Connect with us

International

മനുഷ്യക്കടത്ത് പിടികൂടാന്‍ യൂറോപ്യന്‍ യൂനിയന്‍ നടപടി തുടങ്ങി

Published

|

Last Updated

ബ്രസല്‍സ്: യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് അഭയാര്‍ഥികളുമായെത്തുന്ന മനുഷ്യക്കടത്തുകാരെ പിടികൂടാന്‍ യൂറോപ്യന്‍ യൂനിയന്‍ നടപടി തുടങ്ങി. യൂറോപ്യന്‍ യൂനിയന്റെ ആറ് യുദ്ധക്കപ്പലുകള്‍ മെഡിറ്ററേനിയന്‍ സമുദ്രത്തില്‍ മനുഷ്യക്കടത്തുകാര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചു. ഇറ്റലി, ഫ്രാന്‍സ്, ബ്രിട്ടീഷ്, സ്പാനിഷ്, ജര്‍മന്‍ യുദ്ധക്കപ്പലുകളാണ് ദൗത്യവുമായി രംഗത്തിറങ്ങിയിരിക്കുന്നത്. ജര്‍മന്‍ യുദ്ധക്കപ്പലില്‍ നൂറിലധികം സുരക്ഷാ സൈനികരുണ്ടെന്നാണ് റിപ്പോര്‍ട്ട്. പരിശീലനം ലഭിച്ച നിരവധി പേര്‍ യുദ്ധക്കപ്പലിലുണ്ട്.
കഴിഞ്ഞ മാസം തന്നെ അന്താരാഷ്ട്ര സമുദ്രമേഖലയില്‍ തിരച്ചില്‍ നടത്താന്‍ യൂറോപ്യന്‍ യൂനിയന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ യുദ്ധക്കപ്പലുകള്‍ക്ക് ലിബിയന്‍ സമുദ്രമേഖലയില്‍ പ്രവേശിക്കാന്‍ അനുമതി ലഭിച്ചിരുന്നില്ല. ഇപ്പോള്‍ അനുമതി ലഭിച്ചതോടെയാണ് യൂറോപ്യന്‍ യൂനിയന്‍ ആറ് യുദ്ധക്കപ്പലുകള്‍ മെഡിറ്ററേനിയന്‍ സമുദ്രത്തില്‍ ഇറക്കിയത്.
മനുഷ്യക്കടത്തുകാരെ കണ്ടെത്തിയാല്‍ അവരെ പിന്തുടര്‍ന്ന് അറസ്റ്റ് ചെയ്യുമെന്നും കപ്പല്‍ കണ്ടുകെട്ടുമെന്നും യൂറോപ്യന്‍ യൂനിയന്‍ അറിയിച്ചു.
യുദ്ധക്കപ്പലുകളുടെ എണ്ണം ഇനിയും കൂട്ടാന്‍ ശ്രമം നടക്കുന്നുണ്ട്. ബെല്‍ജിയം, ബ്രിട്ടീഷ്, സ്ലോവേനിയന്‍ രാജ്യങ്ങളുടെ യുദ്ധക്കപ്പലുകള്‍ ഈ മാസം അവസാനത്തോടെ ദൗത്യത്തില്‍ ചേരുമെന്നാണ് നിഗമനം. ഇതോടെ നടപടി കൂടുതല്‍ ശക്തമാകും.
അനധികൃത ബോട്ടുകളില്‍ സിറിയ, ഇറാഖ്, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ലക്ഷക്കണക്കിന് അഭയാര്‍ഥികള്‍ യൂറോപ്പില്‍ കഴിഞ്ഞ മാസങ്ങളില്‍ എത്തിയിരുന്നു. അഭയാര്‍ഥികളുടെ പ്രവാഹം തുടരുകയും ഇത് യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളില്‍ പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്തതോടെയാണ് നടപടികളുമായി യൂറോപ്യന്‍ യൂനിയന്‍ രംഗത്തെത്തുന്നത്.

Latest