യു എ ഇ റെയില്‍വെ നിയമം അടുത്ത വര്‍ഷം

Posted on: October 8, 2015 8:29 pm | Last updated: October 8, 2015 at 8:29 pm
SHARE

ദുബൈ: ഇത്തിഹാദ് റെയില്‍ പദ്ധതി അതിവേഗം പുരോഗമിക്കുന്ന സാഹചര്യത്തില്‍ അടുത്ത വര്‍ഷം യു എ ഇ റെയില്‍വേ നിയമം നടപ്പാക്കും.
ദുബൈയില്‍ നടന്ന 11ാമത് മിന റെയില്‍ ആന്‍ഡ് മെട്രോ സമ്മിറ്റില്‍ സംസാരിച്ച എഫ് ടി എ(ഫെഡറല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി) ഡയറക്ടര്‍ ജനറല്‍ അലി അല്‍ സഅബിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കണ്‍സള്‍ട്ടന്റുകളും നിയമത്തിന്റെ എല്ലാ വശങ്ങളും പരിഗണിച്ചുവരികയാണ്. റെയില്‍വേക്കായി ഇക്കണോമിക് റെഗുലേറ്ററി സംവിധാനത്തിനും രൂപംനല്‍കും. ഈ വര്‍ഷം അവസാനത്തോടെ നിയമത്തിന് അന്തിമ രൂപമാവുമെങ്കിലും അടുത്ത വര്‍ഷമാവും നിയമം പ്രാബല്യത്തില്‍ വരികയെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. നിയമം നിര്‍മിക്കുന്നതിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആളുകളുമായും വകുപ്പ് ചര്‍ച്ച നടത്തിയിട്ടുണ്ട്.
റെയില്‍വേ ട്രാക്കില്‍ ഇടവിട്ട് പരിശീലന ഓട്ടവും നടത്തിവരുന്നുണ്ട്. സര്‍ക്കാരിന്റെ അനുമതിയോടെ മെട്രോ-റെയില്‍ സംവിധാനവുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തും.ആദ്യഘട്ടത്തില്‍ അല്‍ റുവൈസിനും ഷാഹിനും ഇടയില്‍ 264 കിലോമീറ്റര്‍ പാത പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഈ പാതയിലൂടെ ഷാഹില്‍ നിന്നും ഹബ്ഷാനില്‍ നിന്നും റുവൈസ് തുറമുഖത്തേക്ക് സള്‍ഫറിന്റെ കടത്ത് നടന്നുവരുന്നുണ്ട്.
ജി സി സി മേഖലയെ ബന്ധിപ്പിക്കുന്ന റെയില്‍ ശൃംഖലയുടെ ഭാഗമാവാന്‍ 1,200 കിലോമീറ്റര്‍ പാതയാണ് ഇത്തിഹാദ് റെയില്‍ നിര്‍മിക്കുക. മിന(മിഡില്‍ ഈസ്റ്റ് ആന്‍ഡ് ആഫ്രിക്ക) മേഖലയില്‍ അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ 30,000 കിലോമീറ്റര്‍ റെയില്‍വേ ലൈനാവും യാഥാര്‍ഥ്യമാവുകയെന്ന് മീഡ് പ്രൊജക്ട് അനലിസ്റ്റ് ഡയറക്ടര്‍ ഇഡ് ജെയിംസ് മാസങ്ങള്‍ക്ക് മുമ്പ് വ്യക്തമാക്കിയിരുന്നു.
റെയില്‍വെ രംഗത്ത് മേഖലയിലെ രാജ്യങ്ങള്‍ നൂറു കണക്കിന് കോടി ഡോളറാണ് ചെലവഴിച്ചുകൊണ്ടിരിക്കുന്നത്. ഈ രാജ്യങ്ങളിലെ മുഖ്യ പശ്ചാത്തല വികസന പദ്ധതിയായി റെയില്‍വെ ലൈന്‍ നിര്‍മാണം മാറിയിരിക്കയാണ്. നിലവില്‍ മരൂഭൂമിയായി ആളും അനക്കവുമില്ലാതെ കിടക്കുന്ന മേഖലകളെല്ലാം വികസനത്തിലൂടെ മുഖ്യധാരയിലേക്ക് പ്രവേശിക്കും.
ദുബൈ മെട്രോ എന്നപോലെ റെയില്‍വേ വികസനത്തിലും യു എ ഇ സ്വപ്‌നപദ്ധതിയായ ഇത്തിഹാദ് റെയിലുമായി മുമ്പിലുണ്ടെന്നത് അഭിനന്ദനാര്‍ഹമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം റെയില്‍വെ പദ്ധതിയുടെ 28 ശതമാനം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ യു എ ഇ പൂര്‍ത്തീകരിച്ചിരുന്നു. ഇത്തിഹാദ് റെയില്‍ ജി സി സി മേഖലയുടെ വളര്‍ച്ചയില്‍ നിര്‍ണായകമാവുമെന്ന് ഇത്തിഹാദ് അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
2018ല്‍ പദ്ധതി പൂര്‍ത്തിയാവുന്നതോടെ ജി സി സി മേഖലയിലെ വ്യവസായ മേഖലകളെയും ജനസാന്ദ്രതയുള്ള പട്ടണങ്ങള്‍ ഉള്‍പെടെയുള്ളവയെയും പരസ്പരം ബന്ധിപ്പിക്കാന്‍ സാധിക്കും. ഇതോടൊപ്പം അസംസ്‌കൃത വസ്തുക്കളും വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടുപോകാന്‍ കൂടുതല്‍ എളുപ്പമാവും.
മൂന്നു ഘട്ടമായാണ് റെയില്‍ പദ്ധതി പൂര്‍ത്തീകരിക്കുക. അബുദാബി നാഷനല്‍ ഓയല്‍ കമ്പനി(അഡ്‌നോക്)യുമായി സഹകരിച്ചാണ് ഈ പാത യാഥാര്‍ഥ്യമാക്കുക. 2018 ആവുമ്പോഴേക്കും ജി സി സി മേഖലയിലെ ആറു രാജ്യങ്ങളെയും ബന്ധിപ്പിച്ച് 2,177 കിലോമീറ്റര്‍ റെയില്‍പാതയാവും യാഥാര്‍ഥ്യമാവുക.