ഇസിലിനെ തരിപ്പണമാക്കി റഷ്യന്‍ ആക്രമണം; ചൈനയും ഒപ്പം ചേര്‍ന്നേക്കും

Posted on: October 8, 2015 1:30 pm | Last updated: October 9, 2015 at 2:17 pm
SHARE

Russia-Syria-Tanks-Latakia-ഡമാസ്‌കസ്: സിറിയയിലെ ഇസില്‍ തീവ്രവാദികളുടെ കേന്ദ്രങ്ങളില്‍ റഷ്യയുടെ കനത്ത ആക്രമണം. ക്രൂയിസ് മിസൈലുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയതായി റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ഗി ഷ്യോഗു അറിയിച്ചു. തീവ്രവാദികള്‍ നേരിടുന്ന ഏറ്റവും ശക്തമായ ആക്രമണമാണ് റഷ്യയുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. 26 മിസൈലുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തിക്കഴിഞ്ഞെന്നും അദ്ദേഹം അറിയിച്ചു. ആക്രമണം ശക്തമായതോടെ ഭീകരരുടെ നില പരുങ്ങലിലായി. കാസ്പിയന്‍ കടലില്‍ നങ്കുരമിട്ടിരിക്കുന്ന കപ്പലുകളില്‍ നിന്നാണ് റഷ്യയുടെ ആക്രമണം.

ഇസിലിനെതിരായ ആക്രമണത്തില്‍ റഷ്യയ്‌ക്കൊപ്പം ചൈനയും ചേര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം റഷ്യയുടെ ആക്രമണത്തിനെതിരെ അമേരിക്കയും സഖ്യകക്ഷികളും വിമര്‍ശവുമായി രംഗത്തെത്തിയിട്ടുണ്ട്. ഭീകരരെ തുരത്താന്‍ എന്ന പേരില്‍ റഷ്യ നടത്തുന്ന ആക്രമണത്തില്‍ തദ്ദേശവാസികള്‍ ഇരയാകുന്നതായാണ് വിമര്‍ശം. റഷ്യന്‍ ആക്രമണങ്ങള്‍ ഭീകരര്‍ക്ക് വെല്ലുവിളി ഉയര്‍ത്താനാകുന്നില്ല. ഭീകരര്‍ എന്ന പേരില്‍ സിറിയയിലെ ഭരണകൂടത്തിനെതിരെയുള്ള വിമതര്‍ക്കെതിരെയാണ്‌ ആക്രമണം നടത്തുന്നതെന്ന് പെന്റഗണ്‍ ചീഫ് ആഷ്റ്റന്‍ കാര്‍ട്ടര്‍ ആരോപിച്ചിരുന്നു.

syria-russain-cartoon
എന്നാല്‍ വിമര്‍ശമൊന്നും കാര്യമാക്കേണ്ടെന്ന നിലപാടിലാണ് റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ പുട്ടിന്‍. ഇസില്‍ തീവ്രവാദികള്‍ക്ക് പിന്നില്‍ അമേരിക്കയും ഇസ്‌റാഈലുമാണെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. അതുകൊണ്ടാണ് അമേരിക്കയ്ക്ക് റഷ്യന്‍ ആക്രമണത്തില്‍ അസ്വസ്ഥതയെന്ന് നിരീക്ഷിക്കുന്നവരുമുണ്ട്.