സ്ഥാനാര്‍ഥി നിര്‍ണയം മുന്നണികള്‍ക്ക് കീറാമുട്ടി

Posted on: October 8, 2015 11:07 am | Last updated: October 8, 2015 at 11:07 am
SHARE

മണ്ണാര്‍ക്കാട്: തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ സ്ഥാനാര്‍ഥി നിര്‍ണ്ണയ തിരക്കിലാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും ചില സ്ഥാനാര്‍ഥി മോഹികളും.
നാമ നിര്‍ദേശ പത്രിക നല്‍കാനുളള സമയം തുടങ്ങിയതോടെ നിലവിലെ ജനപ്രതിനിധികളും പുതിയ സ്ഥാന മോഹികളും സീറ്റ് തരപ്പെടുത്തുന്നതിനുളള തീവ്രശ്രമത്തിലാണ്. വാര്‍ഡുകള്‍ വിഭജിക്കാതെ നടക്കുന്ന ആദ്യ ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പായതുകൊണ്ട് തന്നെ നിലവിലെ അംഗങ്ങള്‍ ഏറെ പ്രതീക്ഷയോടെയാണ് ഈ തിരഞ്ഞെടുപ്പിനെ കാണുന്നത്. തങ്ങളുടെ കഴിഞ്ഞ കാല വികസനങ്ങള്‍ മുന്‍നിര്‍ത്തി വിജയിക്കാമെന്ന കണക്കുകൂട്ടലിലാണിവര്‍. എന്നാല്‍ പുതുതായെത്തിയ സ്ഥാനാര്‍ഥി മോഹികള്‍ വന്‍തലവേദനയാണ് മിക്ക പാര്‍ട്ടികള്‍ക്കും സൃഷ്ടിക്കാന്‍ പോവുന്നത്. സ്വതന്ത്രന്മാര്‍ തിരഞ്ഞെടുപ്പില്‍ രംഗത്ത് വരുന്നതും ഇടത് വലതുമുന്നണിക്ക് ഈ തിരഞ്ഞെടുപ്പ് പരീക്ഷണമാവും.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പത്തില്‍ താഴെ മാത്രം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച പല വാര്‍ഡുകളില്‍ പുതുതായി രംഗത്ത് വരുന്ന സ്ഥാനാര്‍ഥികള്‍ തലവേദനയാവും. കൂടാതെ ഗ്രാമപഞ്ചായത്തുകളില്‍ ജയപരാജയങ്ങള്‍ നിര്‍ണ്ണയിക്കുന്നതില്‍ ഇത്തരക്കാരുടെ പങ്ക് തള്ളികളയാനാവാത്ത സ്ഥിതിയാണുളളത്. വിജയ പ്രതീക്ഷയോടെ മത്സര രംഗത്ത് എത്തിയ പ്രമുഖരുടെ വിജയത്തെയും സാരമായി തന്നെ ബാധിക്കുമെന്നതാണ് വിലയിരുത്തലുകള്‍.
നിലവിലെ ജനപ്രതിനിധികള്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിക്കാന്‍ പെടാപാട് പെടുമ്പോള്‍ മറ്റൊരു വിഭാഗം ഇത്തരം സീറ്റുകള്‍ കൈക്കലാക്കാനുളള തീവ്രശ്രമത്തിലുമാണ്. ഇതിനായി ഇവര്‍ വിവിധ പാര്‍ട്ടികളിലെ ചെറുകിട വന്‍കിട നേതാക്കന്‍മാരില്‍ ഒരുപോലെ സമ്മര്‍ദ്ദം ചെലുത്തുന്നുമുണ്ട്. മിക്ക പാര്‍ട്ടികളും തങ്ങളുടെ താഴെ കമ്മിറ്റികളുടെ തീരുമാനമാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ അന്തിമമെന്ന് പറഞ്ഞതോടുകൂടി ചെറുകിട നേതാക്കന്‍മാര്‍ക്ക് വന്‍ഡിമാന്റാണിപ്പോള്‍.
തിരഞ്ഞെടുപ്പിന് ഏറെ മുമ്പ് തന്നെ മത്സരിക്കാന്‍ മുന്നൊരുക്കം നടത്തിയിരുന്ന പലര്‍ക്കും തങ്ങളുടെ വാര്‍ഡുകള്‍ വനിത സംവരണവും പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ മറ്റു സംവരണവും വന്നത് വന്‍തിരിച്ചടിയായിട്ടുണ്ട്.
സ്ഥാനാര്‍ഥിത്വം തങ്ങളുടെ പാര്‍ട്ടിയില്‍ സീറ്റ് തന്നില്ലെങ്കില്‍ മറ്റുപാര്‍ട്ടികളുടെ സ്ഥാനാര്‍ഥിയാവാനും ഒരേ സമയം വിവിധ പാര്‍ട്ടി നേതാക്കളോട് സ്ഥാനാര്‍ഥിത്വ ചര്‍ച്ച നടത്തുന്നവരും ഇപ്പോള്‍ തിരഞ്ഞെടുപ്പ് രംഗത്ത് സജീവമാണ്. ഏത് വിധേനയായാലും തനിക്കൊരു സീറ്റ് ഉറപ്പിച്ചെടുക്കുക എന്ന ലക്ഷ്യത്തിലാണ് ഇക്കൂട്ടര്‍. സീറ്റ് കിട്ടില്ല എന്ന് ഉറപ്പാക്കിയ പലരും പൊതു രാഷ്ട്രീയ രംഗത്ത് നിന്ന് മാറി നില്‍ക്കാനുളള തയ്യാറെടുപ്പിലുമാണ്. വിമതരുടെ ഭീഷണിയുളള ചില ഭാഗങ്ങളിലെ വാര്‍ചുകളില്‍ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇതുവരെയായും സ്ഥാനാര്‍ത്ഥിയെ നിര്‍ണ്ണയിക്കാനായിട്ടില്ല.
പലരും സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിന് മേല്‍ കമ്മിറ്റിയെ ചുമതലപെടുത്താനുളള ശ്രമത്തിലുമാണ്.