ആദ്യദിനം പത്രികകള്‍ ഒന്നും ലഭിച്ചില്ല

Posted on: October 8, 2015 11:02 am | Last updated: October 8, 2015 at 11:02 am
SHARE

കല്‍പ്പറ്റ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സ്വീകരിക്കുന്നതിനുള്ള ആദ്യദിവസമായ ഇന്നലെ വയനാട് ജില്ലയില്‍ പത്രികകള്‍ ഒന്നും ലഭിച്ചില്ല. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനായുള്ള നാമനിര്‍ദേശ പത്രികകള്‍ നിശ്ചിത തീയതിയിലും സമയത്തും മാത്രം വരണാധികാരികള്‍/ഉപവരണാധികാരികള്‍ സ്വീകരിച്ച് തുടര്‍ നടപടി സ്വീകരിക്കേണ്ടതാണെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷന്‍ അറിയിച്ചു.
പത്രിക സമര്‍പ്പിക്കാന്‍ വരുന്ന സ്ഥാനാര്‍ഥികള്‍ക്കോ ഏജന്റുമാര്‍ക്കോ വരണാധികാരിയുടെ/ഉപവരണാധികാരിയുടെ ഓഫീസ് പരിസരത്തുനിന്ന് 100 മീറ്ററിനകത്ത് ഒരു വാഹനം മാത്രമാണ് അനുവദനീയം. പത്രികാ സമര്‍പ്പണ വേളയില്‍ വരണാധികാരിയുടെ/ഉപവരണാധികാരിയുടെ ഓഫീസില്‍ സ്ഥാനാര്‍ഥിയടക്കം അഞ്ച് പേര്‍ക്ക് മാത്രമാണ് പ്രവേശനം. പത്രികകളുടെ സൂക്ഷ്മ പരിശോധന നിശ്ചയിച്ച സ്ഥലത്തും സമയത്തും നടത്തും. സൂക്ഷ്മ പരിശോധനാ വേളയില്‍ സ്ഥാനാര്‍ഥികള്‍ക്കും അവരുടെ തെരഞ്ഞെടുപ്പ് ഏജന്റുമാര്‍ക്കും ഓരോ സ്ഥാനാര്‍ഥിയുടെയും ഒരു നിര്‍ദേശകനും രേഖാമൂലം അധികാരപ്പെടുത്തിയ മറ്റൊരാള്‍ക്കും മാത്രമാണ് പ്രവേശനം.
പത്രികകള്‍ സൂക്ഷ്മ പരിശോധന നടത്തുന്നതിനുള്ള ന്യായമായ എല്ലാ സൗകര്യങ്ങളും വരണാധികാരി നല്‍കേണ്ടതാണെന്നും കമീഷന്‍ അറിയിച്ചു. പൊതു തിരഞ്ഞെടുപ്പിന്റെ ഭാഗമായി മാതൃകാ പെരുമാറ്റചട്ടം ലംഘനം പരിശോധിക്കുന്നതിന് അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് നോഡല്‍ ഓഫീസറായി ജില്ലാതല സ്‌ക്വാഡ് രൂപവത്കരിച്ചു.
താലൂക്ക് അഡീഷണല്‍ തഹസില്‍ദാര്‍മാരെ ചാര്‍ജ് ഓഫീസര്‍മാരായും നിശ്ചയിച്ചിട്ടുണ്ട്. പെരമാറ്റചട്ടലംഘനം ശ്രദ്ധയില്‍പെട്ടാല്‍ 9495318794 എന്ന നമ്പറില്‍ അറിയിക്കാവുന്നതാണെന്ന് ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.