പ്രവാസി ഭാരതീയ ദിവസിന്റെ മാറുന്ന മുഖം

Posted on: October 8, 2015 8:45 pm | Last updated: October 8, 2015 at 8:45 pm
SHARE
kannaadi
കഴിഞ്ഞ വര്‍ഷത്തെ പ്രവാസി ഭാരതീയ ദിവസ് (ഫയല്‍)

കേന്ദ്ര സര്‍ക്കാരിന്റെ ആഭിമുഖ്യത്തിലുള്ള പ്രവാസി ഭാരതീയ ദിവസ് രണ്ട് വര്‍ഷത്തിലൊരിക്കലാക്കുന്നതും പ്രവാസി ഭാരതീയ സമ്മാന്‍ 15ല്‍ നിന്ന് 30 ആക്കുന്നതും സമ്മിശ്ര പ്രതികരണമാണ് വിദേശ ഇന്ത്യക്കാരില്‍ ഉളവാക്കിയിരിക്കുന്നത്. പ്രവാസി ഭാരതീയ ദിവസ് വെറും പൊറാട്ടുനാടകമാണെന്നും തീര്‍ത്തും ഉപേക്ഷിക്കുന്നതാണ് നല്ലതെന്നും അഭിപ്രായപ്പെടുന്നവര്‍ കുറവല്ല.
കഴിഞ്ഞ വര്‍ഷം ഗുജറാത്തിലായിരുന്നു പ്രവാസി ഭാരതീയ ദിവസ്. സാധാരണക്കാരായ പ്രവാസികളുടെ നിരവധി വിഷയങ്ങള്‍ അവിടെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. അതിലൊന്ന് സീസണ്‍ നോക്കി വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തുന്നതതാണ്. ഇക്കാര്യത്തില്‍ സത്വര നടപടി കൈകൊള്ളുമെന്ന് കേന്ദ്രമന്ത്രിമാര്‍ ഉറപ്പ് നല്‍കിയെങ്കിലും ”ചങ്കരന്‍ പിന്നേം തെങ്ങേല്‍ തന്നെ” ആയിരുന്നു. ഇത്തവണ വേനലവധിക്കാലത്ത് കനത്ത നിരക്കാണ് വിമാനക്കമ്പനികള്‍ ഈടാക്കിയത്. കേന്ദ്ര സര്‍ക്കാരിന്റെ വാഗ്ദാനം പതിരായി.
അതേ സമയം ആത്മാര്‍ഥതയുള്ള സാമൂഹിക പ്രവര്‍ത്തകന്‍ അശ്‌റഫ് താമരശ്ശേരിക്ക് പ്രവാസി ഭാരതീയ സമ്മാന്‍ നല്‍കിയത് അഭിനന്ദനാര്‍ഹമായി. കേന്ദ്രവിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ ഇടപെടല്‍ അശ്‌റഫിന് തുണയായിരുന്നു. നിരവധി അപചയങ്ങള്‍ക്കിടയില്‍ സമൂഹത്തിന്റെ ആദരവ് പിടിച്ചുപറ്റാന്‍ കേന്ദ്രഭരണകൂടത്തിനും അശ്‌റഫ് താമരശ്ശേരിക്കും ഒരേപോലെ കഴിഞ്ഞു.
എല്ലാ വര്‍ഷവും നടത്തണമെന്ന് ആവശ്യപ്പെടുന്നവര്‍ പോലും പ്രവാസി ഭാരതീയ ദിവസിലെ ചില കെട്ടുകാഴ്ചകള്‍ ഒഴിവാക്കണമെന്ന് ആഗ്രഹിക്കുന്നു. അതിലൊന്ന് ഭരിക്കുന്ന കക്ഷികളിലെ നേതാക്കളുടെ പണപ്പിരിവും ദല്ലാള്‍ പണികളുമാണ്. പ്രവാസി ഭാരതീയ സമ്മാന്‍ വാങ്ങിത്തരാമെന്ന് പറഞ്ഞും പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാനുണ്ടെന്ന് പറഞ്ഞും ചില നേതാക്കള്‍ പണപ്പിരിവ് നടത്താറുണ്ട്. ചില പദ്ധതികള്‍ ഒപ്പിച്ചു തരാമെന്ന് വാഗ്ദാനം ചെയ്ത് നിക്ഷേപകരെ കബളിപ്പിക്കുന്നവര്‍ വേറെ. ഇത്തരക്കാരില്‍ നിന്ന് കാര്യം സാധിക്കാന്‍ ചിലര്‍ വേഷം കെട്ടിയിറങ്ങും. നിക്ഷേപാവശ്യത്തിനെന്ന പേരില്‍ സൗജന്യമായി ഭൂമി തരപ്പെടുത്തുകയാണ് വേഷംകെട്ടുകാരുടെ ലക്ഷ്യം. ഇതൊക്കെ ഒഴിവാക്കേണ്ടതാണ്.
പ്രവാസി ഭാരതീയ ദിവസിന് ബദലായി ഓരോ വര്‍ഷവും ഡല്‍ഹിയിലെ പ്രവാസി ഭാരതീയ കേന്ദ്രത്തില്‍ ക്ഷണിതാക്കളെ പങ്കെടുപ്പിച്ച് സമ്മേളനം നടത്തുമെന്നു കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിമാരും പങ്കെടുക്കും. ആദ്യസമ്മേളനം അടുത്ത വര്‍ഷം ജനുവരി എട്ടു മുതല്‍ 10 വരെയാണ്. ഇത് നിക്ഷേപ സംഗമമായി ചുരുങ്ങാനാണ് സാധ്യത. സാധാരണക്കാര്‍ക്ക് പ്രാതിനിധ്യം നന്നേ കുറയും.
ആഗോളവത്കരണ കാലത്ത് നിക്ഷേപകര്‍ക്ക് മാത്രമെ പ്രാധാന്യമുള്ളൂ. ക്ഷേമപദ്ധതികള്‍ ഒരു ഭരണകൂടത്തിന്റെയും അജണ്ടയിലില്ല. സാധാരണക്കാരുമില്ല. ചുങ്കം പിരിച്ചാണ് പശ്ചാത്തല സൗകര്യങ്ങള്‍ പോലും ഏര്‍പെടുത്തുന്നത്. പ്രവാസി ഭാരതീയ ദിവസിന്റെ രീതികളും മാറാതെ വയ്യ.