വെള്ളാപ്പള്ളി സംഘ്പരിവാറിനെ തള്ളിപ്പറയുന്നതിന് പിന്നില്‍ ദ്വിമുഖതന്ത്രം

Posted on: October 8, 2015 10:02 am | Last updated: October 8, 2015 at 10:02 am
SHARE

VELLAPPALLI NADESANന്യൂഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരണത്തില്‍ വെള്ളാപ്പള്ളി നടേശന്‍ പയറ്റുന്നത് ദ്വിമുഖ തന്ത്രം. ബി ജെ പിയോട് ചേര്‍ന്ന് നിന്ന് പാര്‍ട്ടി രൂപവത്കരിക്കുമ്പോള്‍ തന്നെ സംഘ്പരിവാറുമായി ബന്ധമില്ലെന്നും വിശാല മതനിരപേക്ഷ പാര്‍ട്ടിയായിരിക്കുമെന്ന നിലപാട് പരസ്യപ്പെടുത്തുന്നതില്‍ നിഴലിക്കുന്നത് ഈ തന്ത്രമാണ്. ബി ജെ പി ദേശീയ നേതൃത്വത്തിന്റെയും സംഘ്പരിവാറിന്റെയും ആശയവും ആശീര്‍വാദവും തന്നെയാണ് ഈ നീക്കത്തിന് പിന്നില്‍. പുതിയ നീക്കങ്ങള്‍ ബി ജെ പിക്കും വെള്ളാപ്പള്ളിക്കും നഷ്ടക്കച്ചവടമാകുമെന്ന ആശങ്ക ഉയര്‍ന്നതോടെയാണ് ഇങ്ങിനെയൊരു തന്ത്രം സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ തന്നെ രൂപപ്പെടുത്തിയത്. പുതിയ നീക്കവുമായി സഹകരിക്കില്ലെന്ന് പ്രഖ്യാപിച്ച എന്‍ എസ് എസിനെ ഏത് വിധേനയും അനുനയിപ്പിക്കാനാണ് നീക്കം.
എസ് എന്‍ ഡി പിയുമായുള്ള ചങ്ങാത്തം എന്‍ എസ് എസ് ഉള്‍പ്പെടെ ഭൂരിപക്ഷ സമുദായത്തിലെ മറ്റുവിഭാഗങ്ങളുടെ പിന്തുണ പൂര്‍ണ്ണമായി നഷ്ടപ്പെടാന്‍ ഇടയാക്കുമോയെന്നാണ് ബി ജെ പിയുടെ ആശങ്ക. സംസ്ഥാനഘടകത്തില്‍ നിന്ന് ഇങ്ങിനെയൊരു സന്ദേശം ലഭിച്ചതോടെയാണ് വിശാല മതേതര മുന്നണിയെന്ന ആശയം മുന്നോട്ട് വെച്ചാല്‍ മതിയെന്ന നിര്‍ദേശം കേന്ദ്രനേതൃത്വം നല്‍കിയത്. ഇതിലൂടെ ബി ജെ പി ബാന്ധവത്തെ എസ് എന്‍ ഡി പിക്കുള്ളില്‍ എതിര്‍ക്കുന്നവരുടെ വാ അടപ്പിക്കാന്‍ വെള്ളാപ്പള്ളിക്ക് കഴിയുകയും ചെയ്യും.
തീവ്ര ഹിന്ദുത്വ നിലപാടുള്ളവര്‍ ഇപ്പോള്‍ തന്നെ ബി ജെ പിക്ക് വോട്ട് ചെയ്യുന്നവരാണെന്നും അകന്ന് നില്‍ക്കുന്നവരെ പാര്‍ട്ടിയോട് അടുപ്പിക്കാന്‍ മതേതര മുഖമാണ് വേണ്ടതെന്നും ദേശീയ നേതൃത്വം കണക്ക് കൂട്ടുന്നു. മതേതര മുഖമുള്ള ഹിന്ദു ഏകീകരണമെന്ന തന്ത്രമാണ് കേരളത്തിന് വേണ്ടി അമിത്ഷാ രൂപപ്പെടുത്തിയിരിക്കുന്നത്. ഇതിലൂടെ എസ് എന്‍ ഡി പിയോട് അടുക്കുമ്പോള്‍ അകല്‍ച്ചയിലാകാന്‍ ഇടയുള്ളവരെ കൂടി കൂടെ നിര്‍ത്താന്‍ കഴിയുമെന്ന് ബി ജെ പി കണക്ക് കൂട്ടുന്നു.
വെള്ളാപ്പള്ളിക്ക് അമിത പ്രാധാന്യം നല്‍കുന്നത് മറ്റു ഹൈന്ദവ വിഭാഗങ്ങളില്‍ കടുത്ത അതൃപ്തിയുണ്ടാക്കുമെന്ന് കേരളത്തിലെ ഒരുവിഭാഗം ബി ജെ പി നേതാക്കള്‍ ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പുതിയ നീക്കം പരാജയപ്പെട്ടാല്‍ സംസ്ഥാന ബി ജെ പി ഘടകത്തില്‍ വന്‍പൊട്ടിത്തെറിയുണ്ടാക്കുമെന്നുറപ്പാണ്. ഇതെല്ലാം മുന്നില്‍ക്കണ്ടാണ് വെള്ളാപ്പള്ളിക്ക് മതേതര മുഖം നല്‍കി കൊണ്ടുള്ള പ്രതിരോധ നീക്കങ്ങള്‍.
നിയമസഭാതിരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളി നേതൃത്വം നല്‍കുന്ന മൂന്നാം മുന്നണിയെന്ന ആശയമാണ് അണിയറയില്‍ രൂപപ്പെടുന്നത്. ഇത് മറ്റു ഹൈന്ദവ സമുദായങ്ങള്‍ക്കിടയില്‍ പ്രത്യേകിച്ച് എന്‍ എസ് എസിന് ഇടയില്‍ വലിയ അസ്വാരസ്യത്തിന് ഇടയാക്കുമെന്ന് ഉറപ്പാണ്. ഇത് മുന്നില്‍ക്കാണ്ടാണ് സാമ്പത്തിക സംവരണം എന്ന നിര്‍ദേശം ബി ജെ പി മുന്നോട്ടുവെക്കുന്നത്.
ഹൈന്ദവ വിഭാഗത്തിലെ മുന്നാക്ക വിഭാഗങ്ങളിലെയും മുന്നാക്ക ക്രൈസ്തവ വിഭാഗങ്ങളിലെയും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം ഏര്‍പ്പെടുത്തുമെന്ന വാഗ്ദാനം ഈ വിഭാഗങ്ങളെ മൂന്നാം മുന്നണിയിലേക്ക് ആകര്‍ഷിപ്പിക്കുമെന്നാണ് ബി ജെ പിയുടെ കണക്ക് കൂട്ടല്‍. സംവരണത്തിന്റെ ഘടന നിശ്ചയിക്കുക എളുപ്പമല്ലാത്തതിനാല്‍ ഇക്കാര്യത്തില്‍ പ്രായോഗിക പ്രശ്‌നങ്ങള്‍ ഏറെയുണ്ട്. എസ് എന്‍ ഡി പി – എന്‍ എസ് എസ് ഐക്യം നേരത്തെ രണ്ടുതവണ പരാജയപ്പെട്ടത് സംവരണത്തെ ചൊല്ലിയാണ്. സാമ്പത്തിക സംവരണമെന്ന നിര്‍ദേശം എന്‍ എസ് എസ് ദീര്‍ഘനാളായി ഉന്നയിക്കുന്നതാണ്. മുന്നാക്ക ക്രൈസ്തവര്‍ക്ക് കൂടി സംവരണമെന്ന നിര്‍ദേശം വരുന്നതോടെ പുതിയ പാര്‍ട്ടിക്ക് മതേതര മുഖം കൈവരുമെന്നും ബി ജെ പി കണക്ക് കൂട്ടുന്നു.
എസ് എന്‍ ഡി പിക്കുള്ളില്‍ ഹൈന്ദവ വര്‍ഗീയത മുന്‍നിര്‍ത്തിയുള്ള നീക്കങ്ങള്‍ വിജയിക്കില്ലെന്ന നിലപാടുള്ളവരെ തണുപ്പിക്കുകയാണ് സംഘ്പരിവാര്‍ ബന്ധമില്ലെന്ന പ്രസ്താവനയിലൂടെ വെള്ളാപ്പള്ളി ലക്ഷ്യമിടുന്നത്. എസ് എന്‍ ഡി പി അണികളില്‍ ഏറെ പേര്‍ ഇടത് ആഭിമുഖ്യം പുലര്‍ത്തുന്നവരാണ്. സി പി എം അണികളില്‍ തന്നെ പകുതയോളം പേര്‍ ഈഴവ വിഭാഗമാണെന്നാണ് കണക്ക്. സംഘ്പരിവാറുമായി ചേരുന്നതിനെ നേതൃതലത്തിലുള്ള യൂണിയന്‍ ഭാരവാഹികള്‍ എതിര്‍ക്കുന്നില്ലെങ്കിലും അണികള്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നതില്‍ വ്യക്തതയില്ല. ഇതും മതേതര പാര്‍ട്ടിയെന്ന് ആവര്‍ത്തിച്ച് പറയാന്‍ വെള്ളാപ്പള്ളിയെ നിര്‍ബന്ധിതമാക്കുന്നു.