തദ്ദേശ തിരഞ്ഞെടുപ്പ്: സംഘര്‍ഷത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

Posted on: October 8, 2015 9:28 am | Last updated: October 8, 2015 at 9:28 am
SHARE

voteതിരുവനന്തപുരം: പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ അടുത്ത മാസം ആദ്യം ആരംഭിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ചിലയിടങ്ങളില്‍ സംഘര്‍ഷ സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് മൂവായിരത്തോളം പ്രശ്‌നബാധിത ബൂത്തുകളുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇവയില്‍ നാലിലൊന്നും അതീവ പ്രശ്‌നബാധിത ബൂത്തുകളാണ്.
സംസ്ഥാനത്തെ പോലീസ് സേന കൂടാതെ അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള സായുധസേനയും തിരഞ്ഞെടുപ്പ് സുരക്ഷക്കായി നിയോഗിക്കും. തമിഴ്‌നാട്, കര്‍ണാടക, സംസ്ഥാനങ്ങളില്‍ നിന്നായി 30 കമ്പനി സായുധസേനയെയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സംഘര്‍ഷ മേഖലയിലും അതീവ പ്രശ്‌നബാധിത ബൂത്തുകളിലും സായുധ സേനയെയാകും സുരക്ഷക്കായി നിയോഗിക്കുക.
പുതിയ സഖ്യ സാധ്യതകള്‍ ഉരുത്തിരിഞ്ഞ സാഹചര്യത്തിലാണ് ചിലയിടങ്ങളില്‍ സംഘര്‍ഷസാധ്യത ഉള്ളതെന്ന് ഇന്റലിജന്‍സ് വിഭാഗം പറയുന്നത്. പ്രാഥമികമായ വിലയിരുത്തലാണിത്. സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായിട്ടില്ല. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം 14 ആണ്. അതോടെ സംസ്ഥാനത്ത് സ്ഥാനാര്‍ഥി ചിത്രം വ്യക്തമാകും. പുതിയ സഖ്യസാധ്യതകള്‍ എവിടെയൊക്കെയാണെന്നും തെളിയും. നിലവിലുള്ള അന്തരീക്ഷത്തില്‍ അപ്പോഴേക്കും മാറ്റം വരും. അത് കൂടുതല്‍ തീവ്രമാകാനാണ് സാധ്യത. അതും ഇന്റലിജന്‍സ് വിഭാഗം നിരീക്ഷിക്കുന്നുണ്ട്.