സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം സ്വെറ്റ്‌ലാന അലക്‌സിയേവിച്ചിന്‌

Posted on: October 8, 2015 8:17 pm | Last updated: October 9, 2015 at 10:46 am
SHARE

svetlana-alexievich_650x400_71444303070സ്റ്റോക്‌ഹോം: ബലാറസ് എഴുത്തുകാരിയും പത്രപ്രവര്‍ത്തകയുമായ സ്വറ്റ്‌ലാന അലക്‌സിവിച്ചിന് സാഹിത്യ നൊബേല്‍. രണ്ടാം ലോകമഹായുദ്ധ കാലത്ത് സോവിയറ്റ് യൂനിയനിലെ സ്ത്രീകളുടെ ജീവിതവും ചെര്‍ണോബില്‍ ആണവ ദുരന്തത്തിന്റെ അനന്തരഫലങ്ങളും അഫ്ഗാനിസ്ഥാനിലെ റഷ്യന്‍ സൈനിക നടപടിയും സാധാരണക്കാരന്റെ കണ്ണുകളിലൂടെ കാണാനാണ് അലക്‌സി സ്വറ്റ്‌ലാന ശ്രമിച്ചത്.
ഈ സംഭവങ്ങളില്‍ പ്രത്യക്ഷമായും പരോക്ഷമായും ഉള്‍പ്പെട്ട നിരവധി പേരുടെ അനുഭവങ്ങള്‍ അവര്‍ ശേഖരിച്ചു. ഇതിനായി നൂറുകണക്കിന് ഇന്റര്‍വ്യൂകള്‍ നടത്തി. ഈ അനുഭവങ്ങള്‍ ചേര്‍ത്തു വെച്ചപ്പോള്‍ ഒരു ശോക സംഗീത അവതരണം പോലെ അവാച്യമായ തലം തീര്‍ക്കാന്‍ അവരുടെ എഴുത്തിന് സാധിച്ചുവെന്ന് നൊബേല്‍ കമ്മിറ്റി വിലയിരുത്തി. ആധുനിക ജീവിതത്തിന്റെ വേദനകളും ധൈര്യവും ബഹുസ്വരമായ എഴുത്തിലൂടെ അനാവരണം ചെയ്യുകയായിരുന്നു സ്വറ്റ്‌ലാന ചെയ്തതെന്നും നൊബേല്‍ കമ്മിറ്റി വിലയിരുത്തി. പണം കൊണ്ട് താന്‍ സ്വാതന്ത്ര്യമാണ് വാങ്ങുന്നതെന്നും പുസ്തകങ്ങള്‍ എഴുതാന്‍ അഞ്ചും പത്തും വര്‍ഷങ്ങളുടെ ഇടവേള എടുക്കുന്നത് അതുകൊണ്ടാണെന്നും സ്വറ്റ്‌ലാന പ്രതികരിച്ചു.
1948ല്‍ ഉക്രൈനില്‍ ജനിച്ച സ്വറ്റ്‌ലാന ദീര്‍ഘകാലം അധ്യാപികയായും പത്രപ്രവര്‍ത്തകയുമായി പ്രവര്‍ത്തിച്ച ശേഷമാണ് എഴുത്തിലേക്ക് തിരിഞ്ഞത്. ബലാറസ് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശം അഴിച്ചുവിട്ടതിനെ തുടര്‍ന്ന് ഏറെക്കാലം സ്വീഡന്‍, ജര്‍മനി, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ പ്രവാസ ജീവിതം നയിച്ചു. വോയിസസ് ഫ്രം ചെര്‍ണോബില്‍, സിങ്കി ബോയ്‌സ് – സോവിയറ്റ് വോയിസസ് ഫ്രം എ ഫൊര്‍ഗോട്ടണ്‍ വാര്‍ തുടങ്ങിയവയാണ് പ്രധാന കൃതികള്‍. മിക്ക രചനകളിലും ഡോക്യുമെന്ററി ശൈലിയാണ് സ്വീകരിച്ചിട്ടുള്ളത്. സാഹിത്യ നൊബേല്‍ ലഭിക്കുന്ന പതിനാലാമത്തെ വനിതയാണ് സ്വറ്റ്‌ലാന.