിക്കാണ് മുന്‍തൂക്കമുള്ളത്. ഐക്യമുന്നണിയുടെ മേല്‍ക്കൈ ജനകീയ വിഷയങ്ങള്‍ ഏറ്റെടുത്ത് കൊണ്ട് സ്ഥാപിച്ചതാണ്.
കരിപ്പൂര്‍ വിമാനത്താവളം അടച്ചത് പ്രതിഷേധാര്‍ഹമാണ്. കേരളത്തിന്റെ വികസനത്തില്‍ വിമാനത്താവളം വഹിച്ച പങ്ക് വലുതാണ്. അതുകൊണ്ട് പ്രശ്‌നം പരിഹരിക്കുന്നതിന് എല്ലാവരും യോജിച്ച് മുന്നോട്ടു പോകണം. ജനകീയ സമരങ്ങള്‍ക്ക് മുന്നില്‍ ഭരണാധികാരികള്‍ മുട്ട് മടക്കേണ്ടി വരും, അദ്ദേഹം പറഞ്ഞു.