പനമരം പഞ്ചായത്തില്‍ എന്‍ സി പിയെ ഒഴിവാക്കി മത്സരിക്കാന്‍ എല്‍ ഡി എഫ് തീരുമാനം

Posted on: October 8, 2015 11:03 am | Last updated: October 8, 2015 at 11:03 am
SHARE

പനമരം: പനമരം പഞ്ചായത്ത് എല്‍ ഡി എഫില്‍ നിന്നും എന്‍ സി പിയെ ഒഴിവാക്കി വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ 19-ഓളം സീറ്റില്‍ മത്സരിക്കാന്‍ എല്‍ ഡി എഫ് യോഗം തീരുമാനിച്ചു.
കഴിഞ്ഞ 18 വര്‍ഷത്തോളമായി എല്‍ ഡി എഫിന്റെ കണ്‍വീനര്‍സ്ഥാനത്ത് തുടര്‍ന്നുവന്ന എന്‍ സി പിയെയാണ് സി പി എം പഞ്ചായത്ത് സീറ്റ് വിഭജന ചര്‍ച്ചയില്‍ പൂര്‍ണമായി തഴഞ്ഞത്. 2000 മുതല്‍ 2015 വരെ പനമരത്ത് എന്‍ സി പി രണ്ട് സീറ്റില്‍ മത്സരിച്ച് വിജയിച്ചിട്ടുണ്ട്. പഞ്ചായത്തിലെ പന്ത്രണ്ടാംവാര്‍ഡും ചെറുകാട്ടൂരിലെ നാലാം വാര്‍ഡുമാണ് ഇവര്‍ക്ക് സ്ഥിരമായി നല്‍കാറുള്ളത്.
എല്‍ ഡി എഫിലെ സ്റ്റേറ്റ് കമ്മിറ്റിയുടെ തീരുമാനപ്രകാരം ചെറിയ കക്ഷികളെ പരിഗണിക്കണമെന്ന നിര്‍ദേശത്തെ പനമരം പഞ്ചായത്തില്‍ സി പി എം മുഖവിലക്കെടുത്തത് എന്‍ സി പിയെയും ചെറുകക്ഷികളെയും ചൊടിപ്പിച്ചിട്ടുണ്ട്.
പനമരം പഞ്ചായത്തില്‍ 23 വാര്‍ഡുകളാണുള്ളത്. ഇതില്‍ 19-ല്‍ സി പി എം രണ്ടില്‍ സി പി ഐയും ഒരെണ്ണത്തില്‍ ജനതാദളും മത്സരിക്കുന്നു. കഴിഞ്ഞ വര്‍ഷം ഐ എന്‍ എല്ലിന് ഒരു സീറ്റ് നല്‍കിയെങ്കിലും ഇത്തവണ ഇവരെയും പരിഗണിച്ചില്ല. സി പി എം ജില്ലാകമ്മിറ്റിയില്‍ എന്‍ സി പി ജില്ലാ നേതൃത്വമായി ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല.
പഞ്ചായത്തിലെ 12, 07, 09, 18 എന്നീ വാര്‍ഡുകളില്‍ ബി ജെ പിക്ക് നിര്‍ണായക സ്വാധീനമുണ്ട്.
സി പി എമ്മിന്റെ വല്ല്യേട്ടന്‍ മനോഭാവമാണ് മണ്ഡലത്തില്‍ മത്സരിക്കാന്‍ അനുവദിക്കാത്തതെന്ന് എന്‍ സി പിയുടെ മണ്ഡലം നേതാക്കള്‍ പറഞ്ഞു. സി പി എമ്മിന്റെ ഈ നിലപാടിനെതിരെ കൈതയ്ക്കല്‍, എടത്തുകുന്ന്, കായക്കുന്ന്, പനമരം വെസ്റ്റ് എന്നീ വാര്‍ഡുകളില്‍ റിബല്‍ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാന്‍ എന്‍ സി പി തീരുമാനിച്ചു.
ചെറുകക്ഷികളെ സീറ്റ് ചര്‍ച്ചക്ക് വിളിക്കാത്തതും ആക്ഷേപത്തിനിടയാക്കിയിട്ടുണ്ട്. ഐ എന്‍ എല്‍ രണ്ട് സീറ്റില്‍ മത്സരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ പ്രതിഫലനം വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കാണിക്കുമെന്ന് ഇരുനേതാക്കളും വ്യക്തമാക്കി.