അങ്കത്തട്ടില്‍ ആരെല്ലാം?; ചിത്രം തെളിയാന്‍ പത്തുനാള്‍

Posted on: October 8, 2015 11:01 am | Last updated: October 8, 2015 at 11:01 am
SHARE

കോട്ടക്കല്‍: ത്രിതല പഞ്ചായത്തുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ചിത്രം തെളിയാന്‍ ഇനി പത്തുനാള്‍. ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങിയതോടെയാണ് ഇത്. 14 വരെയാണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം.
15ന് സൂക്ഷമ പരിശോധന നടത്തും. 17നാണ് പിന്‍വലിക്കാനുള്ള അവസാന സമയം. ഇതൊടെയാണ് ആരെല്ലാമാണ് ഗോദയിലെന്നറിയുക. മുന്നണി തലങ്ങളില്‍ ചൂടു പിടിച്ച ചര്‍ച്ചകളാണ് നടക്കുന്നത്. യു ഡി എഫില്‍ പലയിടത്തും ഐക്യത്തിലെത്താനായിട്ടില്ല. ചര്‍ച്ചകള്‍ ഫലം ചെയ്ത് കലങ്ങി തെളിയലോടെ ചിത്രങ്ങള്‍ വ്യക്തമാകും. ഇടത് മുന്നണിയിലും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. പൊതു സമ്മതരെ പുറത്തിറക്കാനാണ് ഇവരുടെ ശ്രമം. ഇതിനായി പലരേയും സമീപിച്ച് കഴിഞ്ഞു.
സമാന ചിന്താഗതിക്കാരായ പല സംഘടനാ നേതാക്കളെയും സമീപിക്കുന്നുണ്ട്. ചിലര്‍ക്കിടയില്‍ കടുത്ത സമ്മര്‍ദവും നടത്തുന്നുണ്ട്. 12-ാം തീയതിയോടെ പത്രികാ സമര്‍പ്പണം ആരംഭിക്കാനാണ് ഇടത് മുന്നണിയുടെ നീക്കം. പത്ത് ദിവസങ്ങള്‍ പാര്‍ട്ടികള്‍ക്ക് ഏറെ വിലപ്പെട്ടതാണ്. ഇതിനകം സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കണം. പത്രികാ സമര്‍പ്പണത്തിന് ഒഴിവ് ദിനം കഴിച്ച് തുടര്‍ച്ചയായി ഏഴ് ദിനങ്ങളാണുള്ളത്. രാവിലെ 11 മുതല്‍ വൈകുന്നേരം മൂന്ന് വരെയാണ് പത്രികാ സമര്‍പ്പണത്തിന് നല്‍കിയിരിക്കുന്നത്. പഞ്ചായത്തുകളിലേക്ക് 1000 രൂപയാണ് കെട്ടിവെക്കേണ്ടത്. ബ്ലോക്ക് 2000, ജില്ലാ പഞ്ചായത്ത് 3000 എന്നിങ്ങനെയാണ് കെട്ടിവെക്കാനുള്ള തുക നിശ്ചയിച്ചിരിക്കുന്നത്. അതിനിടെ ഒറ്റക്ക് അങ്കത്തിനിറങ്ങാനുറച്ച ചെറുകക്ഷികള്‍ ഇതിനകം രംഗത്തിറങ്ങി കഴിഞ്ഞു. എങ്കിലും മുഖ്യാധാര പാര്‍ട്ടികള്‍ രംഗത്തെത്തുന്നതോടെ മാത്രമെ തിരഞ്ഞെടുപ്പിന്റെ ചൂട് പൊടിപാറുകയുള്ളൂ. ഇതിനായി പത്ത്‌നാള്‍ കാത്തിരിക്കണം.