Connect with us

Ongoing News

പോരാട്ടത്തിനൊരുങ്ങി കോര്‍പറേഷന്‍

Published

|

Last Updated

കോഴിക്കോട്: ചരിത്രത്തിലെ ഏറ്റവും വലിയ പോരാട്ടത്തിനാണ് കോഴിക്കോട് കോര്‍പറേഷന്‍ ഇത്തവണ സാക്ഷ്യം വഹിക്കുന്നത്. നാല് പതിറ്റാണ്ടായി തുടരുന്ന ആധിപധ്യം തുടരാന്‍ എല്‍ ഡി എഫ് കച്ചമുറുക്കുമ്പോള്‍ ഇക്കുറി ഭരണം പിടിക്കാമെന്ന പ്രതീക്ഷയിലാണ് യു ഡി എഫ്. അതേസമയം, നിലവിലെ രാഷ്ട്രീയ സാഹചര്യം മുതലെടുത്ത് അഞ്ച് വാര്‍ഡുകളെങ്കിലും നേടാനാകുമെന്ന് ബി ജെ പി കണക്ക് കൂട്ടുന്നു.
പതിറ്റാണ്ടുകളുടെ ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് എല്‍ ഡി എഫ് പ്രചാരണം തുടങ്ങിക്കഴിഞ്ഞു. അഴിമതിക്കഥകളുയര്‍ത്തി ബി ജെ പിയും കോണ്‍ഗ്രസും പ്രതിരോധിക്കാന്‍ രംഗത്തുണ്ട്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 75 ല്‍ 41 വാര്‍ഡുകളില്‍ ജയിച്ചാണ് കോര്‍പറേഷന്‍ ഇടതുപക്ഷം നിലനിര്‍ത്തിയത്. എന്നാല്‍ 2005ലെ തിരഞ്ഞെടുപ്പില്‍ കേവലം ഏഴ് സീറ്റ് മാത്രമുണ്ടായിരുന്ന യു ഡി എഫ് 34 സീറ്റുകള്‍ നേടി 2010ല്‍ വന്‍ മുന്നേറ്റം നടത്തി. ഇത് യു ഡി എഫിന് ആത്മവിശ്വാസം നല്‍കുന്നുണ്ട്.
2005ല്‍ പഞ്ചായത്തുകളായിരുന്ന നല്ലളം, എലത്തൂര്‍, ബേപ്പൂര്‍, ചെറുവണ്ണൂര്‍ എന്നിവയെ 2010ല്‍ കോര്‍പറേഷന്റ ഭാഗമാക്കി 75 വാര്‍ഡ് രൂപവത്കരിച്ചതാണ് എല്‍ ഡി എഫിന് അനുകൂല സാഹചര്യമുണ്ടാക്കിയത്. പുതുതായി കൂട്ടിച്ചേര്‍ത്ത വാര്‍ഡുകളില്‍ എല്‍ ഡി എഫ് മുന്നേറ്റം നടത്തിയപ്പോള്‍ പഴയ നഗര വാര്‍ഡുകളില്‍ യു ഡി എഫാണ് മുമ്പിലെത്തിയത്. ഇത് തിരിച്ചറിഞ്ഞ സംസ്ഥാന സര്‍ക്കാര്‍ കോര്‍പറേഷനില്‍ കൂട്ടിച്ചേര്‍ത്ത നല്ലളം, എലത്തൂര്‍, ചെറുവണ്ണൂര്‍, ബേപ്പൂര്‍ എന്നിവയെ മുനിസിപാലിറ്റികളാക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതിനെ എതിര്‍ത്ത് എല്‍ ഡി എഫ് ഹൈക്കോടതിയെ സമീപിക്കുകയും സര്‍ക്കാര്‍ തീരുമാനം റദ്ദ് ചെയ്യിപ്പിക്കുകയും ചെയ്തു. ഈ തിരിച്ചടി കാര്യമാക്കുന്നില്ലെങ്കിലും പുതിയ വാര്‍ഡുകളിലും ഇത്തവണ നേട്ടം കൊയ്യുമെന്ന് യു ഡി എഫ് ജില്ലാ നേതാക്കള്‍ അവകാശപ്പെടുന്നു.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 41 സീറ്റ് നേടിയ എല്‍ ഡി എഫില്‍ 39 സീറ്റും സി പി എമ്മിനായിരുന്നു. രണ്ട് സീറ്റ് എന്‍ സി പിയും നേടി. മുന്നണിയിലെ സി പി ഐ ഉള്‍പ്പെടെയുള്ള കക്ഷികള്‍ക്ക് ഒരു സീറ്റില്‍ പോലും വിജയിക്കാനായില്ല. യു ഡി എഫില്‍ 17 സീറ്റുകള്‍ കോണ്‍ഗ്രസും പത്തിടങ്ങളില്‍ മുസ്‌ലിം ലീഗും നാല് സീറ്റില്‍ സോഷ്യലിസ്റ്റ് ജനതാ ഡെമോക്രാറ്റിക്കും ഒരു സീറ്റില്‍ ഐ എന്‍ എല്ലും രണ്ടിടങ്ങളില്‍ യു ഡി എഫ് സ്വതന്ത്രരും ജയിച്ചു. ബി ജെ പി 63 ഡിവിഷനുകളിലും മത്സരിച്ചെങ്കിലും എവിടേയും കരപറ്റിയില്ല.
കുടിവെള്ളം, ക്ഷേമകാര്യ പ്രവര്‍ത്തനങ്ങള്‍, വനിതാവികസനമേഖലയിലെ തൊഴില്‍ സംരംഭങ്ങള്‍, വിദ്യാഭ്യാസം, കായികരംഗം, പ്രാദേശിക റോഡുകളുടെ വികസനം, ഭവനപദ്ധതി, സാംസ്‌ക്കാരിക രംഗത്തെ നേട്ടം തുടങ്ങി നിരവധി കാര്യങ്ങള്‍ ആയുധമാക്കിയാണ് എല്‍ ഡി എഫ് പ്രചാരണം. കോര്‍പറേഷന്‍ പരിധിയില്‍ സ്ഥലം ലഭ്യമായ എല്ലാ അങ്കണ്‍വാടികള്‍ക്കും പുതിയ കെട്ടിടങ്ങള്‍ നിര്‍മിച്ചു, സംസ്ഥാന സര്‍ക്കാറില്‍ നിന്ന് ഫണ്ട് ലഭ്യമാകാതെയും 20,000 പേര്‍ക്ക് പെന്‍ഷന്‍ വിതരണം ചെയ്തു, കുടുംബശ്രീ വഴി 100ല്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കി, 3,000 പേര്‍ക്ക് തൊഴില്‍ നല്‍കി, പകല്‍വീടുകള്‍ സ്ഥാപിച്ചു, വിദ്യാഭ്യാസ മേഖലയില്‍ 10 കോടിയുടെ വികസനം, കോര്‍പറേഷന്‍ സ്റ്റേഡിയം നവീകരണം, ഓരോ ഡിവിഷനിലും മൂന്ന് കോടി രൂപയോളം റോഡുകളുടെ വികസനത്തിനായി ചെലവഴിച്ചു. സര്‍ക്കാര്‍ ഇ എം എസ് ഭവനപദ്ധതി നിര്‍ത്തലാക്കിയെങ്കിലും വീടില്ലാത്തവര്‍ക്ക് വീടുനിര്‍മിച്ചുകൊടുക്കുന്നതിന് രണ്ട് ലക്ഷം രൂപയും നല്‍കി. ആര്‍ട് ഗാലറി ഉള്‍പ്പെടെ സാംസ്‌ക്കാരിക രംഗത്തും മികച്ച സംഭവനകള്‍ നല്‍കി തുടങ്ങിയ ഭരണ നേട്ടങ്ങളാണ് എല്‍ ഡി എഫിന് ഉയര്‍ത്തിക്കാട്ടുന്നത്.
എന്നാല്‍ തുടങ്ങിവെച്ച പദ്ധതികളൊന്നും പൂര്‍ത്തീകരിക്കാന്‍ ഭരണപക്ഷത്തിന് സാധിച്ചിട്ടില്ലെന്ന് യു ഡി എഫ് പറയുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ശ്രദ്ധേയമായ ഒരു പ്രവര്‍ത്തനം പോലും ഉണ്ടായില്ല. ഡെപ്യൂട്ടി മേയര്‍ അടക്കമുള്ള ഭരണപക്ഷത്തിനെതിരെ ഗുരുതര അഴിമതി ആരോപണങ്ങളാണ് നിലനില്‍ക്കുന്നത്. മീഞ്ചന്ത, മെഡിക്കല്‍ കോളജ്, പാവങ്ങാട് തുടങ്ങിയ സ്ഥലങ്ങളില്‍ ബസ്സ്റ്റാന്‍ഡ് സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും അത് പാഴ് വാക്കായി. വൈദ്യുതി കണക്ഷനില്ലാത്ത വ്യവസായ കേന്ദ്രമാണ് നെല്ലികോട് സ്ഥിതി ചെയ്യുന്നത്. ടാഗോര്‍ ഹാള്‍, ജൂബിലി ഹാള്‍ തുടങ്ങിയ ഇടങ്ങളിലൊന്നും അറ്റകുറ്റപണികള്‍ നടത്തുന്നതിന് പോലും ഭരണപക്ഷം തയ്യാറായില്ല തുടങ്ങിയ കാര്യങ്ങളാണ് യു ഡി എഫ്, എല്‍ ഡി എഫിനെതിരെ ആയുധമാക്കുന്നത്.
സംസ്ഥാനത്ത് മാറിയ രാഷ്ട്രീയ സാഹചര്യം തങ്ങള്‍ക്ക് അനുകൂലമാണെന്ന് ബി ജെ പി അവകാശപ്പെടുന്നു. എസ് എന്‍ ഡി പി അടക്കമുള്ള സംഘടനകളുടെ നിലപാടുകള്‍ തങ്ങള്‍ക്ക് തുണയാകും. കേന്ദ്രത്തില്‍ നിന്ന് കൂടുതല്‍ ഫണ്ടുകള്‍ നേടിയെടുക്കാന്‍ തങ്ങള്‍ക്ക് കഴിയും. കോര്‍പറേഷനില്‍ ബി ജെ പി വന്‍ മുന്നേറ്റം നടത്തുമെന്നും ഇവര്‍ അവകാശപ്പെടുന്നു. വികസന മുരടിപ്പും അഴിമതിയും മാത്രമാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തെ നേട്ടമെന്നും ഇവര്‍ പറയുന്നു.
എന്നാല്‍ വന്‍ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തില്‍ വരുമെന്ന് മേയര്‍ പ്രൊഫ. എ കെ പ്രേമജം സിറാജിനോടു പറഞ്ഞു. “വമ്പന്‍ കെട്ടിടങ്ങള്‍ നിര്‍മിക്കലല്ല വികസനം, സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിലൂടെ മാത്രമേ വികസനത്തിന് കഴിയൂ. കഴിഞ്ഞ വര്‍ഷങ്ങളിലെ ഭരണത്തില്‍ അത്തരത്തിലുള്ള വികസനം കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് പൂര്‍ണ വിശ്വാസവുണ്ട്. എല്‍ ഡി എഫ് ആത്മവിശ്വാസത്തോടെയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും മേയര്‍ പറഞ്ഞു.
“തുടര്‍ച്ചയായി ഭരിച്ചിട്ടും ഭരണപക്ഷത്തിന് കോര്‍പറേഷനില്‍ വികസനമുണ്ടാക്കാന്‍ കഴിഞ്ഞില്ലെന്ന് പ്രതിപക്ഷ നേതാവ് എം ടി പത്മ സിറാജിനോട് പറഞ്ഞു. ജനങ്ങള്‍ ഒരു ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ട്. അധികാരത്തില്‍ വരാന്‍ കഴിയുമെന്നുള്ള ആത്മവിശ്വാസത്തോടെയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും പത്മ പറഞ്ഞു.

സാമൂഹികവും
സാമ്പത്തികവുമായ വികസനത്തിന് സാധിച്ചു: മേയര്‍
എ കെ പ്രേമജം
വന്‍ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തില്‍ വരും. വമ്പന്‍ കെട്ടിടങ്ങള്‍ നിര്‍മിക്കലല്ല വികസനം. സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിലൂടെ മാത്രമേ വികസനത്തിന് കഴിയൂ. കഴിഞ്ഞ വര്‍ഷങ്ങളിലെ ഭരണത്തില്‍ അത്തരത്തിലുള്ള വികസനം കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് പൂര്‍ണ വിശ്വാസവുണ്ട്. എല്‍ ഡി എഫ് ആത്മവിശ്വാസത്തോടെയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

തുടര്‍ച്ചയായി ഭരിച്ചിട്ടും
വികസനമുണ്ടാക്കാന്‍
കഴിഞ്ഞില്ല: പ്രതിപക്ഷ നേതാവ്
എം ടി പത്മ
തുടര്‍ച്ചയായി ഭരിച്ചിട്ടും ഭരണപക്ഷത്തിന് കോര്‍പറേഷനില്‍ വികസനമുണ്ടാക്കാന്‍ കഴിഞ്ഞില്ല. അഴിമതിയില്‍ മുങ്ങിയ ഭരണമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.
നാല് പതിറ്റാണ്ട് യു ഡി എഫിന്റെ ഭരണം കൊണ്ട് ജനം പൊറുതിമുട്ടിയിരിക്കുകയാണ്. ഇപ്പോള്‍ ഒരു ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ട്. അധികാരത്തില്‍ വരാന്‍ കഴിയുമെന്നുള്ള ആത്മവിശ്വാസത്തോടെയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

Latest