കേരള വര്‍മ കോളജ്: സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണം എസ് എസ് എഫ്‌

Posted on: October 8, 2015 12:29 am | Last updated: October 8, 2015 at 12:29 am
SHARE

ssf flagകോഴിക്കോട്: തൃശൂര്‍ കേരള വര്‍മ കോളജിലെ ബീഫ് ഫെസ്റ്റിവലുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ കേരള സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
കൊച്ചി ദേവസ്വം ബോര്‍ഡിനു കീഴിലുള്ള കോളജില്‍ ബീഫ് ഫെസ്റ്റിവല്‍ നടത്തിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെയും പിന്തുണച്ച അധ്യാപികക്കെതിരെയും നടപടിക്കുള്ള നീക്കം ജനാധിപത്യ വിരുദ്ധവും പൗരാവകാശങ്ങളുടെ നിഷേധവുമാണ്. പൗരന്മാരുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കുമേല്‍ ഫാസിസ്റ്റ് വാഴ്ച അടിച്ചേല്‍പ്പിക്കാനുള്ള ഹിന്ദുത്വശക്തികളുടെ താല്‍പര്യങ്ങള്‍ക്ക് യു ഡി എഫ് സര്‍ക്കാര്‍ നിയോഗിച്ച കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് വഴങ്ങിക്കൊടുക്കുന്നത് രാജ്യത്ത് ശക്തിയായിക്കൊണ്ടിരിക്കുന്ന മോദിപ്പേടിയുടെ തുടര്‍ച്ചയായി വേണം വിലയിരുത്താന്‍. ഇവ്വിഷയ്കമായി കേരള സര്‍ക്കാറിന്റെ മൗനം ഫാസിസ്റ്റ് സംഘടനകള്‍ക്ക് കരുത്ത് പകരുന്നതാണ്.
ആഗതമായിരിക്കുന്ന തദ്ദേശീയ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വര്‍ഗീയ ശക്തികളുമായി ഒത്തുതീര്‍പ്പുകള്‍ക്ക് ഭരണകൂടം തയ്യാറാകുന്നുവെന്നതിന്റെ സൂചനയായി ഇപ്പോഴത്തെ മൗനം വ്യാഖ്യാനിക്കപ്പെടും. മോദി വിമര്‍ശനത്തിന്റെ പേരില്‍ ചില കോളജ് മാഗസിനുകള്‍ നിരോധിച്ചതും അണിയറ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതുമായ സംഭവം മുമ്പ് കേരളത്തിലുണ്ടായിട്ടുണ്ട്.
ഭരണാധികാരികളെ വിമര്‍ശിക്കാനുള്ള ജനാധിപത്യപരമായ സ്വാതന്ത്ര്യം ഹനിക്കുന്ന തരത്തില്‍ ആഭ്യന്തര വകുപ്പ് സ്വീകരിച്ച അനുകൂല നിലപാടാണ് കേരള വര്‍മ കോളജിലെ ബീഫ് ഫെസ്റ്റിവലിനെതിരെ അതിക്രമത്തിനിറങ്ങാന്‍ എ ബി വി പിയെ പ്രേരിപ്പിച്ചത്. ഇത്തരം തെറ്റായ നടപടികള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മതേതര ജനാധിപത്യ ജാഗ്രത സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടാവണം.
കലാലയങ്ങളെ ആരാധനാ കേന്ദ്രങ്ങളാക്കി മാറ്റാനുള്ള തിടുക്കങ്ങള്‍ ക്യാമ്പസിന്റെ ജനാധിപത്യ സ്വഭാവം നഷ്ടപ്പെടുത്തുകയും വിദ്യാര്‍ഥികളെ അരാഷ്ട്രീയ വത്കരിക്കുകയും ചെയ്യുകയെന്ന ഗൂഢോദ്ദേശ്യത്തോടെയുള്ളതാണ്. ക്യാമ്പസുകളുടെ വര്‍ഗീയ ധ്രുവീകരണമാകും ഇതിന്റെ പരിണിതി.
പൊതുസ്ഥലങ്ങളെ സാമൂദായിക ഗല്ലികളാക്കി മാറ്റാനുള്ള ഫാസിസ്റ്റ് നീക്കങ്ങള്‍ക്കെതിരെ ജനാധിപത്യ സമൂഹം രംഗത്തിറങ്ങണമെന്നും എസ് എസ് എഫ് ആവശ്യപ്പെട്ടു.