വാദപ്രതിവാദത്തിന് മോദിയെ വെല്ലുവിളിച്ച് നിതീഷ്‌

Posted on: October 8, 2015 6:00 am | Last updated: October 8, 2015 at 12:58 am
SHARE

emb-blackപട്‌ന: ബീഹാര്‍ മുഖ്യമന്ത്രിയും ജെ ഡി യു നേതാവുമായ നിതീഷ് കുമാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാദപ്രതിവാദത്തിന് വെല്ലുവിളിച്ചു. വികസനത്തെ കുറിച്ച് നരേന്ദ്ര മോദിയുമായി ഏതു വിധത്തിലുള്ള വാദപ്രതിവാദത്തിനും താന്‍ തയ്യാറാണെന്നും മോദിക്ക് അതിന് ധൈര്യമുണ്ടെങ്കില്‍ വരാമെന്നും നിതീഷ് കുമാര്‍ പറഞ്ഞു. കേന്ദ്രീകൃതമായ ഒരു അജന്‍ഡയില്‍ നിന്നു കൊണ്ട് രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കാനാണ് നരേന്ദ്ര മോദി ശ്രമിക്കുന്നതെന്നെന്നും നിതീഷ് കുമാര്‍ കുറ്റപ്പെടുത്തി.
ബീഫെന്നത് ഒരു വിഷയമേ അല്ലാത്ത ബീഹാറില്‍ ബി ജെ പി എന്തിനാണ് അങ്ങനെയൊരു വിവാദത്തിന് ശ്രമിക്കുന്നത്. അയല്‍ സംസ്ഥാനത്ത് നടന്ന സംഭവം സംസ്ഥാനത്തേക്ക് കുത്തിയിറക്കുകയാണ് ബി ജെ പി ചെയ്യുന്നത്. ബീഫുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള ആശങ്കയും ഉടലെടുക്കില്ലെന്നും നിതീഷ് കുമാര്‍ വ്യക്തമാക്കി.
ഓരോ വോട്ടും വര്‍ഗീയതയിലൂടെ നേടിയെടുക്കാനാണ് മോഡി സര്‍ക്കാരിന്റെ ശ്രമം. പ്രാദേശികമായി പ്രശ്‌നങ്ങളുണ്ടാക്കി ലാഭം കൊയ്യാനുള്ള ബി ജെ പി തന്ത്രം ബീഹാറില്‍ ഫലം കാണില്ലെന്നും നിതീഷ്‌കുമാര്‍ പറഞ്ഞു.
ഭരണകൂടവും പൊലീസും ഈ നീക്കങ്ങളെ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്. ആര്‍ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ഒന്നിച്ചുള്ള ബി ജെ പി വിരുദ്ധമുന്നണി ശക്തമായാണ് മുന്നോട്ട് പോകുന്നതെന്നും നിതീഷ്‌കുമാര്‍ കൂട്ടിച്ചേര്‍ത്തു.