കേരളത്തിന് ഇത്തവണയും എയിംസ് അനുവദിച്ചില്ല

Posted on: October 8, 2015 9:31 am | Last updated: October 9, 2015 at 2:17 pm
SHARE

aimsന്യൂഡല്‍ഹി: രാജ്യത്ത് മൂന്ന് നഗരങ്ങളില്‍ കൂടി എയിംസ് സ്ഥാപിക്കാന്‍ ഇന്നലെ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി. പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജനക്ക് കീഴില്‍ അയ്യായിരം കോടിയോളം രൂപ ചെലവിട്ടാണ് മൂന്ന് ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എ ഐ ഐ എം എസ്- എയിംസ്) സ്ഥാപിക്കുന്നത്. മഹാരാഷ്ട്രയിലെ നാഗ്പൂര്‍, ആന്ധ്രാപ്രദേശിലെ മംഗളഗിരി, പശ്ചിമ ബംഗാളിലെ കല്യാണി എന്നിവിടങ്ങളിലാണ് പുതിയ എയിംസ് വരുന്നത്. അതേസമയം, ബി ജെ പി അധികാരമേറ്റതിന് പിന്നാലെ പ്രഖ്യാപിച്ച കേരളത്തിലെ എയിംസ് സംബന്ധിച്ച് തീരുമാനമായില്ല. കേരളത്തില്‍ എയിംസ് സ്ഥാപിക്കുന്നതിന് സ്ഥലം കണ്ടെത്താന്‍ നേരത്തെ നിര്‍ദേശിച്ചിരുന്നെങ്കിലും ഇന്നലത്തെ യോഗവും ഇക്കാര്യം പരിഗണിച്ചില്ല.
ഇന്നലെ അംഗീകാരം നല്‍കിയ മൂന്ന് എയിംസുകള്‍ക്കുമായി 4,949 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. മംഗളഗിരിയിലെ എയിംസിന് 1618 കോടി രൂപയും നാഗ്പൂരിലേതിന് 1577 കോടി രൂപയും കല്യാണിയിലെ എയിംസിന് 1754 കോടി രൂപയും ചെലവ് പ്രതീക്ഷിക്കുന്നു. പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജനക്ക് കീഴില്‍ ആരംഭിച്ച ആറ് പുതിയ എയിംസുകള്‍ ഇതിനകം പ്രവര്‍ത്തനക്ഷമമായിരിക്കെയാണ് ഇതിനൊപ്പം പ്രഖ്യാപിച്ച കേരളത്തോടുള്ള അവഗണന. റായ്ബറേലിയിലെ എയിംസിന്റെ നിര്‍മാണം മാത്രമാണ് ഇക്കൂട്ടത്തില്‍ പൂര്‍ത്തിയാകാനുള്ളത്.
രാഷ്ട്രീയ ലാഭമുണ്ടാക്കാന്‍ കഴിയുന്ന സംസ്ഥാനങ്ങളില്‍ മാത്രം പദ്ധതി നടപ്പാക്കുകയെന്ന നയമാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. എയിംസ് സ്ഥാപിക്കാന്‍ 200 ഏക്കര്‍ വീതം നാല് സ്ഥലങ്ങളില്‍ കഴിഞ്ഞ ജൂലൈയില്‍ത്തന്നെ കേരളം ശിപാര്‍ശ ചെയ്‌തെങ്കിലും സ്ഥലപരിശോധനക്ക് പോലും ആരും ഇതുവരെ എത്തിയിട്ടില്ല. സംസ്ഥാന ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ കഴിഞ്ഞ മാസം ഡല്‍ഹിയില്‍ കേന്ദ്രആരോഗ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ സ്ഥലപരിശോധനക്കായി വിദഗ്ധ സംഘത്തെ ഉടന്‍ അയക്കുമെന്ന് ഉറപ്പുനല്‍കിയിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ കേരളം സന്ദര്‍ശിച്ചപ്പോഴും എയിംസ് സ്ഥാപിക്കുമെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയതാണ്. വെള്ളം, വൈദ്യുതി, റോഡ് അടിസ്ഥാന സൗകര്യങ്ങളുള്ള 200 ഏക്കര്‍ സ്ഥലമാണ് എയിംസിനായി കേന്ദ്രം ആവശ്യപ്പെട്ടത്. ഇതിനായി തിരുവനന്തപുരത്ത് ആഭ്യന്തര വകുപ്പിന്റെ കൈവശമുള്ള തേവന്‍കോട്ടെ 200 ഏക്കര്‍, കോട്ടയത്ത് മെഡിക്കല്‍ കോളജും അതോട് ചേര്‍ന്നുള്ള പ്രദേശവും, എറണാകുളത്ത് കളമശേരിയില്‍ എച്ച് എം ടി കോമ്പൗണ്ടിലെ 200 ഏക്കര്‍, കോഴിക്കോട് കിനാലൂരില്‍ കെ എസ് ഐ ഡി സിയുടെ എസ്റ്റേറ്റ് എന്നിവയാണ് സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തിയത്. കേന്ദ്രം ആവശ്യപ്പെട്ടതനുസരിച്ച് സര്‍വേ നമ്പറും രൂപരേഖയുമടക്കം ഭൂമിയുടെ രേഖകള്‍, കലക്ടര്‍മാരുടെ റിപ്പോര്‍ട്ട്, അടിസ്ഥാന സൗകര്യങ്ങളൊരുക്കാമെന്ന സത്യവാങ്മൂലം, ഗതാഗതസൗകര്യങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തി വിശദമായ റിപ്പോര്‍ട്ട് കഴിഞ്ഞ ഡിസംബറില്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചിരുന്നു.
സംസ്ഥാനത്തിന്റ ആരോഗ്യമേഖലയുടെ മുഖച്ഛായ മാറ്റുന്ന പദ്ധതിയാണ് എയിംസ്. റഫറല്‍ സൗകര്യമുള്ള ആശുപത്രിയില്‍ എല്ലാ വൈദ്യശാസ്ത്ര ശാഖകളിലും ഗവേഷണവുമുണ്ടാകും. പ്രാദേശികമായി സംവരണമില്ലെങ്കിലും എം ബി ബി എസ്, നഴ്‌സിംഗ് അടക്കമുള്ളവയില്‍ സംസ്ഥാനത്തെ കുട്ടികള്‍ക്കും പ്രവേശന സാധ്യതയുണ്ടാകും.