ആധാര്‍ സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ചിന്

Posted on: October 8, 2015 9:03 am | Last updated: October 8, 2015 at 10:10 am
SHARE

aadhardcard-ss-22-08-13ന്യൂഡല്‍ഹി: ആധാര്‍ നിര്‍ബന്ധമാക്കുന്നത് ചോദ്യം ചെയ്തുള്ള എല്ലാ ഹരജികളും സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ പരിഗണനക്ക് വിട്ടു. കേസില്‍ ജനുവരിയിലെ ഇടക്കാല ഉത്തരവില്‍ വ്യക്തത വരുത്തി പുതിയ ഉത്തരവ് പുറപ്പെടുവിച്ചില്ല. ജസ്റ്റിസുമാരായ ജെ ചെലമേശ്വര്‍, എസ് എ ബോബ്‌ഡെ, സി നാഗപ്പന്‍ എന്നിവരടങ്ങിയ ബഞ്ചാണ് ഇതുവരെ കേസ് പരിഗണിച്ചത്.
സര്‍ക്കാര്‍ സബ്‌സിഡികള്‍ക്ക് ആധാര്‍ നിര്‍ബന്ധമല്ല എന്നായിരുന്നു ജനുവരിയിലെ ഉത്തരവ്. പിന്നീട്, പാചക വാതക സബ്‌സിഡിയും പൊതുവിതരണ സബ്‌സിഡിയും ആധാര്‍ വഴിയാക്കാന്‍ സര്‍ക്കാര്‍ അഭ്യര്‍ഥന അംഗീകരിച്ച് കോടതി അനുമതി നല്‍കിയിരുന്നു. എന്നാല്‍, ആധാറിന്റെ പരിധി കൂട്ടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. പാചക വാതക സബ്‌സിഡി, പി ഡി എസ് സബ്‌സിഡി എന്നിവക്ക് പുറമെ മറ്റാനുകൂല്യങ്ങളും ആധാര്‍ വഴിയാക്കണമെന്നായിരുന്നു ആവശ്യം. കേന്ദ്ര സര്‍ക്കാറിന് പുറമേ, ഗുജറാത്ത്, ഛത്തീസ്ഗഢ് സര്‍ക്കാറുകളും റിസര്‍വ് ബേങ്ക്, സെബി എന്നിവയും ഉത്തരവില്‍ വിശദീകരണവും വ്യക്തതയും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. കേസിലെ ഹരജിക്കാരനായ പുട്ടസ്വാമിയും ഉത്തരവില്‍ വ്യക്തതയില്ലെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഇതേത്തുടര്‍ന്നാണ് കേസില്‍ പുതിയ ഉത്തരവ് പുറപ്പെടുവിക്കാന്‍ കോടതി തീരുമാനിച്ചത്.
എന്നാല്‍, കേസ് ഭരണഘടനാ ബഞ്ചിന്റെ പരിഗണനക്ക് വിട്ട സാഹചര്യത്തില്‍ ഇനി സര്‍ക്കാറിന്റെയും ഹരജിക്കാരുടെയും ആവശ്യങ്ങളില്‍ ഭരണഘടനാ ബഞ്ച് അന്തിമ തീരുമാനം എടുക്കും. ജനങ്ങള്‍ സ്വമേധയാ ആധാര്‍ എടുക്കുന്നതിന് കോടതി തടസ്സം നില്‍ക്കരുതെന്ന് കേന്ദ്ര സര്‍ക്കാറിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുഗുള്‍ റോത്തഗി കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. വധശിക്ഷക്ക് വിധിക്കപ്പെട്ട ഒരാള്‍ക്ക് വേണ്ടി പുലര്‍ച്ചെ രണ്ടിന് തുറന്ന കോടതിയുടെ വാതിലുകള്‍ കഷ്ടപ്പെടുന്ന അമ്പത് കോടി ജനങ്ങള്‍ക്ക് മുന്നില്‍ അടച്ചിടരുതെന്നായിരുന്നു റോത്തഗിയുടെ വാദം. പട്ടിണി കിടക്കുന്നവര്‍ ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി സ്വകാര്യത വേണ്ടെന്ന് വെച്ച് ആധാര്‍ എടുക്കുമ്പോള്‍ ഇതിന് നിയമത്തിന്റെ പിന്‍ബലമൊന്നും ആവശ്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പട്ടിണി കിടക്കുന്നതുകൊണ്ട് സ്വകാര്യത പാടില്ലെന്നുണ്ടോയെന്നായിരുന്നു ഇതിന് കോടതിയുടെ മറു ചോദ്യം. അമേരിക്കയിലെ രഹസ്യാന്വേഷണ ഏജന്‍സികളായ സി ഐ എയുടെയും എഫ് ബി ഐയുടെയും മുന്‍ മേധാവികള്‍ നടത്തുന്ന കമ്പനികളാണ് പൗരന്മാരുടെ വിവരങ്ങളെടുക്കുന്നതെന്ന് ഹരജിക്കാരനായ റിട്ട. ജഡ്ജി. കെ എസ് പുട്ടസ്വാമിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ശ്യാം ദിവാന്‍ ചൂണ്ടിക്കാട്ടി.
ഒരു മനുഷ്യന്‍ അവന്റെ വീട്ടില്‍ പോലും സുരക്ഷിതനല്ലെങ്കില്‍ ജീവിതത്തിനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശം അനുവദിക്കുന്ന ഭരണഘടനയുടെ 21ാം അനുച്ഛേദത്തില്‍ പിന്നെന്താണ് ബാക്കിയുള്ളതെന്ന് കേസില്‍ വാദം കേള്‍ക്കുന്ന ഘട്ടത്തില്‍ കോടതി ചോദിച്ചിരുന്നു. കോടതിയുടെ ഈ വിമര്‍ശത്തോടെയാണ് ബഞ്ച് മാറ്റണമെന്ന വാദം കേന്ദ്ര സര്‍ക്കാര്‍ ശക്തമാക്കിയത്.